നിപ വൈറസ് സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാൽ, ജാഗ്രതാ നിർദേശം

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഉണ്ടായ പനി മരണം നിപ ബാധ കാരണമെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉടനെ കേന്ദ്ര സംഘം കേരളത്തിലെത്തുമെന്നും അറിയിച്ചിട്ടുണ്ട്.

കോഴിക്കോടുണ്ടായ രണ്ട് മരണങ്ങളിൽ രണ്ടാമത്തെയാളുടെ ശ്രവ പരിശോധനയിൽ നിന്നാണ് മരണ കാരണം നിപയെന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തന്നെ അസ്വഭാവിക പനി മരണമെന്ന് കണക്കാക്കി ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.

മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളുടെ മരണത്തിന് പിന്നാലെയാണ് ജില്ലയിൽ നിപ സംശയമുണ്ടായത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.

നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലു പേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിട്ടുണ്ട് മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിലുള്ളത്. നിലവിൽ 75 പേരുടെ സമ്പർക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. പ്രാഥമിക സമ്പർക്കമാണ് പനി ബാധയ്ക്ക് കാരണം. ഹൈ റിസ്‌കിലും ഇവർ ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Articles You May Like

x