അഞ്ജുവിൻ്റെ അവസാന ശ്രമം ഫലം കണ്ടു, 15 വർഷത്തിന് ശേഷം ചന്ദ്രനെ കണ്ടെത്തി പ്രവാസികൾ ; കയ്യടിച്ചു സോഷ്യൽ ലോകം

“ഞാൻ അഞ്ജു. എൻ്റെ അച്ഛൻ ബഹറൈനിൽ പോയിട്ട് 15 വർഷമായി. എനിയ്ക്ക് ആറ് വയസുള്ളപ്പോൾ പോയതാ. ഇപ്പോൾ 22 വയസായി. ഞാനും, വീട്ടുകാരും കുറേ വഴി നോക്കി അദ്ദേഹത്തെ കണ്ടുപിടിക്കാൻ. പക്ഷേ ഒന്നും നടന്നില്ല. ഇത് എൻ്റെ ലാസ്റ്റ് പ്രതീക്ഷയാണ്. ഈ പോസ്റ്റ് കാണുന്നവർ എന്നെ സഹായിക്കണം.” ഒടുവിൽ അഞ്ജുവിൻ്റെയും, കുടുംബത്തിൻ്റെയും കണ്ണീരിന് ഫലം കണ്ടു. 15 വർഷത്തോളമായി വീട്ടുകാരുമായി ഒരു തരത്തിലും ബന്ധമില്ലാതിരുന്ന തിരുവന്തപുരം സ്വദേശി ചന്ദ്രനെ ബഹറൈനിൽ നിന്നും കണ്ടെത്തി. തൻ്റെ പിതാവിനെ തിരിച്ചു കിട്ടുന്നതിനായി മകൾ അഞ്ജു നടത്തിയ പോരാട്ടം സോഷ്യൽ മീഡിയയിലൂടെ ഇവിടുത്തെ പ്രവാസി മലയാളികൾ ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു.

തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താൻ സാധിച്ചത്. അംവാജിൽ നിർമാണത്തൊഴിലാളിയായിരുന്ന ചന്ദ്രൻ മുഹറഖിൽ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഏറെ നാളുകൾക്ക് ശേഷം വീട്ടുകാരോട് ഫോണിൽ സംസാരിച്ച ചന്ദ്രൻ വീട്ടിലേയ്ക്ക് തിരിച്ചു പോകാൻ താൻ തയ്യാറാണെന്നും  പറഞ്ഞു. പിതാവിനെ കണ്ടെത്തിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും, എല്ലാവരോടും നന്ദി അറിയിക്കുന്നതായും മകൾ അഞ്ജുവും അറിയിച്ചു.

2009 ഓഗസ്റ്റ് – 18 നാണ് ചന്ദ്രൻ ബഹൈറനിലേയ്ക്ക് എത്തുന്നത്. 2011 – ൽ ചന്ദ്രൻ്റെ വിസ കാലാവധി അവസാനിക്കുകയായിരുന്നു. ചെറിയ ജോലികൾ ചെയ്ത ജീവിക്കുകയായിരുന്ന ഇദ്ദേഹം പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചു പോയിരുന്നില്ല. ഏറെ നാളത്തെ വിഷമം ഉള്ളിലൊതുക്കി ജീവിക്കുന്നതിന് ഇടയിലാണ് അവസാന ശ്രമമെന്നോണം കഴിഞ്ഞ ദിവസം മകൾ അഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്. അഞ്ജുവിന് ആറ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ചന്ദ്രൻ ബഹറൈനിലേയ്ക്ക് എത്തുന്നത്. ദീർഘനാളായി ചന്ദ്രനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിൽ അദ്ദേഹത്തെ കണ്ടെത്തുന്നതിനായി വീട്ടുകാർ അനവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.

വീട്ടിൽ അമ്മയ്‌ക്ക് ജോലിയൊന്നും ഇല്ലാത്ത സാഹചര്യമാണെന്നും കോളേജിൽ തനിയ്ക്ക് ഫീസ് അടക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും, അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണമെന്ന അഞ്ജുവിൻ്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. പിന്നീട് പ്രവാസി മലയാളികൾ ഒന്നാകെ അഞ്ജുവിൻ്റെ അഭ്യർത്ഥന ഏറ്റെടുക്കുകയും, ചന്ദ്രനെ കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണം ആരംഭിക്കുകയും ചെയ്തു.

മലയാളി പ്രവാസികളുടെയും, സാമൂഹിക പ്രവർത്തകരുടെയും ആത്മാർത്ഥമായ പരിശ്രമം ഒടുവിൽ ഫലം കാണുകയായിരുന്നു. നാട്ടിൽ ഏറെ ബുദ്ധിമുട്ടിയാണ് അഞ്ജുവും കുടുംബവും കഴിയുന്നത്. ഒരു കുഞ്ഞു വീട് മാത്രമാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്. അഞ്ജുവിൻ്റെ മുന്നോട്ടുള്ള പഠനം കുടുംബത്തിന് ഒരു വലിയ വെല്ലുവിളിയാണ്. ചന്ദ്രനെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ഇന്ത്യൻ എംബസിയിൽ അറിയിച്ചിട്ടുണ്ടെന്നും, രേഖകളെല്ലാം ശരിയാക്കി ഇദ്ദേഹത്തെ നാട്ടിലേയ്ക്ക് അയക്കാനുള്ള ശ്രമത്തിലാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അധികം വൈകാതെ തന്നെ അദ്ദേഹത്തിന് നാട്ടിലെത്തി കുടുംബത്തെ കാണാൻ സാധിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ സുധീർ തിരുനിലം പറഞ്ഞു.

x