കാന്‍സര്‍ ഇരുളിലാഴ്ത്തിയ ജീവിതത്തില്‍ ഒരായിരം വിജയങ്ങളുടെ സൂര്യശോഭ നിറഞ്ഞ കഥയുമായി സുമ ജോസഫ്

നാല്‍പ്പത് വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് വേണ്ടി 2018ല്‍ മലേഷ്യയിലെ പെനാംഗില്‍ സംഘടിപ്പിച്ച ആദ്യ ബാസ്‌കറ്റ്‌ബോള്‍- ഏഷ്യ പസഫിക് മാസ്റ്റേഴ്‌സ് ഗെയിമില്‍ കേരളത്തില്‍ നിന്നും മത്സരിച്ച് വെള്ളിമെഡല്‍ നേടിയ കളിക്കാരിയായിരുന്നു ഡോ. സുമ ജോസഫ്. പിന്നീട് 2019-ല്‍ യൂറോപ്യന്‍ മാസ്േറ്റഴ്‌സ് ഗെയിമില്‍ സ്വര്‍ണമെഡല്‍, സംസ്ഥാനതലത്തിലും ദേശീയതലത്തിലുമൊക്കെ നിരവധി പുരസ്‌കാരങ്ങളും ഇവര്‍ നേടി. ഇതിനു മുന്‍പ് ഇവരുടെ ജീവിതത്തില്‍ വന്ന ഇരുട്ടിനെ ക്കുറിച്ച് പറയുകയാണ് ഡോ.സുമ ജോസഫ്.

” 2005 ആഗസ്റ്റില്‍ ആണ് എനിക്ക് കാന്‍സറാണെന്ന് സ്ഥിരീകരിക്കുന്നത്. രണ്ടാമത്തെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഏഴാം മാസത്തില്‍ നെഞ്ചില്‍ ഇടതുഭാഗത്ത് ഒരു നിറവ്യത്യാസം ശ്രദ്ധിയില്‍ പെട്ടു. തടിപ്പുണ്ടോ എന്ന് നോക്കിയപ്പോള്‍ അതൊന്നുമില്ലായിരുന്നു. അതുകൊണ്ട് തന്നെ അത് വലിയ കാര്യമാക്കാതെ വിട്ടു കളഞ്ഞു. ഒരു ദിവസം കുര്‍ബാനയ്ക്ക് നില്‍ക്കുമ്പോള്‍ അസഹ്യമായ പുറംവേദന വരുകയും ഉച്ച കഴിഞ്ഞിട്ടും വേദന കുറയാതെ വന്നപ്പോള്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പോവുകയുെ ചെയ്തു. വിശദമായ പരിശോധനയെല്ലാം കഴിഞ്ഞതിന് ശേഷം എഫ്എന്‍എസി ചെയ്യാന്‍ നിര്‍ദേശിച്ചു. സ്തനത്തില്‍ ഒരു ഫൈബ്രോയ്ഡ് ഉണ്ടെന്നായിരുന്നു റിസല്‍റ്റില്‍ കാണിച്ചത്. പേടിക്കാനൊന്നുമില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നാലും എനിക്ക് അതില്‍ വിശ്വാസമായില്ല. ഞാന്‍ അങ്ങനെ ഡോ. ജിജോ കരിമറ്റത്തിന്റെയടുത്ത് പോയി മാമോഗ്രാം ചെയ്തു. ഹൈലി സസ്പീഷ്യസ് മലിഗ്‌നന്‍സി എന്നായിരുന്നു റിപ്പോര്‍ട്ടില്‍ വന്നത്.

അതില്‍ ഒരു സംശയം തോന്നിയതോടെ ഞാന്‍ ചേച്ചിയെ ഫോണ്‍ ചെയ്യുകയും അവര്‍ പറഞ്ഞത് അനുസരിച്ച് കാരിത്താസ് ആശുപത്രിയില്‍ പോയി വീണ്ടും എഫ്എന്‍എസി ചെയ്തു. റിസല്‍റ്റ് വന്നപ്പോള്‍ അര്‍ബുദമാണെന്നും നൂന്നാമത്തെ എ ഘട്ടത്തിലാണെന്നും ആയിരുന്നു. രണ്ടു സെന്റിമീറ്ററോളം വലുപ്പമുള്ള (ഗ്രേഡ് -2 ) ഒരു മുഴയുണ്ട് സതനത്തില്‍. ഗര്‍ഭിണിയായിരുന്ന സമയത്ത് ആരംഭിച്ചതാകാനാണ് സാധ്യത. കാരണം ഗര്‍ഭസമയത്ത് നമ്മുടെ ശരീരത്തിലെ കോശങ്ങളൊക്കെ അതിവേഗം വളരും. അങ്ങനെ 5-6 മാസം കൊണ്ട് 2.5 വര്‍ഷത്തെ പഴക്കമുള്ളത്ര മുഴ പോലെ ആയതാകാം. ഈ റിസല്‍റ്റ് അനുസരിച്ച് എനിക്ക് രണ്ട് മാസം കൂടി ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ടാകുളളു. മൂത്ത മകന് അപ്പോള്‍ രണ്ടര വയസ്സ് ആയിരുന്നു. ഇളയവന് 5 മാസവും.

ശേഷം ഡോ. വി.പി. ഗംഗാധരന്റെ കീഴില്‍ ചികിത്സ ആരംഭിക്കുകയുംആദ്യം സര്‍ജറിയും തുടര്‍ന്ന് കീമോ തെറപ്പിയും ചെയ്തു. ഭര്‍ത്താവും അമ്മയും ആയിരുന്നു ആശുപത്രിയില്‍ കൂട്ടിനായി വന്ന് നിന്നിരുന്നത്. മക്കളഎ നോക്കാന്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. അതിനിടയില്‍ എന്റെ ചികിത്സ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന് അവധി കഴിഞ്ഞ് ജോലിയില്‍ കയറേണ്ട സമയം ആയി. പുറകേ അമ്മയ്ക്ക് പ്രമേഹം മൂര്‍ച്ഛിച്ച് കണ്ണിനു കാഴ്ചയും നഷ്ടപ്പെട്ടു. ഉടനെ തന്നെ അമ്മയ്ക്ക് കണ്ണിനു സര്‍ജറി ചെയ്ത് റെസ്റ്റിനായി ചങ്ങനാശ്ശേരിയിലെ വീട്ടിലേക്ക് പറഞ്ഞയച്ചു. വീട്ടില്‍ സഹായികളും രണ്ട് കുഞ്ഞുമക്കളും മാത്രമായി മുന്നോട്ട് പോയി. അന്ന് നല്ല മനക്കരുത്തോടെ എല്ലാം നേരിടാന്‍ പറ്റിയെന്നും രോഗത്തെ തോല്‍പിച്ച് തിരിച്ചുവരുമെന്ന് മനസ്സിനു നല്ല ഉറപ്പുണ്ടായിരുന്നുവെന്നും” സുമ പറയുന്നു.

”2006 ഏപ്രില്‍ 22നാണ് കീമോ തീര്‍ന്നത്. പിന്നീട് പുതിയ വീട്ടിലേക്ക് മാസം മാറി. രോഗം മാറുന്നതും വീണ്ടും ജീവിതത്തിലേക്ക് തിരിച്ച് വരുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടാകാം രോഗം തെല്ലും തളര്‍ത്താതിരുന്നത്. രോഗം മാറിയശേഷം കൂടുതല്‍ ആക്ടീവാവുകയും ഇന്റര്‍ യൂണിവേഴ്‌സിറ്റി ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ ഷിപ്പുകള്‍ക്കായി ടീം മാനേജരായി മദ്രാസിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലുമൊക്കെ പോയി. അങ്ങനെ കുറേ സമ്മാനങ്ങളും പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകുന്നു ” സുമ കൂട്ടിച്ചേര്‍ത്തു.

Articles You May Like

x