
ശിശുദിനത്തിൽ നീതി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖിന് തൂക്കുകയർ
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ വധശിക്ഷ വിധിച്ചു. കുറ്റകൃത്യം നടന്ന് 110 ാമത്തെ ദിവസമാണ് വിധി വന്നത്. 90ാമത്തെ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 16 പേരുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.കേസ്അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചുവന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈ ഇരുപത്തിയെട്ടിന് അഞ്ചുവയസുമാത്രം പ്രായമുള്ള കുഞ്ഞിനോട് സമാനതകളില്ലാത്ത ക്രൂരതകാട്ടിയ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിക്കുമോയെന്ന ആകാംക്ഷയിലാണ് കേരളം. പതിനാറ് കുറ്റങ്ങളാണ് പ്രതി അസഫാക് ആലത്തിനെതിരെ തെളിഞ്ഞത്. കൊലപാതകം അടക്കം ഇതില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ അഞ്ച്. കൊച്ചുകുട്ടി എന്ന പരിഗണന പോലും നൽകാതിരുന്ന പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ രീതിയും അതിനായി തിരഞ്ഞെടുത്ത സ്ഥലവും പ്രതിയുടെ കുറ്റകൃത്യവാസന തെളിയിക്കുന്നതാണ്. ഇത്രയും ക്രൂരമായ കുറ്റം ചെയ്തയാൾക്ക് പരിവർത്തനമുണ്ടാകുമെന്ന രീതിയിൽ വിധി വന്നാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.