നൊന്തു പ്രസവിച്ച തന്റെ പൊന്നോമനയെ തേടി ഈ അമ്മ അലയുകയാണ് ; രക്ഷിതാക്കള്‍ കാണിച്ച ക്രൂരത

ഒരു അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം എത്ര അറുത്ത് മാറ്റിയാലും മനസ്സിനോട് ഇഴചേർന്നു കൊണ്ടേയിരിക്കും. അപ്പോൾ നൊന്ത് പ്രസവിച്ച തന്റെ പൊന്നോമനെ കൺ നിറയെ ഒന്ന് കാണുന്നതിനു മുൻപ് തന്നെ തന്നിൽനിന്ന് അടർത്തി മാറ്റിയാലോ.ഒരു സ്ത്രീ തന്റെ ജന്മ ജന്മാന്തരങ്ങളിൽ കേൾക്കാൻ കൊതിച്ച ആ ജീവ ശബ്ദം “അമ്മ” എന്ന രണ്ടക്ഷരം അനുഭവിക്കുന്നതിനു മുൻപേ കൈവിട്ടു പോകുന്ന അവസ്ഥ ആർക്കാവും താങ്ങാൻ ആവുക. ഒമ്പതുമാസം തന്റെ ഉദരത്തിൽ തുടിച്ച ആ ജീവനെ ആ കുഞ്ഞു ഹൃദയമിടിപ്പിനെ എത്ര വേർപെടുത്തിയാലും നെഞ്ചിലെ താളമായ് മുഴങ്ങിക്കേട്ട് കൊണ്ടേയിരിക്കും.

നെഞ്ചിൽ ചുരത്തുന്ന അമ്മിഞ്ഞപ്പാൽ പകർന്നു നൽകാതെ അമ്മയുടെ നെഞ്ചിൽ അലയടിക്കുന്ന സ്നേഹ കടൽ തുറന്നു കാട്ടാതെ ഒരു അമ്മ എങ്ങനെ തന്റെ ജീവിതം ജീവിച്ചു തീർക്കും. തുരു തുരെ എണ്ണി തീരാത്ത അത്രയും മുത്തങ്ങൾ നൽകി താരാട്ടു പാടിയുറക്കി തന്റെ ജീവനോടും ജീവിതത്തോടും ചേർത്തു നിർത്താൻ കാത്തിരുന്നു കിട്ടിയ കണ്മണിയെ ജനിച്ച ഉടൻ തന്നിൽ നിന്ന് വേർപെടുത്തിയപ്പോൾ മനസ്സ് നീറിയ ഒരമ്മ.അണ പൊട്ടിയോഴുകുന്ന സങ്കടം കടിച്ചമർത്തി ആ അമ്മ കാത്തിരുന്നു തന്റെ കുഞ്ഞിനായി. നൊന്ത് പ്രസവിച്ച കുഞ്ഞിനെ തേടി ആശുപത്രികൾ കയറിയിറങ്ങി അലയുന്ന ഒരു അമ്മയുടെ കഥ.

22 വയസ്സുകാരിയായ അനുപമയുടെതാണ് ഈ ദുരവസ്ഥ. എസ് എഫ് ഐ പ്രവർത്തകയായിരുന്ന അനുപമ യുടെയും ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയായിരുന്ന അജിത്തും പ്രണയത്തിലൂടെ ഒന്നിച്ചവരായിരുന്നു. അജിത്ത് ദളിത് ക്രിസ്ത്യൻ വിഭാഗത്തിലെ ആയിരുന്നത് കൊണ്ടും അനുപമയുടെ കുടുംബത്തേക്കാൾ താഴ്ന്നത് ആയതുകൊണ്ടും അതിനേക്കാളുപരി വിവാഹിതനായത് കൊണ്ടും അനുപമയുടെ വീട്ടുകാർ ഈ വിവാഹത്തെ എതിർത്തിരുന്നു. അനുപമ ഗർഭിണിയാകുന്നത് ഇതിനിടയിലാണ്.

വീട്ടുകാരുടെ നേതൃത്വത്തിൽ തന്നെയാണ് അനുപമയെ ആശുപത്രിയിൽ പ്രസവത്തിനായി എത്തിക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിയിൽ ഒക്ടോബർ 19 നാണ് അനുപമയുടെ സിസേറിയൻ നടക്കുന്നത്. അനുപമ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ജനിച്ച കുഞ്ഞിനെ തന്റെ അച്ഛനുമമ്മയും എടുത്തു കൊണ്ടുപോയത് കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളാം എന്ന ഉറപ്പിന്മേലാണ്. എന്നാൽ അതിനു ശേഷം തന്റെ കുഞ്ഞു എവിടെയുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞിട്ടില്ല എന്നാണ് അനുപമയുടെ പരാതി. ജനുവരിയിലാണ് അജിത്ത് വിവാഹ മോചനം നേടുന്നത്. മാർച്ച് മുതലാണ് അനുപമ യ്ക്കൊപ്പം അജിത് താമസം തുടങ്ങിയത്.

ഏപ്രിൽ 19ന് തന്റെ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി അനുപമ പേരൂർക്കട പോലീസ് സ്റ്റേഷനിൽ എത്തി. പലതവണ പരാതിയുമായി നേരിട്ട് പോയെങ്കിലും തന്റെ കുഞ്ഞിനെ അന്വേഷിക്കുകയോ കണ്ടെത്തുകയോ തന്റെ പരാതി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അനുപമ പറയുന്നത് . ഇപ്പോൾ തന്നെ കുഞ്ഞിനെ പ്രസവിച്ചത് ഒരു വർഷമാകുന്നു. ഡിജിപിക്കും മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും സിപിഎം നേതാക്കൾക്കും എല്ലാം അനുപമ പരാതി നൽകിയിരുന്നു.

ഇത്രയൊക്കെ പരാതികൾ നൽകി എല്ലായിടവും കയറിയിറങ്ങിയിട്ടും തന്റെ കുഞ്ഞിനെ കണ്ടെത്തുന്നതിനായി സഹായിക്കുന്നില്ല എന്നാണ് അനുപമ പറയുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും അറിയാൻ കഴിഞ്ഞത് തന്റെ കുഞ്ഞിനെ തന്റെ അച്ഛനമ്മമാർ ഉപേക്ഷിച്ചു എന്നാണ്. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ പറയുന്നത് തന്റെ മകളുടെ സമ്മതത്തോടെയാണ് നിയമപരമായി കുഞ്ഞിനെ കൈമാറിയെന്നാണ്. ഇപ്പോൾ ഈ നടക്കുന്നത് തങ്ങളുടെ സമ്മതത്തോടുകൂടി മകളുടെ വിവാഹം നടത്തി കൊടുക്കാത്തതിന്റെ വൈരാഗ്യം തീർക്കുന്നത് ആണെന്നാണ്. പേരൂർക്കടയിലെ പ്രാദേശിക സി പി എം നേതാവാണ് ജയചന്ദ്രൻ.

x