മേയര്‍ അമ്മ തിരക്കിലാണ്! ജോലി തിരക്കിലും ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ; വൈറലായി ആര്യാ രാജേന്ദ്രന്റേയും മകളുടേയും ചിത്രം

തിരുവനന്തപുരം: ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞുമായി ജോലികളില്‍ ഏര്‍പ്പെടുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ ചിത്രം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിനും കഴിഞ്ഞ മാസം പത്തിനാണ് പെണ്‍‌കുഞ്ഞ് ജനിച്ചത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു പ്രസവം. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിക്കുന്നത്.

2022 സെപ്തംബറിലായിരുന്നു ഇവരുടെയും വിവാഹം. സിപിഎമ്മിന്‍റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആ​ഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു.

സിപിഎം ചാല ഏരിയാ കമ്മിറ്റി അം​ഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അം​ഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമാണ് സച്ചിൻ. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്.

ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. അടിമുടി പാർട്ടി സ്റ്റൈലിലായിരുന്നു ഇവരുടെ വിവാഹവും ക്ഷണക്കത്തും. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.  നേരത്തെ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്തം പറഞ്ഞുള്ള വിവാഹത്തിനുള്ള ക്ഷണക്കത്ത് വൈറലായിരുന്നു. ഇപ്പോള്‍ ആര്യയുടെ കുഞ്ഞുമായി തന്‍റെ ചുമതലകളില്‍ ഏര്‍പ്പെടുന്ന ചിത്രവും നിരവധി പേരാണ് പങ്കുവയ്ക്കുന്നത്.

Articles You May Like

x