ബിഗ്‌ബോസ് മലയാളം സീസൺ 3 വിജയിയായി മണിക്കുട്ടൻ? ; മണിക്കുട്ടൻ വിജയി ആയ വിവരം പങ്കുവെച്ചു ടിമ്പൽ ഭാൽ

മലയാളികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി ഒന്നാണ് ബിഗ് ബോസ്സ് സീസൺ ത്രീ. ആദ്യ രണ്ട് സീസണുകളുടെ ഗംഭീര വിജയത്തിനുശേഷം എത്തിയ മൂന്നാം സീസണും ഗംഭീരമായി മുന്നേറുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടതെല്ലാം ബിഗ് ബോസ് എല്ലാ സീസണിലും കരുതി വെക്കാറുണ്ട്. സീസൺ ത്രീയിലും അങ്ങനെ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ബിഗ് ബോസ് ത്രീയിലെ ആദ്യ എപ്പിസോഡിൽ തന്നെ മികച്ച പ്രകടനം ആയിരുന്നു മത്സരാർത്ഥികൾ ആയി എത്തിയവരെല്ലാം പുറത്തെടുത്തത്. അത് ബിഗ്‌ബോസ്സിന് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.

ബിഗ്‌ബോസിന്റെ മറ്റു സീസണുകളെ അപേക്ഷിച്ചു കടുത്ത മത്സരം ആയിരുന്നു മൂന്നാം സീസണിൽ പ്രേക്ഷകർ കണ്ടത്. മറ്റു സീസണുകൾ പകുതി ആയപ്പോൾ തന്നെ ആരാകും പുറത്താക്കുക എന്നും ആരായിരിക്കും വിജയി എന്നും ഒക്കെ പ്രേക്ഷകർക്ക് ഊഹിച്ചെടുക്കാൻ കഴിയുമായിരുന്നു. എന്നാൽ മൂന്നാം സീസണിൽ മിന്നും പ്രകടനമായിരുന്നു ഓരോ മത്സരാർത്ഥിയും പുറത്തെടുത്തത്. ആദ്യം ടിമ്പൽ ഭാൽ മുന്നേറുമെന്ന് തോന്നിയെങ്കിലും പിന്നീട് സൂര്യ കേറി വന്നു , പിന്നീടെത്തിയ ഫിറോസ് സജിന ദമ്പതികൾ അവരെയെല്ലാം പിന്നിലാക്കി മികച്ച പ്രകടനം പുറത്തെടുത്തു.

 

അത് കഴിഞ്ഞപ്പോൾ സായി വിഷ്ണുവും അനൂപും മണിക്കുട്ടനും അങ്ങനെ മറ്റുള്ളവരും മികച്ച പ്രകടനം പുറത്തെടുത്തു മുന്നേറി. അതോടെ ആരായിരിക്കും വിജയി എന്ന് ഒരു പിടിയും കിട്ടാത്ത അവസ്ഥയിലേക്ക് ബിഗ്‌ബോസ് പോകുമ്പോഴാണ് കോറോണയും ലോക്കഡൗണും ഒക്കെയായി ഷോ നിർത്തിവെക്കേണ്ടി വരുന്നത്. ഷോ നിർത്തി വെച്ചെങ്കിലും പ്രേക്ഷകരുടെ വോട്ടിങ്ങിലൂടെ വിജയിയെ തിരഞ്ഞെടുക്കും എന്ന് ബിഗ്‌ബോസ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആയിരുന്നു ബിഗ്‌ബോസ് ഷോയുടെ ഫൈനൽ ഷൂട്ടിങ് നടന്നത്. ഇതിനായി താരങ്ങൾ ചെന്നൈയിൽ എത്തിയ വാർത്തയും വന്നിരുന്നു.

വളരെ രഹസ്യമായി ആയിരുന്നു ബിഗ്‌ബോസ് ഷോയുടെ അവസാന എപ്പിസോഡുകൾ ഷൂട്ട് ചെയ്തത്. എന്നാൽ ഇപ്പോഴിതാ ബിഗ്‌ബോസ് വിജയി ആരെന്ന വാർത്ത ആണ് പുറത്തു വരുന്നത്. ബിഗ്‌ബോസ്സ് മലയാളം സീസൺ 3 വിജയിയായി മണിക്കുട്ടനെ തെരഞ്ഞെടുത്തതായി ആണ് പുറത്തു വരുന്ന വിവരം. ബിഗ്‌ബോസിലെ മറ്റൊരു മത്സരാർത്ഥിയായ ടിമ്പൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ബിഗ്‌ബോസ് വിജയി ആരെന്ന വിവരം പുറം ലോകം അറിയുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ടിമ്പൽ മണികുട്ടനുമൊത്തുള്ള വീഡിയോ പങ്കുവെച്ചത്.

ബിഗ്‌ബോസ് വിജയിയായ മണികുട്ടന് ആശംസാകൾ അറിയിച്ചുകൊണ്ടാണ് ടിമ്പൽ ഭാൽ മണികുട്ടനുമൊത്തുള്ള വീഡിയോ പങ്കുവെച്ചത്. മണികുട്ടന്റെ ആരാധകർക്ക് അതിൽ വലിയ അത്ഭുതവുമില്ല. ബിഗ്‌ബോസ് ഷോയുടെ തുടക്കം മുതലേ ശാന്തവും മാന്യമായ പെരുമാറ്റവും കൊണ്ട് മണിക്കുട്ടൻ വളരെയധികം ആരാധകരെ നേടിയിരുന്നു. ഒരുസമയത് മാനസിക ആഘാതം കാരണമെന്ന് ചൂണ്ടിക്കാട്ടി മണികുട്ടൻ ഷോയിൽ നിന്ന് പുറത്തു പോകാൻ തീരുമാനിച്ചിരുന്നെങ്കിലും, ആവശ്യമായ വൈദ്യസഹായം നൽകിയ ശേഷം അണിയറപ്രവർത്തകർ അദ്ദേഹത്തെ തിരികെ കൊണ്ട് വന്നിരുന്നു. ബിഗ്‌ബോസ് ട്രോഫിയുമായുള്ള മണികുട്ടന്റെ ഒരു ചിത്രവും പുറത്തു വന്നിട്ടുണ്ട്.

x