“ഒരു സ്ത്രീയായതിൽ, ഒരമ്മയായതിൽ എനിയ്ക്ക് ആദ്യമായി അപമാനം തോന്നി. അവരുടെ വായിൽ നിന്നും വീഴുന്നതെല്ലാം ജീവനോടെ കുഴിച്ചു മൂടുന്നതിന് തുല്ല്യമായിരുന്നു” – ലേബർ റൂമിലെ ദുരനുഭവം പങ്കുവെച്ച് നീതു പോൾസൺ

അങ്ങ് സ്വർഗത്തിൽ മാത്രമല്ല ഇങ്ങ് ഭൂമിയിലും മാലാഖമാരുണ്ട്. പണ്ട് മുതലേ കേൾക്കുന്ന ഒന്നാണിത്. ആരാണ് ഭൂമിയിലെ മാലാഖമാർ എന്ന് പ്രത്യേകം പറയേണ്ടതില്ലലോ… ആശുപത്രി വരാന്തകളിലും, പുറത്തും എപ്പോഴും ചിരിച്ച് വെളുത്ത ഉടുപ്പണിഞ്ഞ് നിൽക്കുന്ന കരുതലിൻ്റെ മാലാഖമാർ. ഏത് പ്രയാസങ്ങളിലും തങ്ങളുടെ ജീവനേക്കാൾ മുൻപിലിരിക്കുന്ന രോഗിയെ പരിചരിക്കുന്ന മനുഷ്യത്വത്തിൻ്റെ അർത്ഥവത്തായ മുഖം. എന്നാൽ ഇത്തരം ആളുകളിൽ നിന്ന് മേൽ പറഞ്ഞതിനെല്ലാം വിപരീതമായ ഒരു അനുഭവത്തെക്കുറിച്ച് ചിന്തിച്ച് നോക്കൂ.

അങ്ങനെയൊരു അനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് നീതു പോൾസൺ എന്ന യുവതി. തൻ്റെ പ്രസവ സമയത്ത് ഒരു ആരോഗ്യ പ്രവർത്തകയിൽ നിന്നും തനിയ്ക്കുണ്ടായ മോശമായ അനുഭവത്തെക്കുറിച്ചാണ് നീതു പറയുന്നത്. നീതു പോൾസൺ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വൈകാരികമായ ആ കുറിപ്പ് കഴിഞ്ഞ ദിവസം പങ്കു വെച്ചിരിക്കുന്നത്.

നീതു പോൾസൺ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം …

ദിവസത്തിലൊരു നിമിഷമെങ്കിലും ഞാനവരെ പറ്റിയോര്‍മിക്കാറുണ്ട്. അവരുടെ വെളുത്ത വട്ടമുഖം, കണ്ണട, ദയയുടെ ഒരംശം പോലുമില്ലാത്ത നോട്ടം, അവരെ പറ്റി പറയുമ്പോൾ ഞാനെൻ്റെ രണ്ടാമത്തെ പ്രസവത്തെ കുറിച്ച്‌ പറയണം. മുടി ഇരുവശത്തും കെട്ടി, വെളുത്ത മുണ്ടും, ഷര്‍ട്ടുമിട്ട് ലേബര്‍ റൂമിനുള്ളില്‍ ഊഴമെത്തുന്നതും കാത്തിരുന്ന ദീര്‍ഘമേറിയ നിമിഷങ്ങളെ കുറിച്ചും പറയണം. ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭവതിയായി ഇരിക്കുന്ന എട്ടാം മാസത്തിലാണ് എനിക്ക് പ്രഷര്‍ ഉണ്ടെന്നറിയുന്നത്. അതുകൊണ്ട് തന്നെ സിസേറിയന്‍ ആയിരുന്നു. അങ്ങേയറ്റം സാഹസികമായിരുന്നത്. രണ്ടാമത്തെ കുഞ്ഞായപ്പോള്‍ വീണ്ടും ഗര്‍ഭത്തിൻ്റെ അവസാന നാളുകളില്‍ പ്രഷര്‍ പിടികൂടി. നേര്‍ത്ത നൂല്‍പാലത്തിലൂടെ ജീവനുവേണ്ടിയുള്ള പോരാട്ടം. കുതിച്ചു പൊങ്ങുന്ന ഹൃദയമിടിപ്പ് കാതോര്‍ത്തു കിടക്കുമ്പോൾ നഴ്‌സിങ്ങിന് പഠിക്കുന്ന രണ്ടു കുട്ടികള്‍ വന്നു. ഞാന്‍ കിടന്ന ട്രോളിയുരുട്ടി പിന്നെയും അകത്തേക്ക് കൊണ്ട് പോയി. അവരെന്നേ ഓപ്പറേഷന് സജ്ജമാക്കി. കാലിൻ്റെ വിരലില്‍ പിടിച്ചു നോക്കി അതിലൊരാള്‍ പറഞ്ഞു.

“മാഡം.ഇതില്‍ നെയില്‍ പോളിഷ് ഉണ്ട്.”

സത്യത്തില്‍ കാലിലെ നെയില്‍ പോളിഷിൻ്റെ കാര്യം ഞാന്‍ മറന്നിരുന്നു. എന്നോ ഇട്ടതിൻ്റെ അടയാളങ്ങള്‍ എന്നെ കുരിശില്‍ കേറ്റാന്‍ മാത്രം ഉണ്ടെന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അന്നത്രേം ബോധമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ഏതൊരു ഗര്‍ഭിണിയെ കണ്ടാലും അന്നത്തെ അനുഭവം വെച്ചു ഞാന്‍ പറയും.”കാലേല് വല്ലതും തേച്ചിട്ടുണ്ടെങ്കില്‍ കൈയോടെ കളയണേ.പിന്നെ എടുത്താല്‍ പൊങ്ങാത്ത വയറുമായി അതിൻ്റെ പിറകെ പോണം. നല്ല സിസ്റ്റര്‍മാരല്ലങ്കില്‍ അവരുടെ വായിലിരിക്കുന്നത് കേള്‍ക്കേണ്ടിയും വരും.”ഏതായാലും മറ്റൊരു ഗര്‍ഭിണിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു അവരന്നേരം. ഒട്ടും അലിവില്ലാതെ എൻ്റെ അടുത്ത് വന്ന് അവര്‍ അട്ടഹസിച്ചു. “ഇതെന്തുവാ.. ഞങ്ങള്‍ക്ക് പണിയുണ്ടാക്കാന്‍. പോ. പോയിത് കളഞ്ഞിട്ടു വാ.” പെണ്‍കുട്ടി പറഞ്ഞു. “മാഡം.ഇതൊരുപാടൊന്നുമില്ല.” “അതിയാളാണോ തീരുമാനിക്കുന്നേ..ഏതാണ്ട് സിനിമ കാണാന്‍ വന്നത് പോലെയാണോ പ്രസവിക്കാന്‍ വരുന്നത്.” നീരുവെച്ച കാലും, വലിയ വയറുമായി കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. ആരോ സ്പിരിറ്റില്‍ മുക്കിയ പഞ്ഞിയുമായി പുറകെ വന്നു. അടുത്ത നിമിഷം അവര്‍ പറഞ്ഞു. നി ങ്ങളെങ്ങോട്ടാ.തനിയെ ചെയ്തോളും. ക്യൂട്ടെക്സ് തേച്ചു പിടിപ്പിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു.”

അവര്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു. ഒരു സ്ത്രീയായതില്‍, ഒരമ്മയായതില്‍ എനിക്കാദ്യമായി അപമാനം തോന്നി. അവരുടെ വായില്‍ നിന്നും വീഴുന്നതെല്ലാം ജീവനോടെ കുഴിച്ചു മൂടുന്നതിന് തുല്ല്യമായിരുന്നു. ഒരു ഗര്‍ഭിണിയോട് ഇങ്ങനെ പെരുമാറണം എന്നാണോ അവര്‍ പഠിച്ചു വെച്ചിരിക്കുന്നത്. ആരുമാരും മിണ്ടുന്നില്ല. അവരുടെ ആജ്ഞകള്‍ അനുസരിച്ച്‌ നില്‍ക്കുന്ന വെറും പാവകള്‍.! കുനിഞ്ഞു കാലിൻ്റെ വിരലില്‍ തൊട്ടതും അടിവയറ്റിലൂടെ ഒരു മിന്നല്‍ പ്രവാഹമുണ്ടായി. ഇപ്പോള്‍ മരിച്ചു പോകുമെന്നും, ഇനിയൊരിക്കലും പുറത്ത് കാത്തു നില്‍ക്കുന്ന ഭര്‍ത്താവിനെയും മൂത്ത കുഞ്ഞിനെയും കാണാന്‍ കഴിയില്ലെന്നിക്ക് തോന്നി. ഒരു സിനിമ കാഴ്ചയെന്ന വണ്ണം കഴിഞ്ഞു പോയതെല്ലാം.മനസ്സില്‍ നിറഞ്ഞോടി വന്നു. കരച്ചില്‍ , കണ്ണുനീര്‍.

കണ്ടു നിന്ന പെണ്‍കുട്ടിയ്ക്ക് അപകടം മണത്തു. ഇത്തവണ അവരുടെ വാക്കുകള്‍ കേള്‍ക്കാതെ അവളോടി വന്നു. എനിക്കറിയാം അവള്‍ വന്നു പിടിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ ബോധരഹിതയായി നിലത്ത് വീഴുമായിരുന്നു. ബിപി പിന്നെയും കൂടിയതിനാല്‍ അവര്‍ക്ക് നിരാശയായി. എൻ്റെയടുത്ത് വന്നു തുറിച്ചു നോക്കി അവര്‍ പറഞ്ഞു.

“ചിന്തകള്‍ കുറച്ചു ഒന്നടങ്ങി കെടയ്ക്കണം. അല്ലെങ്കില്‍ ഇന്നെങ്കിലും ഓപ്പറേഷന്‍ നടക്കില്ല.” അവരുടെ തുറിച്ച നോട്ടവും മുഖവും കാണാന്‍ എനിക്ക് തീര്‍ത്തും ധൈര്യം തോന്നിയില്ല. ഞാന്‍ കണ്ണുകള്‍ ഇറുകെയടച്ചു കിടന്നു. ഒരു കൂട്ടം നരഭോജികളുടെ നടുവില്‍ കിടക്കുന്നത് പോലെ എനിക്ക് തോന്നി. അനതേഷ്യ തന്നു, ദേഹം മരവിയ്ക്കുന്നത് മുന്‍പ് തന്നെ ഓപ്പറേഷന്‍ ചെയ്തു തുടങ്ങി. വയര്‍ ഉഴുതു മറിച്ചെടുക്കുന്ന പോലെ.വേദന.വേദന.വേദന.പിന്നെയും പറയാന്‍ കഴിയാത്ത, എഴുതാന്‍ കഴിയാത്ത അത്രേം വിഷമതകള്‍..

അവരുടെ ശ്രദ്ധയില്ലായ്മ കൊണ്ടാവാം വയറ്റില്‍ ഇട്ടിരുന്ന സ്റ്റിച്ച്‌ പഴുത്തു. അണുബാധ ഉണ്ടായി. വീണ്ടും ചെക്കപ്പ്, ആശുപത്രി.ഇന്നും വേദന മാറാത്ത മുറിപ്പാട്. ആ ലേബല്‍ റൂമില്‍ വെ ച്ചുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. ഇന്നും ലേബര്‍ റൂം കാണുമ്പോൾ എനിയ്ക്ക് അകാരണമായ ഭയവും ഉത്കണ്ഠയും ഉണ്ടാവാറുണ്ട്.

കുഞ്ഞുണ്ടായി രണ്ടു മാസത്തിന് ശേഷം മോനേയും കൊണ്ട് ആശുപത്രിയില്‍ പോയപ്പോള്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ ഒരു ഫോട്ടോ ആശുപത്രിയുടെ ഭിത്തിയില്‍ കണ്ടു. അതാ നഴ്സായിരുന്നു. ആക്സിഡന്റ് ആണെന്ന് പിന്നീട് അറിഞ്ഞു. അവരുടെ ആ ഫോട്ടോയില്‍ നോക്കി നിന്നപ്പോള്‍ എൻ്റെ മനസ്സിലുണ്ടായത് എന്താണെന്ന് എനിയ്ക്ക് ഇപ്പോഴുമറിയില്ല. ജീവിതകാലം മുഴുവനും ഉണങ്ങാത്ത മുറിവുകള്‍ തന്ന അവരെയെങ്ങനെ ഞാന്‍ മറക്കാനാണ്. അവരിന്ന് ഈ ഭൂമിയില്‍ ജീവിച്ചിരിപ്പില്ലങ്കിലും.

നീതു പോൾസൺ പങ്കുവെച്ച ഹൃദയ സ്പർശിയായ പോസ്റ്റ് വളരെ വേഗത്തിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നിരവധി ആളുകളാണ് നീതുവിനുണ്ടായ സമാന അനുഭവം തങ്ങൾക്കും ഉണ്ടായതെന്ന് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. ഇടുക്കി സ്വദേശിനിയായ നീതു നല്ലൊരു എഴുത്തുകാരി കൂടിയാണ്.

Articles You May Like

x