വിവാഹം കഴിഞ്ഞതു മുതല്‍ സൗന്ദര്യം പോരെന്ന് പറഞ്ഞ് പീഡനം; യുവതി തൂങ്ങി മരിച്ച നിലയിൽ, ഭര്‍ത്താവ് അറസ്റ്റിൽ

അരൂരിൽ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍ (33) ആണ് മരിച്ചത്. ഭര്‍ത്താവിന്റെ വീടായ അരൂര്‍ നാലാം വാര്‍ഡ് കാക്കപ്പറമ്പില്‍ വീട്ടിലായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

2011-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞതു മുതല്‍ സൗന്ദര്യം പോരാ എന്നുപറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് പരാതിയിലുണ്ട്. തുടര്‍ന്ന് പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ വഴക്കുകള്‍ പറഞ്ഞുതീര്‍ത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അരൂര്‍ സി.ഐ. പി.എസ്. സുബ്രഹ്മണ്യന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം നല്‍കാതെയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാമഗ്രികള്‍ വാങ്ങി നല്‍കാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് ഇവര്‍ തൂങ്ങിമരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. പ്രതിയെ ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മക്കള്‍. അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ.

Articles You May Like

x