‘മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം’: ഡോഗ്സ് ഓൺ കൺട്രിയെന്ന് സംവിധായകൻ രാമസിംഹൻ

കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയപ്പോൾ ഓൾ കേരള മെൻസ് അസോസിയേഷൻ മാലയിട്ട് സ്വീകരണം നൽകിയിരുന്നു. തനിക്കു നേരെ ഇയാളുടെ മോശം പെരുമാറ്റമുണ്ടായ യുവതി സംഭവസ്ഥലത്തു വച്ച് തന്നെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. നടിയും മോഡലുമായ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. ശേഷം ഇയാൾ പോലീസ് പിടിയിലായി. യുവതിയുടേത് കള്ള പരാതിയെന്നാണ് പുരുഷ സംഘടനകളുടെ വാദം.

സംഭവത്തിൽ ചലച്ചിത്ര സംവിധായകനായ രാമസിംഹൻ (അലി അക്ബർ) തന്റെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലാണ് രണ്ടു വരിയിൽ അദ്ദേഹം അമർഷം രേഖപ്പെടുത്തിയത്. ‘മാലയിട്ട് സ്വീകരിച്ചാൽ മാത്രം പോരാ, പ്രദർശന വസ്തുവിൽ പനിനീർ തളിച്ച് തൊഴുകയും വേണം. ഡോഗ്സ് ഓൺ കൺട്രി’ എന്ന് രാമസിംഹൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

രാമസിംഹന്റെ വാക്കുകൾക്ക് പിന്തുണയുമായി കുറച്ചുപേർ കമന്റ് സെക്ഷനിലുമെത്തി. ‘പോരാ വീട്ടിൽ കൊണ്ട് പോയി താമസിപ്പിച്ചു അവനു വേണ്ട സൗകര്യം ഉണ്ടാക്കികൊടുക്കണം’, ‘ഇനി എന്നും അത് പുറത്ത് പ്രദർശിപ്പിക്കാൻ സർക്കാർ എല്ലാ സഹായ സഹകരണങ്ങളും നൽകാനുള്ള വ്യവസ്ഥയും ഉണ്ടാക്കണം. അധഃപതിച്ച പ്രബുദ്ധരും അവരുടെ കേരളവും’, ‘ബസിൽ കൈയും തലയും പുറത്തിടരുത്… എന്ന ബോർഡിനൊപ്പം…!! വെറൊരു ബോർഡു കൂടി വെക്കണ്ടി വരും…’, ‘ഈ നാടിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്??? ശരിയും തെറ്റും മനസ്സിലാക്കാനുള്ള കഴിവും നഷ്ടപ്പെട്ടോ???’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

‘സവാദിനെ കാണാൻ ഞാൻ ജയിലിൽ പോയിരുന്നു. അയാൾ നിരാശനാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാൽ ആള് എന്തും ചെയ്യാം എന്ന സ്ഥിതിയാണ്. സവാദിന്റെ അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ് നാട്ടിൽ’ എന്നായിരുന്നു മെൻസ് അസോസിയേഷൻ പ്രതിനിധി ഫേസ്ബുക്ക് പേജിൽ നടത്തിയ വാദത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

x