അമ്മായിയമ്മ രാവിലെ തൊട്ട് ചീത്തവിളി, ഇറങ്ങിപ്പോകാൻ പറയും, എല്ലാം കണ്ട് ചിരിക്കുന്ന ഭര്‍ത്താവ് ; ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സുവ്യയുടെ ശബ്ദസന്ദേശം പുറത്ത്‌

കൊല്ലം കിഴക്കേകല്ലടയില്‍ സുവ്യ(34)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സുവ്യ ആത്മഹത്യ ചെയ്തത് ഭര്‍തൃമാതാവിന്റെ മാനസിക പീഡനം മൂലമാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നിട്ടുള്ളത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി ഭര്‍ത്താവിന്റെ അമ്മയാണെന്ന് അച്ഛന്റെ സഹോദരിക്കയച്ച ശബ്ദ സന്ദശത്തില്‍ സുവ്യ വ്യക്തമാക്കുന്നുണ്ട്.ഞായറാഴ്ച രാവിലെ സുവ്യയെ ഭര്‍ത്താവിന്റെ വീടായ അജയ ഭവനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഭർതൃമാതാവും സുവ്യയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഈ സംഭവത്തിനുശേഷം മുറിയിൽ കയറി സുവ്യ വാതിൽ അടച്ചു. ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതെ വന്നതോടെ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ സുവ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എഴുകോൺ കടയ്ക്കാട് സുവ്യഭവനത്തിൽ കെ സുഗതൻ്റെയും അമ്പിളിയുടെയും മകളാണ് സുവ്യ.അജയകുമാര്‍ ആണ് ഭര്‍ത്താവ്‌.

 

 

ഭർത്താവിൻ്റെ വീട്ടിൽ അനുഭവിച്ച പീഡനം വിവരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഭർതൃമാതാവ് വിജയമ്മ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. “ജീവിതം മടുത്തു. എനിക്കിനി ജീവിക്കാൻ വയ്യ. എന്നും ഇറങ്ങിപ്പോ, ഇറങ്ങിപ്പോ എന്നു പറയും. അയാൾ ഒരക്ഷരം മിണ്ടുന്നില്ല. ഞാൻ എത്ര തവണ ചോദിച്ചാലും മിണ്ടില്ല. അവർ ഇറങ്ങിപ്പോ എന്നുപറയുമ്പോൾ ചിരിച്ചുകൊണ്ടിരിക്കുന്നതല്ലാതെ ഒന്നും പറയാൻ മനസില്ല. നമ്മൾ ഇവിടുത്തെ വെറും ഏഴാംകൂലി. രാവിലെ തൊട്ട് എന്നെ ചീത്തവിളിയാണ്.എന്നോട് ക്ഷമിക്കണം. അച്ഛനോടും അമ്മയോടും ക്ഷമിക്കാൻ പറയണം. എനിക്ക് പറ്റാത്തതുകൊണ്ടാണ്. മോനെ നോക്കാൻ പറയണം. എനിക്കിനി അവിടെ നിൽക്കാൻ വയ്യ. കൊച്ചിനെ എൻ്റെ വീട്ടിലാക്കണം. എന്തു സംഭവിച്ചാലും ഇവിടെ നിർത്തരുത്. എനിക്ക് വയ്യ, മടുത്തു. സഹിക്കാൻ പറ്റുന്നതിൻ്റെയും പരമാവധിയാണിത്”-പിതൃസഹോദരി സുജാതയ്ക്ക് വാട്സാപ്പിൽ അയച്ചുകൊടുത്ത ശബ്ദസന്ദേശത്തിൽ സുവ്യ പറയുന്നു.സുവ്യ മരിച്ച ശേഷം മാത്രമാണ് ഈ സന്ദേശം ബന്ധുക്കള്‍ കേള്‍ക്കുന്നത്.

 

 

ഭര്‍ത്താവിന്റെ വീട്ടില്‍ സുവ്യയ്ക്ക് നേരെ വഴക്കും അടിയും സ്ഥിരമായിരുന്നു എന്നാണ് സുവ്യയുടെ സഹോദരന്‍ പറയുന്നത്.”ഭര്‍ത്താവ് മര്‍ദിച്ചിട്ട് കരഞ്ഞ് കൊണ്ട് ചേച്ചി വന്നിട്ടുണ്ട്. ഭര്‍തൃവീട്ടില്‍ നിന്നും കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുകേട്ട് സുവ്യയെ അവിടെ നിന്നും കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ അറിയാതെ സുവ്യയെ ഭര്‍ത്താവ് വന്ന് വിളിച്ചുകൊണ്ടുപോയി. അമ്മ പറയുന്നത് മാത്രമേ ഭര്‍ത്താവ് കേള്‍ക്കൂ. വീട്ടില്‍ നിന്നും ഇറങ്ങി പോകാന്‍ ഭര്‍തൃമാതാവ് സ്ഥിരമായി സുവ്യയോട് പറയുമായിരുന്നൂ”-സുവ്യയുടെ സഹോദരന്‍ പറയുന്നു.

 

 

പിഎസ്‍സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥി ആയിരുന്നു സുവ്യ. പല റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.സംഭവത്തിൽ കിഴക്കേകല്ലട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2014 ജൂലൈ 7ന് ആയിരുന്നു സുവ്യയും അജയകുമാറും വിവാഹിതരായത്. എം സി എ പൂര്‍ത്തിയാക്കിയ യുവതിക്ക് സ്ഥിരമായി ഒരു ജോലിയില്ലാത്തതിന്റെ പേരില്‍ അജയകുമാറിന്റെ അമ്മ എപ്പോഴും വഴക്കിടുമായിരുന്നുവെന്നും സുവ്യയുടെ ബന്ധുക്കള്‍ പറയുന്നു.

Articles You May Like

x