എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ വിവാഹിതയായി; മനോഹരമായ വിവാഹ ചിത്രങ്ങള്‍ വൈറല്‍

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ബദീജ വിവാഹിതയായി. റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദ് ആണ് വരന്‍. സൗണ്ട് എന്‍ജിനീയറും ബിസിനസ്സുകാരനുമാണ് അദ്ദഹം. തന്റെ വിവാഹം കഴിഞ്ഞ വിവരം ഖദീജ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.

‘ജീവിതത്തിൽ ഏറ്റവുമധികം കാത്തിരുന്ന ദിവസം’ എന്ന് കുറിച്ചു കൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയ്‌ക്കും ആശംസയ്‌ക്കും നന്ദി പറഞ്ഞ് കൊണ്ട് വധൂവരന്മാർക്കൊപ്പമുള്ള കുടുംബചിത്രം റഹ്മാനും പങ്കുവച്ചിട്ടുണ്ട്.അടുത്തിടെ അന്തരിച്ച റഹ്മാന്റെ മാതാവ് കരീമ ബീഗത്തിന്റെ ചിത്രം വിവാഹവേദിക്കു സമീപം സ്ഥാപിച്ചിരുന്നു.

ഖദീജയുടേയും റിയാസുദ്ദീന്‍ ശൈഖ് മുഹമ്മദിന്റേയും വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ശ്രേയ ഘോഷാല്‍, സിദ് ശ്രീറാം, നീതി മോഹന്‍ തുടങ്ങിയ പ്രമുഖരും ആശംസ അറിയിച്ചു.ഗായിക എന്ന നിലയില്‍ ഖദീജയ്ക്ക് നിരവധി ആരാധകരാണുള്ളത്.വിവാഹ ചിത്രങ്ങള്‍ നിരവധി പേര്‍ ഇതിനോടകം ഷെയര്‍ ചെയ്തിട്ടുണ്ട്. നിരവധി കമന്റുകളും ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

യെന്തിരൻ എന്ന രജനീകാന്ത് ചിത്രത്തിൽ റഹ്മാന്റെ സംഗീതത്തിൽ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ഗാനരംഗത്ത് തുടക്കം കുറിച്ചത്.2020ല്‍ പുറത്തിറക്കിയ ‘ഫരിശ്‌തോ’ എന്ന ഗാനത്തിന് രാജ്യാന്ത പുരസ്‌കാരം ലഭിച്ചിരുന്നു. എ ആര്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ച ആല്‍ബമായിരുന്നു ഇത്.പലനാടുകളിലൂടെ തീർഥാടനം തുടരുന്ന ഒരു പെൺകുട്ടിയുടെ ശാന്തിക്കായുള്ള പ്രാർഥനയാണ് ‘ഫരിശ്തോ’.ഖദീജ, റഹീമ, അമീൻ എന്നിങ്ങനെ മൂന്ന് മക്കളാണ് എ.ആർ റഹ്മാൻ-സൈറാ ബാനു ദമ്പതികൾക്ക്.

Articles You May Like

x