കൃഷ്ണപിള്ളയുടെ ത്രേസ്യക്കുട്ടി ; സീരിയലുകളിലെ മിന്നും താരം, സിനിമകളിലും ശ്രദ്ധിക്കപ്പെട്ട നടി, മലയാളികളുടെ പ്രിയതാരം അനില ശ്രീകുമാറിന്റെ ജീവിതം ഇങ്ങനെ

മലയാള സീരിയൽ രംഗത്ത് ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് അനില ശ്രീകുമാർ. നല്ല കുറെ സിനിമകളുടേയും ഭാ​ഗമാകാൻ ഈ നടിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കാലമേറെ കഴിഞ്ഞിട്ടും അനില ശ്രീകുമാറിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ ഇഷ്ടമാണ്. ദൂരദർശനിലെ ജ്യാലയായ് എന്ന ഒറ്റ സീരിയിൽ മതി കൃഷ്ണപിള്ളയുടെ ത്രേസ്യക്കുട്ടിയെ മലയാളികൾ ഓർമ്മിക്കാൻ. പറഞ്ഞാൽ ഒട്ടുമിക്ക വിജയിച്ച സീരിയലുകളിലേയും ഭാ​ഗമാകാൻ അനിലയ്ക്ക് കഴിഞ്ഞു. അഭിനേത്രി എന്നതിലുപരി നർത്തകി ആയിരുന്നു അനില. കുട്ടിക്കാലം മുതല്‌ നൃത്തം അഭ്യസിച്ചിരുന്ന അനില കലാമണ്ഡലം ക്ഷേമാവതി ടീച്ചർ, കലാമണ്ഡലം സരസ്വതി ടീച്ചർ തുടങ്ങിയ അതുല്യ കലാകാരികളുടെ ശിഷ്യ ആയിരുന്നു.

ഹരിഹരൻ സംവിധാനം ചെയ്ത് 1992ൽ പുറത്തിറങ്ങിയ സർഗം ആണ് അനിലയുടെ ആദ്യ ചിത്രം. സർ​ഗ്​ഗത്തിൽ ഒരു പാട്ടുസീനിൽ മാത്രമായിരുന്നു അനിലയുടെ കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഹരിഹരന്റെ തന്നെ പരിണയം എന്ന സിനിമയിൽ കുറച്ചുകൂടി മെച്ചപ്പെട്ടൊരു കഥാപാത്രം ലഭിച്ചു. മുകേഷിന്റെ കല്യാൺജി ആനന്ദ്ജിയിലെ ഭാഗ്യലക്ഷ്മി എന്ന ബ്രാഹ്മണ പെൺകുട്ടി, ചകോരത്തിലെ ശാന്ത, ചന്തയിലെ ലൈല, ആലഞ്ചേരി തമ്പ്രാക്കളിലെ വിമല, സാഫല്യത്തിലെ പ്രമീള, തുടങ്ങി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരത്തെ തേടി വന്നു.സിനിമകൾ ഒരുപാട് അഭിനയിച്ചെങ്കിലും സീരിയലുകൾ ആയിരുന്നു അനിലയ്ക്ക് കൂടുതൽ ആരാധകരെ നല്കിയത്.ജനപ്രിയ നായകൻ ദിലീപും നവ്യാ നായരും പ്രധാന കഥാപാത്രങ്ങളായി എത്തിയ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലെ നാൻസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് താരം കൈയ്യടി നേടി. ദീപനാളങ്ങൾക്ക് ചുറ്റും എന്ന ദൂരദർശൻ പരമ്പരയിലൂടെയാണ് അനിലയുടെ മിനിസ്ക്രീൻ അരങ്ങേറ്റം. ആദ്യ പരമ്പരയിൽ ഇരട്ട വേഷത്തിൽ ആണ് അനില എത്തിയത്. തുടർന്ന് നിരവധി സീരിയലുകളിലൂടെ താരം ശ്രദ്ധേയമായി മാറി.

ദൂരദർശനിലെ എക്കാലത്തേയും മികച്ച സൂപ്പർഹിറ്റ് പരമ്പരയായ ജ്വാലയായിലെ ത്രേസ്യാമ്മ എന്ന കഥാപാത്രം അനിലയുടെ അഭിനയ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി. അതോടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി അനില ശ്രീകുമാർ മാറി.മിനിസ്‌ക്രീനിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരമടക്കം താരത്തെ തേടി എത്തുകയും ചെയ്തു. തുടർന്ന്, സ്ത്രീജന്മം, ഇളം തെന്നൽ പോലെ, മോഹകടൽ, അവകാശികൾ, സൂര്യപുത്രി, കടമറ്റത്ത് കത്തനാർ, സ്വന്തം സൂര്യപുത്രി, ശ്രീ കൃഷ്ണലീല, എന്റെ അൽഫോൻസാമ്മ, അമ്മത്തൊട്ടിൽ തുടങ്ങി നിരവധി പരമ്പരകളിൽ താരം അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.തിരുവനന്തപുരത്ത് നവരസ ഡാൻസ് അക്കാഡമി നടത്തി വരികയാണ് ഇപ്പോൾ താരം. കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് തന്നെയാണ് താരത്തിന്റെ താമസവും. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ശ്രീകുമാറിനെയാണ് അനില വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു

വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ചേച്ചിമാർ വലിയ സപ്പോർട്ട് ചെയ്തിരുന്നുവെന്ന് ശ്രീകുമാർ പറയുന്നു. എതിർപ്പ് അനിലയുടെ വീട്ടുകാർക്ക് ആയിരുന്നു. ലൊക്കേഷനിൽ ആയിരിക്കുമ്പോൾ തങ്ങളുടെ പ്രണയം അധികം ആരും അറിയാതെ കൊണ്ട് നടക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടെ അനില സംസാരിക്കാൻ വന്നാൽ ആരെങ്കിലും നിന്നെ കുറിച്ച് മോശം പറയുമെന്ന് പറഞ്ഞ് മാറ്റി വിടുമായിരുന്നു ശ്രീകുമാർ. അദ്ദേഹത്തിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യവും അതാണെന്നായിരുന്നു അനിലയുടെ മറുപടി. എനിക്ക് വലിയ കെയർ തരുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രണയത്തിലായതിന് ശേഷം അവളുടെ വീട്ടിൽ പോയി അച്ഛനോട് പറയുകയായിരുന്നു. അച്ഛന് എന്നെ ഇഷ്ടമായിരുന്നു. പക്ഷെ പ്രൊഡക്ഷൻ കൺട്രോളർ എന്ന ജോലിയായിരുന്നു പ്രശ്‌നം. അനിലയുടെ അച്ഛനും അമ്മയും ഗവൺമെന്റ് ജോലിക്കാരായിരുന്നു. അനിലയുടെ അച്ഛനും അമ്മയും തന്നെ മകനെ പോലെയാണ് സ്‌നേഹിക്കുന്നതെന്നും അവരുടെ എല്ലാകാര്യങ്ങൾക്കും താൻ ഓടിയെത്താറുണ്ടെന്നും ശ്രീകുമാർ പറയുന്നു.

x