മീനയെ പൊന്നു പോലെ നോക്കിയ മനുഷ്യൻ; പ്രിയപ്പെട്ടവൻ്റെ ജീവൻ നിലനിർത്താൻ അവസാന നാളുകളിൽ നടി മീന നടത്തിയത് വലിയ പോരാട്ടം

ബാലതാരമായി സിനിമയിൽ എത്തിയതിന് പിന്നാലെ നായികയായും, സഹനടിയായും തെന്നിന്ത്യയിലൊന്നാകെ തിളങ്ങിയ നടിയാണ് മീന. താരം മലയാളി അല്ലെങ്കിൽ കൂടെ നിരവധി മലയാള സിനിമയിൽ അഭിനയിച്ച് ശ്രദ്ധ നേടുകയും മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറുകയും ചെയ്ത അഭിനേത്രിയാണ്. അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന സമയത്തും, ഇടവേള എടുത്ത സന്ദർഭങ്ങളിലെല്ലാം മലയാളത്തിൽ നിന്ന് അവസരങ്ങൾ മീനയെ തേടിയെത്തുമ്പോൾ മറുത്ത് പറയാതെ താരം അഭിനയിക്കാനായി വരാറുണ്ട്.

സമാധാനപരവും സന്തോഷകരവുമായ ജീവിതത്തിൽ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ദിവസം മീനയ്ക്ക് വലിയ ദുരന്തം നേരിടേണ്ടി വന്നത്. പതിമൂന്നാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഭർത്താവ് വിദ്യാസാഗർ അവരുടെ ജീവിതത്തിൽ നിന്നും വിടവാങ്ങുന്നത്. ആരോഗ്യപരമായി നിരവധി ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടിയിരുന്നെങ്കിലും വളരെ വേഗത്തിലുള്ള മരണം അപ്രതീക്ഷിതമായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെടുന്നത്. ശ്വാസ കോശത്തിലെ അണുബാധയായിരുന്നു മരണത്തിനുള്ള പ്രധാന കാരണം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന് രോഗം മൂർച്ഛിക്കുവാനുള്ള പ്രധാന കാരണം ഇടക്കാലത്ത് വന്ന കോവിഡായിരുന്നു. മീനയുടെ കുടുംബത്തിൽ ഒന്നാകെ കോവിഡ് വന്നെങ്കിലും വിദ്യാസാഗറിനെ അൽപ്പം കാര്യമായി തന്നെ രോഗം ബാധിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ സ്ഥിതി വഷളായ സാഹചര്യത്തിൽ ശ്വാസകോശം മാറ്റി വെക്കാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകിയ സാഹചര്യത്തിൽ ചികിത്സ ഏറെ നീണ്ടു പോവുകയും വെന്റിലേറ്ററിൻ്റെ സഹായത്തോട് കൂടെ അദ്ദേഹത്തിൻ്റെ ജീവൻ നില നിർത്തുകയുമായിരുന്നു. ചൊവ്വാഴ്ച ആരോഗ്യസ്ഥിതി വഷളായി വിദ്യാസാഗർ മരണത്തിന് കീഴ്പ്പെടുകയായിരുന്നു.

ഇപ്പോഴിതാ വിദ്യാസാഗറിൻ്റെ മരണത്തിന് പിന്നാലെ മീനയുടെ കുടുംബവുമായി വളരെ അടുപ്പമുള്ള കലാ മാസ്റ്റർ ചില വെളിപ്പെടുത്തലുകൾ നടത്തി രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കലും ദേഷ്യപ്പെടാത്ത വ്യക്തിയായിരുന്നു വിദ്യാസാഗറെന്നും, മീനയെ വളരെ സ്നേഹത്തോടെ തങ്കത്തട്ടിൽ വെച്ചാണ് അദ്ദേഹം നോക്കിയതെന്നും അത്ര നല്ല വ്യക്തിയാണെന്നും മീനയുടെ വിജയത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും കലാ മാസ്റ്റർ പറയുന്നു. എന്ത് അസുഖം വന്ന് കഴിഞ്ഞാലും അധികനാൾ അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ലെന്നും ഇത്തരത്തിലൊരു വാർത്ത ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹത്തിന് കോവിഡ് ഇല്ലായിരുന്നെന്നും, താൻ ആശുപത്രിയിൽ പോയി വിദ്യാ സാഗറിനെ കണ്ടിട്ടുണ്ടെന്നും തന്നോട് പിറന്നാൾ ആശസകൾ അദ്ദേഹം പറഞ്ഞിരുന്നതായും കലാമാസ്റ്റർ ഓർമിച്ചെടുക്കുന്നു. ശ്വാസകോശം മാറ്റി വെച്ച് കഴിഞ്ഞാൽ രക്ഷപ്പെടുമെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നതായും, താൻ തിരിച്ചു വരുമെന്ന് വിദ്യാസാഗർ പറഞ്ഞതായും കലാമാസ്റ്റർ സൂചിപ്പിച്ചു.

അനുയോജ്യമായ ദാതാവിനെ കിട്ടുന്നതിന് വേണ്ടി മീന പരമാവധി ശ്രമിച്ചെന്നും അവയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്ത് ഒന്നാകെയുള്ള സംഘടനയുമായി തിരക്കിയെന്നും എന്നാൽ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ ഫലം വിപരീതമായിരുന്നെന്നും കലാ മാസ്റ്റർ പറഞ്ഞു. ഭർത്താവിൻ്റെ ജീവൻ രക്ഷിക്കുന്നതിനായി മീന വലിയ പോരാട്ടമാണ് നടത്തിയതെന്നും ആ ദിവസങ്ങളിലെല്ലാം വലിയ സമ്മർദ്ദം അവർ അനുഭവിച്ചിരുന്നതായും ഇവയെല്ലാം അടുത്ത് നിന്ന് നോക്കിക്കണ്ട വ്യക്തിയാണ് താനെന്നും കലാമാസ്റ്റർ കൂട്ടിച്ചേർത്തു.

x