“ദുഷ്ടനായ മരണമേ … നിനക്ക് എൻ്റെ സ്നേഹനിധിയായ അമ്മയെ വിട്ടു തരാൻ മനസില്ല ” : സമൂഹ മാധ്യമങ്ങളിൽ വൈറൽ കുറിപ്പ് പങ്കുവെച്ച് പതിമൂന്ന് വയസുകാരി

വാക്കുകൾക്കൊണ്ടും, വരികൾകൊണ്ടും ഒരായുസ് മുഴുവൻ എടുത്താലും പറഞ്ഞു തീർക്കാൻ കഴിയാത്ത വികാരമാണ് എല്ലാ മനുഷ്യർക്കും ‘അമ്മ’ എന്നത്. ഇപ്പോഴിതാ തൻ്റെ അമ്മയെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേവൻഷി എന്ന മകൾ. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ എന്ന സമൂഹ മാധ്യമ പ്ലാറ്റ് ഫോമിലൂടെയാണ് ദേവൻഷി, തൻ്റെ അമ്മയെ മരണത്തിന് കീഴടങ്ങാൻ അനുവദിക്കാതെ സ്നേഹം കൊണ്ട് പൊതിഞ്ഞു വെച്ച സന്ദർഭത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. ദേവൻഷിയ്ക്ക് കൂട്ടായ് ഈ ഉദ്യമത്തിൽ അവൾക്കൊപ്പം അവളുടെ അച്ഛനും ഉണ്ടായിരുന്നു.

ദേവൻഷി പങ്കുവെച്ച കുറിപ്പിൻ്റെ പൂർണ രൂപം …

ഇന്നും ആ ദിവസം എൻ്റെ മനസിനുള്ളിൽ മായാതെ നിൽക്കുന്നു , ദീപാവലി അവധിയ്ക്ക് വീട്ടിലേയ്ക്ക് വരുന്ന സന്തോഷത്തിലായിരുന്നു ഞാൻ. അമ്മയോടും, അച്ഛനോടും ഒപ്പം ആഘോഷിക്കാൻ ലഭിക്കുന്ന കുറേ നാൾ കൂടി ലഭിച്ച അവസരം. അമ്മയാണ് എന്നെ കൂട്ടാൻ എത്തിയത് . അമ്മയെ കണ്ടതും എന്തെന്നില്ലാത്ത സന്തോഷം എനിയ്ക്ക് തോന്നി. പോകുന്ന വഴിയിൽ ഞങ്ങൾ രണ്ടുപേരും ഒരു കഫെയിൽ കയറുകയും ചെയ്തു . ഓരോ പടികളും പതുക്കെ പതുക്കെ കയറുന്ന അമ്മയെ കണ്ട് ഞാൻ അമ്മയെ പിന്നിലാക്കി പടികൾ മുഴുവൻ ഓടി കയറി . പെട്ടന്നാണ് ഒരു ശബ്‌ദം കേട്ട് ഞാൻ തിരിഞ്ഞുനോക്കുന്നത് . നോക്കിയപ്പോൾ ആ കാഴ്ച കണ്ട് എൻ്റെ ശരീരം ഒന്നാകെ മരച്ചുപോകുന്ന അവസ്ഥയായിരുന്നു . അമ്മ പടിയിൽ നിന്നും വഴുതി വീണ് ചോരയൊലിക്കുന്നു. ചെവിയിലൂടെയും, മൂക്കിലൂടെയും ചോര ഒഴുകിയിറങ്ങുന്നു.

ഒരു നിമിഷം നിശ്ശബ്ദതയായി നിന്നു പോയ ഞാൻ ഓടി അമ്മയുടെ അടുത്തെത്തി വാരി പുണർന്നു . അമ്മയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ആരും സഹായിക്കാനെത്തിയില്ല. വെറും പതിമൂന്ന് വയസ് മാത്രം പ്രായമുള്ള എനിയ്ക്ക് എന്ത് ചെയ്യാൻ പറ്റും ? ഇതിനിടെ കുറച്ചു പേർ സഹായിക്കാൻ എന്ന വ്യാജേന എത്തുകയും അമ്മയെയും, എന്നെയും മോശമായി സ്പർശിക്കുകയും ചെയ്തു . എന്ത് ചെയ്യണമെന്നറിയാതെ പതറിപ്പോയ നിമിഷം . പെട്ടന്ന് എങ്ങനെയൊക്കെയോ അച്ഛനെ വിളിച്ച് കാര്യം ഞാൻ പറഞ്ഞു . ഇതിനിടയിൽ ദൈവദൂതനെപോലെ ഒരാൾ പാഞ്ഞെത്തി അമ്മയുടെ മുറിവുകൾ കെട്ടി ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു . അമ്മയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞതും ചങ്ക് പൊട്ടിപോകുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഡോക്ടർമാർ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്‌തെങ്കിലും അമ്മ കുറച്ചു ദിവസത്തിന് ശേഷം കോമ സ്റ്റേജിലേയ്ക്ക് പോയി.

 

 

 

 

 

സ്വയം കുറ്റബോധം തോന്നിപോയ ദിവസങ്ങളായിരുന്നു പിന്നീട് എനിയ്ക്ക്. അമ്മയുടെ കൈകളിൽ പിടിച്ചു നടന്നിരുന്നെങ്കിൽ അമ്മയ്ക്ക് ഈ ഒരു അപകടം സംഭവിക്കില്ലായിരുന്നു എന്ന് ഞാൻ സ്വയം ശപിച്ചു. അമ്മയെ തിരികെ ജീവതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. പല, പല തെറാപ്പികൾ , അങ്ങനെ അച്ഛനും ഞാനും കഴിയാവുന്ന രീതിയിൽ എല്ലാം ശ്രമിച്ചു. പതിയെ പതിയെ അമ്മ തിരിച്ചു വരവിനുള്ള സാധ്യത ഇല്ല എന്ന് 99 ശതമാനവും ഡോക്ടർമാരും വിധിയെഴുതി. ആകെ തകർന്നുപോയ നിമിഷങ്ങൾ. ഇനി അമ്മയെ ജീവനോടെ ഇങ്ങനെ കിടത്തിയിട്ട് കാര്യമില്ല അവരെ മരണത്തിലേയ്ക്ക് യാത്രയാകാൻ അനുവദിക്കണമെന്നും ഡോക്ടർമാർ പറഞ്ഞപ്പോൾ ഉള്ളിൽ ഒരു കത്തലാ യിരുന്നു.”അമ്മയെ മരിക്കൻ അനുവദിക്കണം, ഇങ്ങനെ കിടത്തിയിട്ട് യാതൊരു പ്രയോജനവുമില്ല , അമ്മയ്ക്ക് ഇനി ഭക്ഷണം കൊടുക്കണ്ട , മരിക്കൻ അനുവദിക്കണം എന്നുള്ള ഡോക്ടറുടെ വാക്കുകൾ എൻ്റെയും, അച്ഛൻ്റെയും കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ഡോക്ടർ പറഞ്ഞ ശേഷം കുറേ നേരത്തേ ആലോചനയ്ക്ക് ശേഷം അച്ഛൻ എന്നെയും കൂട്ടി പുറത്തേയ്ക്ക് വന്നു. ശേഷം എന്നോട് പറഞ്ഞു . നിൻ്റെ അമ്മയുടെ സ്ഥാനത്ത് ആ അപകടം സംഭവിച്ചത് എനിയ്ക്കോ നിനക്കോ ആയിരുന്നെങ്കിൽ നീൻ്റെ അമ്മ നമ്മളെ ഒരിക്കലും മരണത്തിനു വിട്ടുകൊടുക്കില്ല . നമ്മളെ മരിക്കാൻ അവൾ അനുവദിക്കില്ല . അതുകൊണ്ട് അമ്മയെ മരണത്തിന് വിട്ടുകൊടുക്കാതെ നമ്മൾ ഒരുമിച്ചു പോരാടാൻ പോവുകയാണ് എന്നാണ് അച്ഛൻ എന്നോട് പറഞ്ഞത് . കേട്ടപ്പോൾ എനിയ്ക്ക് ഈ ലോകത്തിൽ ലഭിച്ചത് ഏറ്റവും നല്ലൊരു മാതാപിതാക്കളെ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു . അമ്മയെ അച്ഛൻ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് ആഴത്തിൽ മനസിലാക്കിയ നിമിഷം . അച്ഛൻ്റെ തീരുമാനത്തോട് ഞാനും യോജിച്ചു. ഞങ്ങൾ അമ്മയെ ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് കൊണ്ടുവന്നു . നഴ്സുമാരെ വീട്ടിൽ നിർത്തി അമ്മയെ പരിപാലിച്ചു.

ഞാനും, അച്ഛനും സമയം ലഭിക്കുമ്പോഴെല്ലാം പഴയ ഓർമ്മകൾ അമ്മയുമായി പങ്കുവെക്കുകയും കൈകാലുകൾക്ക് വ്യായാമം ചെയ്യാനും ഒക്കെ സഹായിച്ചു . ചില ദിവസങ്ങളിൽ അമ്മയുടെ കണ്ണുകൾ നിറയുന്നതും , ചെറുതായി ചിരിക്കുന്നതും , തലയാട്ടുന്നതും കണ്ടതോടെ കാര്യങ്ങൾ അമ്മ അറിയുന്നുണ്ട് എന്ന് മനസിലായി.  ഇപ്പോൾ അമ്മയ്ക്ക് ചെറിയ മാറ്റങ്ങൾ ഒക്കെ കണ്ടുവരുന്നുണ്ട് , ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷ ലഭിക്കുകയാണ്. എങ്കിലും… ദുഷ്ടനായ മരണമേ നിനക്ക് എൻ്റെ സ്നേഹ നിധിയായ അമ്മയെ വിട്ടുതരില്ല. അമ്മയും മകളും മാത്രമല്ല, അച്ഛനും ഒരു കുടുംബവും തമ്മിലുള്ള ആഴത്തിലുള്ള സ്നേഹ ബന്ധത്തിൻ്റെ അർഥം ബോധ്യപ്പെടുത്തി തരികയായിരുന്നു ദേവൻഷിയെന്ന പെൺകുട്ടി. ദേവൻഷി പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. അമ്മയെ ഇത്രമാത്രം സ്നേഹിച്ച സ്നേഹ നിധിയായ മകൾക്കും, അച്ഛനും ഹൃദയത്തിൽ നിന്നും സല്യൂട്ട് എന്നാണ് പോസ്റ്റിന് താഴെ കമെന്റുകൾ നൽകിയിരിക്കുന്നത്.

x