അവൾ ഉപയോഗിച്ച ബെഡ് , വീൽ ചെയർ , സാരികൾ ; ശരണ്യയുടെ ഓർമ്മകളെ തിരികെ വിളിച്ചു സീമ ജി നായർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു ശരണ്യ. ശരണ്യ നമ്മെ വിട്ട് പോയെങ്കിലും അവളുടെ ആ പുഞ്ചിരി തൂകിയ മുഖം പെട്ടെന്ന് ആർക്കും മറക്കാനാകില്ല. ശരണ്യയുമായി അത്രമാത്രം ഒരു ആത്മബന്ധം മലയാളി പ്രേക്ഷകർക്ക് ഉണ്ടായിട്ടുണ്ട്. അഭിനയ രംഗത്ത് മുൻനിരയിലേക്ക് കുതിച്ചു കയറിയപ്പോഴാണ് ക്യാൻസർ എന്ന മഹാവ്യാധി അവളെ തളർത്തിക്കളഞ്ഞത്. ക്യാൻസർ അവളുടെ ക്യരിയറിനെ മാത്രമല്ല അവളേയും അവളുടെ കുടുംബത്തെയും എല്ലാ തരത്തിലും തകർത്തിരുന്നു. എന്നാൽ ക്യാന്സറിനോട് അടിയറവ് പറഞ്ഞു പിന്തിരിഞ്ഞോടാൻ അവൾ തയ്യാറല്ലായിരുന്നു.

ക്യാന്സറിനോടുള്ള അവളുടെ പോരാട്ടത്തിന് ശക്തിയേകിയ വ്യക്തിയായിരുന്നു നടിയും സാമൂഹിക പ്രവർത്തകയുമായ സീമ ജി നായർ. ശരണ്യയെ സ്വന്തം മകളെ പോലെ കണ്ട് , അവൾക്കു വേണ്ട സഹായങ്ങൾ ഒക്കെ ചെയ്തു ഒരു ചേച്ചിയെ പോലെ അവസാന നിമിഷം വരെ സീമ കൂടെ നിന്നു. ശരണ്യയുടെ വിശേഷങ്ങൾ ഒക്കെ തന്നെ പ്രേക്ഷകർ അറിഞ്ഞത് സീമയിലൂടെ ആയിരുന്നു. ഏറ്റവും ഒടുവിൽ ശരണ്യ നമ്മെ വിട്ടു പോയ വിവരവും പ്രേക്ഷകർ അറിയുന്നത് സീമയിലൂടെ ആണ്.

ജീവിതത്തിനും മരണത്തിനും ഇടയിൽ പിടഞ്ഞു നീറിയ ശരണ്യയുടെ ഓർമകളെ ഒരിക്കൽ കൂടി തിരികെ വിളിക്കുകയാണ് സീമാ ജി നായർ ഇപ്പോൾ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സീമ ജി നായർ ഈ പുതിയ വിശേഷം പങ്കു വെക്കുന്നത്. ജീവിച്ചിരുന്നപ്പോൾ ശരണ്യ ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഒരു പാലിയേറ്റീവിലേക്ക് നൽകുന്നു എന്ന നല്ല വാർത്തയാണ് സീമ ഇപ്പോൾ പങ്കു വെച്ചത്. ശരണ്യ ഉപയോഗിച്ചിരുന്ന ബെഡ്, വീൽ ചെയർ, ബാക്കി വന്ന മരുന്നുകൾ, വ്യായാമത്തിനായി ഉപയോഗിച്ച സാധനങ്ങൾ തുടങ്ങിയവയാണ് ഇതൊന്നുമില്ലാത്ത ആവശ്യക്കാർക്ക് നൽകുന്നത്.

ശരണ്യ പോയി 41–ാം ദിവസത്തിലെ ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് ശരണ്യയുടെ അമ്മ ഇതെല്ലാം തന്നെ ഏൽപ്പിക്കുന്നതെന്ന് സീമ പറയുന്നു. ശരണ്യ ഉപയോഗിച്ച ടോപ്പുകളും ചുരിദാറുകളും തനിക്ക് ‘അമ്മ തന്നിരുന്നു എന്നും ഒന്ന് രണ്ടു എണ്ണം ഒഴികെ ബാക്കി എല്ലാം താൻ പല സ്ഥാപനങ്ങളിലേക്കായി കൊടുത്തു എന്നും സീമ പറയുന്നു. ചുരിദാർ മാത്രമല്ല ഒരുപാട് സാരികളും ശരണ്യക്ക് ഉണ്ടായിരുന്നു. കുറേ സാരികൾ പല സ്ഥാപനങ്ങളിലേക്ക് കൊടുത്തു. ഒന്ന് രണ്ട് സാരികൾ നിർബന്ധമായും ഞാൻ തന്നെ ഉടുക്കണമെന്ന് പറഞ്ഞു എന്നും സീമ പറയുന്നു.

സീമ ജി നായർ തന്റെ തന്റെ യൂട്യൂബ് ചാനലായ സ്നേഹസീമയിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഈ പുതിയ വിശേഷം പ്രേക്ഷകരെ അറിയിക്കുന്നത്. പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്. പലരും സഹായ വാഗ്ദാനങ്ങളും നൽകുന്നുണ്ട്. അഭിനയം ശരണ്യയുടെ ഏറ്റവും വലിയ പാഷൻ ആയിരുന്നു. അസുഖബാധിതയായതിനു ശേഷവും അഭിനയത്തിലേക്ക് തിരിച്ചു വരണമെന്ന് ശരണ്യയ്ക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. നിനച്ചിരിക്കാതെ ഒരു ദിവസം ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തലചുറ്റി വീഴുകയായിരുന്നു ശരണ്യ. പിന്നീടാണ് ക്യാൻസർ ആണെന്ന് കണ്ടെത്തുന്നത്.

x