അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു, ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ…; മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതിൽ പ്രതികരിച്ച് സുരാജ്

മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട്. മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു എന്ന് സുരാജ് പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’, സുരാജ് കുറിച്ചു. നിരവധി സിനിമാ താരങ്ങൾ മണിപ്പുരിലെ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് എത്തുന്നുണ്ട്.

മണിപ്പുരിൽ രണ്ടുസ്ത്രീകളെ എതിർ സമുദായക്കാരായ അക്രമികൾ ചേർന്ന് നഗ്‌നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും സംഘർഷഭീതിയായി. ഈ സംഭവമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് മണിപ്പൂർ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിനുപിന്നാലെ മേയ് നാലിന് ചിത്രീകരിച്ച വീഡിയോ ആണ് പുറത്തായത്. സ്ത്രീകൾ പാടത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായെന്നും അതിനുശേഷമാണ് നഗ്‌നരാക്കി നടത്തിച്ചതെന്നും കുക്കി ഗോത്രസംഘടനയായ ഐ.ടി.എൽ.എഫ്. കുറ്റപ്പെടുത്തി. ആക്രമിച്ചത് മെയ്ത്തികളാണെന്നും കുക്കി-സോ വിഭാഗക്കാരാണ് ഇരകളായ സ്ത്രീകളെന്നും അവർ പറഞ്ഞു.

മെയ്ത്തി-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ കലാപഭൂമിയായ മണിപ്പുരിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് മറ്റ് ജനവിഭാഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടമോ ജനപ്രതിനിധികളോ തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് ഫുവോൽജാങ് പ്രദേശത്തെ ജനങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

Articles You May Like

x