3 പതിറ്റാണ്ടിന് ശേഷം ആ സഹപാഠികള്‍ ഒത്തുകൂടി, തങ്ങളുടെ കൂട്ടുകാരിയുടെ ദു:ഖം പറയാതെ അറിഞ്ഞു ; ജീവിതത്തില്‍ ഒറ്റയ്ക്കായ കൂട്ടുകാരിക്ക് സഹപാഠികള്‍ സമ്മാനിച്ചത് ജീവിതപങ്കാളിയെ

മൂന്ന് പതിറ്റാണ്ടിന് ശേഷം പഴയ സഹാപാഠികളുടെ സംഗമത്തിന് എത്തിയതായിരുന്നു പുഷ്പലത എന്ന 49കാരി. സംഗമത്തിനെത്തുമ്പോഴും പഴയ സഹപാഠികളെ കാണാം എന്ന സന്തോഷത്തിനൊപ്പം തന്നെ വലിയ ദു:ഖവും പേറിയായിരുന്നു അവള്‍ വന്നത്. തല ചായ്ക്കാന്‍ സ്വന്തമായി ഒരിടമില്ലല്ലോ എന്ന ദു:ഖം മനസ്സില്‍ തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പുഷ്പലതയുടെ വിഷമം പറയാതെ തന്നെ മനസ്സിലാക്കിയ കൂട്ടുകാര്‍ അവള്‍ക്ക് സമ്മാനിച്ചത് ജീവിതപങ്കാളിയെയാണ്.പട്ടിക്കാട് ഗവ. ഹൈസ്‌ക്കൂളിലെ 1987-88 പത്താം ക്ലാസ് ബാച്ചിന്റെ ”സ്‌നേഹക്കൂട്” എന്ന സംഗമത്തിലൂടെയാണ് 30 വര്‍ഷം മുമ്പ് ഒരുമിച്ച് പഠിച്ച സഹപാഠിക്ക് പുതുജീവിതം ലഭ്യമായത്.

 

 

ചെറിയ പ്രായത്തിലേ വിവാഹിതയായ ആളാണ് പുഷ്പലത. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ അവള്‍ ഒറ്റയ്ക്കാവുകയായിരുന്നു. വരുമാനമില്ലാതായതോടെ വാടക വീട് ഒഴിയേണ്ടി വന്നത് അവള്‍ക്ക് മേല്‍ ഇരട്ടി പ്രഹരമായി.പിന്നീട് വിവാഹം കഴിച്ചയച്ച പെണ്‍മക്കളുടെ വീടുകളിലായിരുന്നു താമസം. അപ്പോഴും സ്വന്തം വീട് എന്ന സ്വപ്‌നം പുഷ്പലതയില്‍ നിലകൊണ്ടു. അപ്പോഴാണ് ഖത്തറില്‍ ജോലി ചെയ്യുന്ന ടി കെ ഷാജിയുടെ നേതൃത്വത്തില്‍ പഴയ പത്താം ക്ലാസുകാരുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. സ്വകാര്യ കോളേജ് നടത്തുന്ന പി കെ അനില്‍ കുമാറിന്റെ വീട്ടിലായിരുന്നു ഒത്തുചേരല്‍ സംഘടിപ്പിച്ചത്. അവിടെ വെച്ചാണ് സഹപാഠികള്‍ തങ്ങളുടെ പഴയ കൂട്ടുകാരിയുടെ ഇന്നത്തെ ദുസ്സഹ ജീവിതം അറിയാനിടയായത്. ഇത് എല്ലാവരിലും വേദന പടര്‍ത്തി. പുഷ്പലതയ്‌ക്കൊരു വീട് നിര്‍മ്മിച്ച് നല്‍കണം എന്നതായിരുന്നു ആദ്യം എല്ലാവരും ആലോചിച്ചത്.എന്നാല്‍ വീട് നിര്‍മ്മിച്ചാലും പുഷ്പലതയ്ക്ക് കൂട്ടിന് ആരും ഇല്ലല്ലോ എന്ന ചിന്ത ഉടലെടുത്തതോടെയാണ് പുനര്‍ വിവാഹം എന്ന ചിന്ത കടന്ന് വന്നത്.

 

തങ്ങളുടെ പ്രിയ കൂട്ടുകാരിക്ക് യോജിച്ച ജീവിത പങ്കാളിയെത്തേടി കൂട്ടുകാര്‍ നടന്നു. ഒന്നര മാസങ്ങള്‍ക്ക് ശേഷം അവര്‍ അയാളെ കണ്ടെത്തി. അനില്‍ കുമാറിന്റെ വീടിനോട് ചേര്‍ന്ന് താമസിക്കുന്ന പട്ടിക്കാട് സ്വദേശി മുരളിയായിരുന്നു അത്. 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഭാര്യ മരിച്ചിരുന്നു. മുരളിയ്ക്കും മുരളിയുടെ മക്കള്‍ക്കും പുഷ്പലതയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ബന്ധത്തിന് സമ്മതമായിരുന്നു. പിന്നീട് പെണ്ണുകാണലും വിവാഹം ഉറപ്പിക്കലും നടന്നത് കൂട്ടായ്മയിലെ അംഗമായ ജോളി ജോയിയുടെ നടത്തറയിലെ വീട്ടില്‍ വെച്ചായിരുന്നു.

 

ചെമ്പൂത്ര അമ്പലത്തില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം നടന്നത്. കൂട്ടുകാര്‍ തന്നെ പുഷ്പലതയെ മനോഹരമായി ഒരുക്കി. വധുവിനുള്ള വസ്ത്രവും ആഭരണങ്ങളും കൂട്ടുകാര്‍ തന്നെ വാങ്ങി നല്‍കി. വിവാഹ തലേന്ന് നടത്തറയില്‍ വിരുന്നൊരുക്കി. പുഷ്പലതയുടെ രക്ഷിതാക്കളുടെ സ്ഥാനത്തും നിന്നത് ആ സഹപാഠികള്‍ തന്നെ. മുതിര്‍ന്ന സ്ഥാനത്ത് നിന്ന് വധുവിനെ കൈപിടിച്ച് കൊടുത്തത് ബെന്നി കണ്ണാറ എന്ന സഹപാഠി ആയിരുന്നു. വരന്റെ വീട്ടില്‍ വധുവിനെ എത്തിച്ച് സഹപാഠികള്‍ നിറഞ്ഞ മനസ്സോട് പിരിഞ്ഞു. ആ സമയം പഴയ ആ കൂട്ടുകാര്‍ക്ക് തങ്ങള്‍ പത്താം ക്ലാസ് കഴിഞ്ഞ് നിറഞ്ഞ മിഴികളോടെ പടികളിറങ്ങിയപ്പോഴുണ്ടായ അതേ നൊമ്പരം തന്നെയായിരുന്നു.

x