96ാം വയസില്‍ അക്ഷരലക്ഷം പരീക്ഷയില ഒന്നാം റാങ്ക്; പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ 102ാം വയസ്സില്‍ വിടവാങ്ങി

ആലപ്പുഴ: തൊണ്ണൂറ്റിയാറാം വയസ്സില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി ചരിത്രം സൃഷ്ടിച്ച പ്രായം കൂടിയ സാക്ഷരത പഠിതാവായ കാര്‍ത്ത്യായനിയമ്മ (102) അന്തരിച്ചു. ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരുവര്‍ഷമായി പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്‌കാരജേതാവാണ്. സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു.

2019ല്‍ കോമണ്‍വെല്‍ത്ത് ഓഫ് ലേണിങ് ഗുഡ്‌വില്‍ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടു. വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണം സ്‌കൂള്‍പഠനം സാധ്യമായിരുന്നില്ല. ചെറുമക്കള്‍ പഠിക്കുന്നതു കണ്ടാണ് സാക്ഷരതാക്ലാസില്‍ ചേരുന്നത്. 2017ലെ അക്ഷരലക്ഷം പരീക്ഷ വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍.പി.സ്‌കൂളിലാണ് എഴുതിയത്. ഇതിന്റെ ചിത്രം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഈ പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ വിവരം സാക്ഷരതാമിഷന്‍ പ്രഖ്യാപിക്കുന്നത്. 2017ലെ അക്ഷര ലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്കോടെ പാസാകുമ്പോള്‍ കാര്‍ത്ത്യായനിയമ്മയുടെ പ്രായം 96 വയസ്സ്.

ചേപ്പാട് മുട്ടം സ്വദേശിയായ കാര്‍ത്ത്യായനിയമ്മ 96ാം വയസ്സില്‍ അക്ഷരം പഠിച്ചുതുടങ്ങുന്നത്. ആദ്യ പരീക്ഷയില്‍ത്തന്നെ നാല്പതിനായിരത്തോളംപേരെ പിന്തള്ളി 98 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടി. അക്ഷരം പഠിച്ചതിനു പിന്നാലെ കംപ്യൂട്ടര്‍ പഠിക്കാനും കൊതിയുണ്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞതിനു പിന്നാലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെട്ട് ലാപ്‌ടോപ് സമ്മാനിച്ചിരുന്നു

x