വർഷങ്ങളുടെ അടുപ്പമാണ് രവിച്ചേട്ടനുമായി എനിക്കുള്ളത്, അച്ഛനുമായി വലിയ സൗഹൃദമുണ്ടായിരുന്നു, ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു, കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

പൂജപ്പുര എന്ന സ്ഥലത്തെ പതിറ്റാണ്ടുകളായി നിർവചിച്ചു പോന്ന പേരാണ് അന്തരിച്ച നടൻ പൂജപ്പുര രവിയുടേത്. സിനിമയിൽ എത്തുന്ന കാലത്ത് ഇവിടെയാണ് നടൻ മോഹൻലാലും കുടുംബവും താമസിച്ചിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ വിയോഗത്തിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. വർഷങ്ങളുടെ അടുപ്പമാണ് പൂജപ്പുര രവിച്ചേട്ടനുമായി എനിക്കുണ്ടായിരുന്നത്. അതിഭാവുകത്വമില്ലാതെ, സ്വാഭാവിക അഭിനയം കൊണ്ട്, പല തലമുറകളിലെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യനടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലൂടെ, എണ്ണൂറിൽപ്പരം സിനിമകളിലൂടെ, ലക്ഷക്കണക്കിന് പ്രേക്ഷകഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രതിഭ. മലയാളം എന്നെന്നും ഓർക്കുന്ന ഒട്ടനവധി സിനിമകളിൽ അദ്ദേഹത്തോടെപ്പം അഭിനയിക്കാൻ സാധിച്ചു. രവിച്ചേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. താരം തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, പൂജപ്പുരയിൽ തന്നെയുള്ള മുടവന്മുകളിലാണ് ലാൽ താമസമാക്കിയിരുന്നത്. ലോ സെക്രട്ടറി ആയിരുന്ന അദ്ദേഹത്തിനെ പിതാവ് വിശ്വനാഥൻ നായരുമായിട്ടായിരുന്നു പൂജപ്പുര രവിക്ക് നേരിട്ടുള്ള ബന്ധം. കരയോഗത്തിന്റെ സെക്രട്ടറി ആയിരുന്ന അദ്ദേഹത്തിന്റെ പിതാവുമായി നല്ല പരിചയം ഉണ്ടായിരുന്നു പൂജപ്പുര രവിക്ക്. മക്കൾ രണ്ടുപേരെയും കണ്ടാൽ അറിയാമെന്നും. ആരോഗ്യദൃഢഗത്രാനായിരുന്നു മോഹൻലാൽ എന്ന് ഒരിക്കൽ അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഒരു ദിവസം ‘എന്റെ മകൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു’ എന്ന് ലാലിന്റെ പിതാവ് പറഞ്ഞത് രവിയോടാണ്. ‘പ്യാരി (മോഹൻലാലിൻറെ ജ്യേഷ്‌ഠൻ) അല്ലേ’ എന്നായിരുന്നു രവിയുടെ മറുചോദ്യം. ‘അല്ല, ലാൽ’ എന്ന് മറുപടി. പക്ഷേ മോഹൻലാലും പൂജപ്പുര രവിയും തമ്മിലെ പരിചയം തുടങ്ങുന്നത് മദ്രാസിലെ സിനിമാക്കാരുടെ താവളമായ ലോഡ്ജിൽ നിന്നുമാണ്.

ഇവിടെ തങ്ങവേ, ഒരുദിവസം തിരുവനന്തപുരത്തു നിന്നും ഒരു പാർട്ടി സിനിമ എടുക്കാൻ വരുന്നു എന്ന് രവിയോട് ലോഡ്ജിന്റെ റൂം ബോയ് വന്നു പറയുകയുണ്ടായി. സുരേഷ്, സനൽ, പ്രിയൻ, മോഹൻലാൽ സംഘമായിരുന്നു അത്. കൈനിറയെ സിനിമകൾ ഉണ്ടായിരുന്ന, ആരെയും അങ്ങോട്ട് പോയി പരിചയപ്പെടുന്ന ശീലമില്ലാത്ത രവി അന്നും മാറി നിന്നു. എന്നാൽ സുരേഷ് ഇങ്ങോട്ടു വന്നു. വിശ്വനാഥൻ സാറിന്റെ മകൻ ഉണ്ടെന്നറിഞ്ഞ പൂജപ്പുര രവി മുറിയിലേക്ക് പോയി മോഹൻലാലിനെ കാണുകയായിരുന്നു.

പൂജപ്പുരയിൽ വച്ച് കാണുമ്പോൾ കൈവീശിക്കാണിച്ചിരുന്ന ആ പരിചയം മദ്രാസിൽ വച്ച് മുറുകി. മദ്യപാനം ഇല്ലാത്ത സൗഹൃദങ്ങളായിരുന്നു അന്നത്തെ ആ ലോഡ്ജിൽ. പിന്നെ തേനും വയമ്പും ലൊക്കേഷനിൽ വച്ച് മോഹൻലാലും പൂജപ്പുര രവിയും വീണ്ടും കണ്ടു, അടുത്തു. ശേഷം ആലപ്പി അഷ്‌റഫിന്റെ സിനിമയിൽ മോഹൻലാലും പൂജപ്പുര രവിയും ഭാഗമായിരുന്നു. ഷൂട്ടിംഗ് തീരുമാനിച്ചുറപ്പിച്ച ശേഷം മോഹൻലാൽ സെറ്റിലെത്താൻ വൈകി. അപ്പോഴും രവി അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നു. മൂന്നു ദിവസം അത് തുടർന്നു. മടുപ്പോടെ ആലപ്പി അഷ്‌റഫ് അക്കാര്യം വന്നു പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ പ്രേം നസീറിനും ജയനും ഉൾപ്പെടെ കാത്തിരിക്കാൻ ഭാഗ്യം ലഭിച്ച തനിക്കു മോഹൻലാലിന് വേണ്ടിയും, ഇനി സിനിമയിലെത്തിയാൽ അദ്ദേഹത്തിന്റെ മകന് വേണ്ടി കാത്തിരിക്കാനും തയാറാണെന്ന് മറുപടി നൽകി.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, നിന്നിഷ്‌ടം എന്നിഷ്‌ടം, എങ്ങനെ നീ മറക്കും തുടങ്ങി ഒരുപറ്റം ചിത്രങ്ങളിൽ മോഹൻലാലും പൂജപ്പുര രവിയും ഒന്നിച്ചു വേഷമിട്ടിരുന്നു.

Articles You May Like

x