”ഒരു കുഞ്ഞിനെ കിട്ടാതിരിക്കാന്‍ മാത്രം ഭാഗ്യമില്ലാത്തവരാണോ ഞങ്ങള്‍”; ഒടുവില്‍ 6 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പൂവിട്ടത് മൂന്ന് കണ്മണികൾ

നീണ്ട കൊല്ലത്തെ കാത്തിരിപ്പിനൊടുവില്‍ ലീനയ്ക്കും ശിവകുമാറിനും ദൈവം സമ്മാനിച്ചത് മൂന്ന് കുഞ്ഞുങ്ങളെയാണ്. നിരവധി ചികിത്സകളുടേയും ടെസ്റ്റുകളുടേയും പ്രാര്‍ത്ഥനകളുടേയും ഒടുക്കം വിധി അവരോട് കരുണ കാണിച്ചു.കുഞ്ഞുങ്ങളുണ്ടാവുന്നതിന് മുമ്പ് ഉള്ളിലെ ആധിയും വേദനയും കൂടുമ്പോള്‍ ലീന കുവൈത്തിലെ താമസസ്ഥലത്തെ അടുത്ത ഫ്‌ളാറ്റിലേക്ക് പോകും. അവിടെയുള്ള കുഞ്ഞുങ്ങളെ മതിയാവോളം താലോലിക്കും. വഴിയിലെങ്ങാനും ഏതെങ്കിലും കുഞ്ഞിനെ കണ്ടാല്‍ കണ്ണെടുക്കാതെ നോക്കിനില്‍ക്കും. താനെന്ത് തെറ്റ് ചെയ്തത് കൊണ്ടാണ് ദൈവം ഇങ്ങനെ പരീക്ഷിക്കുന്നതെന്ന് ഭര്‍ത്താവ് ശിവകുമാറിനോട് ചോദിക്കും.

ലീനയുടേയും ശിവകുമാറിന്റേയും പ്രണയ വിവാഹമായിരുന്നു. 2013ല്‍ മുംബൈയിലെ ഒരു ഷിപ്പിംങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ശിവകുമാര്‍. ലീന ലീലാവതി ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു. അവിടെ വെച്ചുണ്ടായ പരിചയമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്.ഹിന്ദുവായ ശിവകുമാറും ക്രിസ്ത്യാനിയായ ലീനയുടെയും പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ആരുടേയും സഹായമില്ലാതെയാണ് അവര്‍ ജീവിതം കെട്ടിപ്പടുത്തത്. ഒരു കുഞ്ഞ് കൂട്ടി തങ്ങളുടെ ജീവിതത്തില്‍ കൂട്ടായി വരണമെന്ന് മാത്രമാണ് അവര്‍ ആഗ്രഹിച്ചത്.2016 ല്‍ വിവാഹം നടക്കുമ്പോള്‍ വിവാഹം നടക്കുമ്പോള്‍ ശിവകുമാര്‍ ദുബായിലും ലീന മുംബെയിലുമായിരുന്നു ജോലി ചെയ്തിരുന്നത്. തുടര്‍ന്ന് ലീനയെ ഒറ്റയ്ക്കാക്കാന്‍ മനസ്സില്ലാത്തതിനാല്‍ ശിവകുമാര്‍ ദുബായിലെ ജോലി ഉപേക്ഷിച്ച് ലീനയ്‌ക്കൊപ്പം വന്നു. ശിവകുമാറിന് ജോലി ഇല്ലാത്തതിനാല്‍ കുറച്ച് കഴിഞ്ഞ് മതി കുഞ്ഞ് എന്ന തീരുമാനത്തില്‍ ഇരുവരും എത്തുകയായിരുന്നു.

ആയിടയ്ക്ക് ശിവകുമാറിന് കുവൈറ്റിലെ ഒരു ഓയില്‍ കമ്പനിയില്‍ ജോലി ശരിയായി. തുടര്‍ന്ന് ലീനയ്ക്കും കുവൈറ്റില്‍ നഴ്‌സ് ആി ജോലി കിട്ടി. ജോലിയ്ക്ക് ചേര്‍ന്ന് ആദ്യവര്‍ഷം ഗര്‍ഭിണിയാകാന്‍ പാടില്ലെന്ന് കുവൈറ്റിലെ ആശുപത്രിയില്‍ എഗ്രിമെന്റ് ഉണ്ടായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതം പച്ചപിടിച്ച് തുടങ്ങിയപ്പോള്‍ ശിവകുമാറിനോട് ലീന ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് പറഞ്ഞു. എന്നാല്‍ ആ കാത്തിരിപ്പ് നീണ്ടത് 6 വര്‍ഷമായിരുന്നു.ആയിടക്ക് പിണങ്ങിയ വീട്ടുകാരെല്ലം ഇണങ്ങി. കുഞ്ഞിനെ വേണമെന്ന ആഗ്രഹം ഇരുവര്‍ക്കുമിടയില്‍ തിളച്ച് മറിഞ്ഞെങ്കിലും വിധി കുഞ്ഞിനെ നല്‍കിയില്ല. സുഹൃത്തുക്കളുടെ കുട്ടിയെ പിറന്നാളിനും നൂലുകെട്ടിനുമൊക്കെ പോകുമ്പോള്‍ ലീനയുടെ അമ്മമനസ്സ് വിങ്ങുന്നത് ശിവകുമാര്‍ കണ്ടു. ആ നാളുകളില്‍ 40ഓളം കിറ്റുകള്‍ വരെ വാങ്ങി പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.

കുവൈറ്റിലെ സലാമിയയിലെ ഒരു മെഡിക്കല്‍ സെന്ററില്‍ ഡോ. സുഷമ്മ നാരായണന്റെ ട്രീന്റ്‌മെന്റ് എടുക്കാന്‍ തുടങ്ങി. ഒടുവില്‍ ടെസ്റ്റ് കിറ്റില്‍ ഡബിള്‍ പിങ്ക് ലൈന്‍ പ്രത്യക്ഷപ്പെട്ടു. വളരെയധികം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. രണ്ടാംമാസത്തെ സ്‌കാനിംങിലാണ് അവള്‍ക്കുള്ളിലെ ട്രിപ്പിള്‍ സര്‍പ്രൈസ് രഹസ്യം അറിഞ്ഞത്. ലോകം കീഴടക്കിയ ന്തോഷമായിരുന്നു ആ വാര്‍ത്ത കേട്ടപ്പോള്‍ ഇരുവര്‍ക്കും. അന്ന് തൊട്ട് ഒരു പെണ്‍കുഞ്ഞും രണ്ട് ആണ്‍കുഞ്ഞും എന്ന ആഗ്രഹം അവര്‍ ഉരുവിട്ട് കൊണ്ടിരുന്നു. വീട്ടുകാരും സന്തോഷത്തിലായി. ഒടുവില്‍ 2022 ജനുവരി 12ന് എട്ടാം മാസത്തില്‍ ലീന മൂന്ന് മക്കള്‍ക്ക് ജന്മം നല്‍കി. പ്രീമെച്ച്വര്‍ ബെര്‍ത്തിന്റെ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം വൈകാതെ ശരിയായി. റിഥാനും ഇസാനും ബ്രിസയും 1.800, 1.600,1.400 എന്നിങ്ങനെയായിരുന്നു ഭാരം. അവര്‍ക്കായി കുന്നോളം സ്വരുക്കൂട്ടി വെയ്ക്കുമെന്നോ അവരെ ഡോക്ടറും എന്‍ജിനീയറും ആക്കുമെന്നോ പറയുന്നില്ല എന്നും അവരെ നല്ല മനുഷ്യരാക്കി വളര്‍ത്തുമെന്ന് ഉറപ്പാണെന്നും ശിവകുമാര്‍ പറയുന്നു.

x