സ്വന്തം മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് കാരണം മാവ് നടുന്നതിലെ തർക്കം; അനീഷ് പ്രശ്‌നക്കാരനായത് വിദേശത്ത് നിന്ന് തിരിച്ചെത്തിയതോടെ

തൃശൂര്‍ ജില്ലയില മറ്റത്തൂര്‍ ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ മകന്‍ അനീഷ് (30) വെട്ടിക്കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്.ഞായറാഴ്ച്ച രാവിലെ എട്ടേമുക്കാലോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്.അമ്മ ചന്ദ്രിക വീട്ടുമുറ്റത്ത് കുഴിയെടുത്ത് മാവിന്‍തൈ നട്ടതാണ് അനീഷിനെ പ്രകോപിപ്പിച്ചത്. പിന്നാലെ അനീഷ് ഇത് പിഴുതെറിഞ്ഞു. ഇതോടെ ചന്ദ്രികയും അനീഷും തമ്മില്‍ വഴക്കായി. വഴക്ക് രൂക്ഷമാകുന്നത് തടയാന്‍ അച്ഛന്‍ സുബ്രഹ്‌മണ്യനും മുറ്റത്തെത്തി. ഇതോടെ കൂടുതല്‍ കുപിതനായ അനീഷ് അവിടെ കിടന്നിരുന്ന തൂമ്പയെടുത്ത് ഇരുവരുടെയും തലയ്ക്കടിച്ചു. ഇരുവരും റോഡിലേക്ക് ഓടി. ഇതിനിടെ അനീഷ് വീട്ടില്‍ കയറി വെട്ടുകത്തിയെടുത്ത് ഇവരെ പിന്തുടര്‍ന്ന് റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.കൃത്യം നടത്തിയതിന് പിന്നാലെ ഒളിവില്‍ പോയ അനീഷ് പിന്നീട് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വെച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇവരുടെ വീട്ടില്‍ വഴക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അനീഷും മാതാപിതാക്കളും നിരന്തരം വഴക്കായിരുന്നു. ഇവരുടെ വഴക്കില്‍ അയല്‍ക്കാര്‍ ഇടപെടുന്നത് അവര്‍ക്ക് ഇഷ്ടമല്ലായിരുന്നു. അതിനാല്‍ തര്‍ക്കത്തില്‍ ആരും ഇടപെടാറില്ല. മകന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പറഞ്ഞ് സുബ്രഹ്മണ്യനും ചന്ദ്രികയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരുടെ വീട്ടിലെത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും കൗണ്‍സലിങ് നടത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.അനീഷ് നാട്ടുകാരുമായി യാതൊരു ബന്ധവും ഇല്ലാതെ ഒഴിഞ്ഞ് മാറി നടക്കുന്ന വ്യക്തിയായിരുന്നു. അനീഷ് എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു. ചോദിച്ചാല്‍ മറുപടി ലഭിക്കാറില്ല എന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ നേരത്തെ അനീഷ് ഇങ്ങനെയായിരുന്നില്ല.പഠനത്തിലും കളികളിലും സമര്‍ഥനായിരുന്നു അനീഷ്. വീടിനടുത്ത ക്ലബില്‍ നടക്കുന്ന ചെസ്, കാരംസ്, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയ കളികളിലെ സ്ഥിരം വിജയി.പട്ടാളത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന അനീഷ് അപ്രതീക്ഷിതമായാണ് വിദേശത്ത് പോയത്.അഞ്ചുവര്‍ഷംമുമ്പ് വിദേശത്തുനിന്ന് തിരികെയെത്തിയതോടെയാണ് വീട്ടില്‍ പ്രശ്‌നക്കാരനായത്. നാട്ടുകാരുമായുള്ള ബന്ധവും അതോടെ ഇല്ലാതായി. സഹോദരിയുടെ വിവാഹത്തോടെ വീട്ടില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായെന്ന് നാട്ടുകാര്‍ പറയുന്നു. ആദ്യകാലത്ത് പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നാട്ടുകാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വീട്ടിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാണെന്ന് മനസ്സിലാക്കിയും ഇടപെടുന്നതില്‍ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്ന് അറിഞ്ഞും പിന്മാറുകയായിരുന്നു.വിദേശത്തുനിന്നെത്തിയപ്പോള്‍ അനീഷ് കുറേ കത്തികള്‍ കൊണ്ടുവന്നിരുന്നു. അതിലൊന്ന് ഉപയോഗിച്ചാണ് മാതാപിതാക്കളെ കൊന്നത്.ജര്‍മന്‍ നിര്‍മിത വെട്ടുകത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. മൂര്‍ച്ചയേറിയ നല്ല ഭാരമുള്ള കത്തിയായതിനാലാണ് ഒറ്റ വെട്ടിന് ചന്ദ്രികയുടെ കഴുത്ത് അറ്റ നിലയിലായത്. റോഡില്‍ കിടന്നിരുന്ന മൃതദേഹങ്ങളില്‍നിന്ന് രക്തം കുറെ ദൂരം ഒഴുകിയ നിലയിലായിരുന്നു.സുബ്രഹ്‌മണ്യന്റെ ശരീരത്തില്‍ പലയിടങ്ങളില്‍ വെട്ടുണ്ട്.

കൊലപാതക ശേഷം അനീഷ് കത്തി മുറ്റത്ത് ഉപേക്ഷിച്ച് വീട്ടില്‍ കയറി ഷര്‍ട്ടിട്ട് ബൈക്കില്‍ കയറി രക്ഷപ്പെടുകയാണ് ചെയ്തത്. ബഹളം കേട്ടെത്തിയവരോട് അച്ഛനേയും അമ്മയേയും കൊന്ന കാര്യം പൊലീസില്‍ അറിയിച്ചേക്ക് എന്ന് വിളിച്ച് പറഞ്ഞാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.ടാപ്പിങ് തൊഴിലാളികളാണ് സുബ്രഹ്‌മണ്യനും ചന്ദ്രികയും. വിദേശത്ത് നിന്നും തിരിച്ചെത്തിയ അനീഷ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സ്വന്തമായി ടാക്‌സി സേവനവും നടത്തുന്നുണ്ട്. സഹോദരി അഡ്വ. ആശയും സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നു….

x