ആദ്യ കൺമണിയെ വരവേറ്റ് ജെയ്ക്കും ഗീതുവും; മകൻ പിറന്ന സന്തോഷം പങ്കിട്ട് ദമ്പതികൾ

സിപിഎം നേതാവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. ചൊവ്വാഴ്ചയാണ് ഗീതു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ജെയ്ക്ക് സി തോമസ്.

എന്നാൽ പ്രചാരണത്തിന് പൂർണ ഗർഭിണിയായ ഭാര്യ ഗീതുവും ഇറങ്ങിയതായിരുന്നു സൈബർ ആക്രമണത്തിന് ഇടയാക്കിയത്. സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം.

ഇതിനെതിരെ ഗീതു കോട്ടയം എസ്പി ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണർകാട് പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനോട് 37,719 വോട്ടിനാണ് ജെയ്ക്ക് പരാജയപ്പെട്ടത്. തുടർച്ചയായ മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയിൽ മത്സരിച്ചത്.

x