എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛൻ പോയി ; ഹൃദയം പിളർക്കുന്ന വേദനയിലും ഞാൻ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതിൽ

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ആശാ ശരത്. സിനിമാ സീരിയൽ നടി എന്നതിലുപരി അറിയപ്പെടുന്ന ഒരു നർത്തകിയും ബിസിനസ്സ് വനിതയുമാണ് ആശാ ശരത്. പെരുമ്പാവൂർ സ്വദേശിയായ ആശ ശരത് നർത്തകിയായാണ് വേദിയിലെത്തുന്നത്. മികച്ച നർത്തകിയായി വരാണസിയിൽ വച്ച് ഇന്ത്യാതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലെത്തുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയുമായിരുന്നു. മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിലെ അവരുടെ ഐ.ജി. കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പെരുമ്പാവൂർ വി.എസ്. കൃഷ്ണൻ കുട്ടി നായരുടേയും പ്രസിദ്ധ നർത്തകി കലാമണ്ഡലം സുമതിയുടേയും മകളാണ് ആശാ ശരത്. ഇപ്പോഴിതാ തന്റെ പിതാവിന്റെ വിയോഗ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയാണ് താരം. അച്ഛന്റെ വിയോഗ വാർത്ത അറിയിക്കുന്നതിനൊപ്പം ഒരു ഹൃദ്യമായ കുറിപ്പും താരം പങ്കു വെക്കുന്നുണ്ട്. ഇങ്ങനെ ഒരു അച്ഛന്റെ മകളായി ജനിക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവതി ആണെന്നും. അടുത്ത ജന്മത്തിലും ഈ അച്ഛന്റെ മകളായി ജനിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കുറിപ്പിൽ ആശാ പറയുന്നു. ആശാ ശരത് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ …

അച്ഛൻ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛൻ. ജീവിക്കാൻ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛൻ നിറഞ്ഞു നിൽക്കുന്ന പഞ്ചഭൂതങ്ങൾ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. നരകാഗ്‌നിക്ക് തുല്യം മനസ്സ് വെന്തുരുകിയപ്പോൾ, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോൾ അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുൻപോട്ടു നയിക്കാനായിരുന്നു അച്ഛൻ ജീവിക്കാൻ കൊതിച്ചത്. ഞാൻ കണ്ട ഏറ്റവും സാർത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടർന്നു പന്തലിച്ച്‌ , അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച് , ഒരു തിന്മക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയർത്തിപ്പിടിച്ചു സ്വന്തം കർമ്മധർമ്മങ്ങൾ നൂറു ശതമാനവും ചെയ്തു തീർത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു.

ഹൃദയം പിളർക്കുന്ന വേദനയിലും ഞാൻ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതിൽ. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം . അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കു ആ ദേവപാദങ്ങളിൽ. ബാക്കിയായ രംഗങ്ങൾ ആടിത്തീർത്തു, കടമകൾ ചെയ്തു തീർത്തു, ദൈവഹിതമനുസരിച്ചു സമയമാകുമ്പോൾ ഞാനുമെത്താം. അതുവരെ അച്ഛൻ പകർന്നു തന്ന വെളിച്ചത്തിൽ ഞാൻ മുന്നോട്ടു പോട്ടെ. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാൻ നന്ദി പറയട്ടെ. നൂറായിരം ഉമ്മകൾ.

x