”ഉമ്മയുടെ മയ്യിത്ത് പളളിയില്‍ അടക്കാന്‍ പോലും സമ്മതിച്ചില്ല, അവസാനം ഉമ്മയുടെ പള്ളിയില്‍ കൊണ്ടുപോയി അടക്കം ചെയ്തു, അലവിക്കുട്ടിയുടെ ഭാര്യ അല്ലാത്ത മന്‍സിയയുടേയും റൂബിയുടേയും ഉമ്മയല്ലാത്ത സ്ത്രീയുടെ മയ്യിത്ത് എന്നാണ് ഉമ്മയ്ക്ക് അവര്‍ നല്‍കിയ അഡ്രസ്സ് ”;മന്‍സിയ പറയുന്നു

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന നൃത്തോത്സവത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മതത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കപ്പെട്ട ഭരതനാട്യം നര്‍ത്തകി മന്‍സിയ ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. മന്‍സിയ ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്. മന്‍സിയയുടെ പരിപാടി ചാര്‍ട്ട് ചെയ്യുന്ന സമയത്ത് ഹിന്ദുവല്ല എന്ന് അറിഞ്ഞിരുന്നില്ലെന്നും പിന്നീട് ഡിക്ലറേഷന്‍ നല്‍കുന്ന സമയത്താണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും ചെയര്‍മാന്‍ പ്രദീപ് മേനോന്‍ പിന്നീട് പ്രതികരിച്ചിരുന്നു.ഇപ്പോഴിതാ മലപ്പുറംകാരി മൻസിയ അലവിക്കുട്ടി നൃത്തം തെരഞ്ഞെടുത്തതിൻ്റെ പേരിൽ മതം കൽപ്പിച്ചു കൊടുത്തിരിക്കുന്ന ഭ്രഷ്ടും, വിലക്കും, ഒറ്റപ്പെടലും ഒന്നും അവസാനിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

നമ്മളെ വേണ്ടെന്ന് വെയ്ക്കുന്നവരെയും നമ്മുടെ ഇഷ്ടത്തിന് പുല്ലുവില കല്‍പ്പിക്കുന്നവരെയും നമ്മള്‍ വേണ്ടെന്ന് വെയ്ക്കുന്ന നാട്ടുനടപ്പാണ് ഇവിടെയും ചെയ്യുന്നതെന്നും തന്റെ നൃത്തത്തിന് വിലക്ക് നല്‍കുന്നവരെ തനിക്കും കുടുംബത്തിനും വേണ്ടെന്നും മന്‍സിയ പറയുന്നു.താനും ഉപ്പയും ഇത്തയുമെല്ലാം എന്നും പള്ളിക്ക് പുറത്താണെന്നാണ് മന്‍സിയ പറയുന്നത്. നൃത്തമെല്ലാം അവസാനിപ്പിച്ച് പരസ്യമായി മാപ്പ് പറഞ്ഞാല്‍ വീണ്ടും പള്ളിയിലേക്ക് തിരിച്ച് കയറ്റാമെന്ന നിര്‍ദേശവുമായി ഇടയ്ക്ക് പള്ളിക്കാര്‍ മന്‍സിയയുടെ മുന്നിലെത്തിയിരുന്നു. പക്ഷേ, നൃത്തം ജീവിതമാക്കിയ മന്‍സിയ അതിന് തയ്യാറല്ലെന്ന് ഉറച്ച ശബ്ദത്തില്‍ പറയുകയായിരുന്നു.മന്‍സിയ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉമ്മ ക്യാന്‍സര്‍ വന്ന് മരണത്തിന് കീഴടങ്ങുന്നത്. ഉമ്മയുടെ മയ്യിത്ത് അവരുടെ പള്ളിയില്‍ അടക്കില്ലെന്ന നിലപാടാണ് പള്ളികമ്മിറ്റി സ്വീകരിച്ചത്. അവസാനം ഉമ്മയുടെ പള്ളിയില്‍ കൊണ്ടുപോയാണ് അടക്കം ചെയ്തത്. അലവിക്കുട്ടിയുടെ ഭാര്യ അല്ലാത്ത മന്‍സിയയുടേയും റൂബിയുടേയും ഉമ്മയല്ലാത്ത സ്ത്രീയുടെ മയ്യിത്ത് എന്നാണ് തന്റെ ഉമ്മയ്ക്ക് അവര്‍ നല്‍കിയ അഡ്രസ്സ് എന്ന് മന്‍സിയ പറയുന്നു.

”എൻ്റെ മതവും ജീവനും ജീവിതവുമെല്ലാം നൃത്തമാണ്. എന്നെ മുന്നോട്ടു നയിക്കുന്നതും അതു തന്നെയാണ്. അവിടെ വിലക്കുകൾക്കും ഭ്രഷ്ടുകൾക്കും സ്ഥാനമില്ല. പിന്നെ ഇന്നാട്ടില്‍ ജീവിക്കാനും ഭക്ഷണം കഴിക്കാനും ഇവരുടെ ആരുടേയും സർട്ടിഫിക്കേറ്റ് വേണ്ടല്ലോ” എന്നാണ് മന്‍സിയ ചോദിക്കുന്നത്.ക്ഷേത്രകല ജീവിത സപര്യയാക്കിയ മന്‍സിയ ഒരുപാട് വേദികളില്‍ നേരത്തേയും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നൊന്നും ഹിന്ദുവല്ല എന്ന കാരണം കൊണ്ട് മന്‍സിയ തഴയപ്പെട്ടിട്ടില്ല. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ ഭര്‍ത്താവ് ശ്യാം കല്ല്യാണും കുടുംബവും മന്‍സിയയ്ക്ക് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു.

മതം വിലക്കിയ മൻസിയയുടെ ജീവിതത്തിൽ സ്വന്തമായൊരു നൃത്ത വിദ്യാലയം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെട്ടതിൻ്റെ സന്തോഷവുമുണ്ട്. ആഗ്നേയ സ്കൂൾ ഓഫ് ഡാൻസ് എന്ന നൃത്തവിദ്യാലയം നടത്തുന്നത് മൻസിയയാണ്.മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മന്‍സിയ വിപി. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎ ഭരതനാട്യം ഒന്നാം റാങ്കോടെ പാസായ മന്‍സിയ കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ്. നിലവില്‍ പിഎച്ച്ഡി ചെയ്യുകയാണ് മൻസിയ.

x