ഏക മകനെ ബൈക്കപകടത്തിൽ നഷ്ടമായ ലളിതാമ്മയ്ക്ക് അറുപതാം വയസിൽ പിറന്നത് ഇരട്ടക്കുഞ്ഞുങ്ങൾ ; സൗജന്യ ചികിത്സയും, പരിചരണവും നൽകി ഡോക്ടർമാരുടെ നന്മയും

ജീവന് തുല്ല്യം സ്നേഹിച്ച് പൊന്നു പോലെ വളർത്തിയ ഏക മകനെ ബൈക്ക് അപകടത്തിൻ്റെ രൂപത്തിൽ മരണം കാർന്ന് കൊണ്ട് പോയതിൻ്റെ വേദനയിൽ കഴിഞ്ഞ ദമ്പതികളാണ് ലളിതയും, മണിയും. തീരാ ദുഖത്തിൻ്റെ വേദനയിൽ ഇവർക്കിടയിലേയ്ക്ക് അധികം വൈകാതെ തന്നെ മറ്റൊരു സന്തോഷം കൂടെ കടന്ന് വന്നു. രണ്ട് ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തിലായിരുന്നു അവരുടെ വരവ്. 2017 മേയ് 17-നാണ് ബൈക്കില്‍ ലോറിയിടിച്ച് ഇവരുടെ ഏക മകൻ ഗോപിക്കുട്ടന്‍ മരിച്ചത്. മുന്നോട്ടുള്ള ജീവിതത്തിൽ തങ്ങൾ ഒറ്റപ്പെട്ടുപോകുമെന്നുള്ള മണിയുടെയും, ലളിതയുടെയും ആഴത്തിലുള്ള ചിന്തയാണ് ഒരു കുഞ്ഞ് വേണമെന്ന ചിന്തയിലേയ്ക്ക് ഇവരെ കൊണ്ട് ചെന്നെത്തിക്കുന്നത്. 35-ാം വയസ്സില്‍ പ്രസവം നിര്‍ത്തിയ ലളിതയുടെ മുന്നിലുള്ള ഏക വഴി കൃത്രിമഗര്‍ഭധാരണം മാത്രമായിരുന്നു.

പ്രതീക്ഷയും, പ്രാർത്ഥനയും കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണന്‍കുട്ടിയെ സമീപിക്കുകയായിരുന്നു. ഓട്ടോഡ്രൈവറായ മണിയ്ക്ക് ചികിത്സാച്ചെലവ് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഒരു കുഞ്ഞ് വേണമെന്ന മതിയായ ആഗ്രഹമുണ്ടെന്നും, എന്നാൽ തങ്ങളുടെ ജീവിത സാഹചര്യവും, ദുരിതവും ഇങ്ങനെയാണെന്ന് ഡോക്ടറോട് മണി തുറന്ന് പറഞ്ഞതോട് കൂടെ മരുന്നിന്റെ പൈസ മാത്രം നല്‍കിയാല്‍ മതി, ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകള്‍ അവർക്ക് വലിയ ആശ്വാസമായി മാറി. ഏഴുമാസത്തെ ചികിത്സയിൽ പ്രതീക്ഷ ഫലം കണ്ടു. കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ലളിത മൂന്നുകുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചു.

പക്ഷേ, വിധി അവിടേയും വിലങ്ങ് തടിയായി മാറുകയായിരുന്നു. മൂന്ന് മക്കളിൽ ഒരു കുഞ്ഞിനെ ഗര്‍ഭകാലത്ത് ഇരുവർക്കും നഷ്ടമായി. നവംബര്‍ രണ്ടിന് പിന്നീടുള്ള ചികിത്സയ്ക്കായി ലളിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള  ചികിത്സ. 34-ാം ആഴ്ചയില്‍ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തു. നക്ഷത്ര തിളക്കമുള്ള രണ്ട് പൊന്നോമനകൾ. ആരവ് കൃഷ്ണയും , ആദവ് കൃഷ്ണയും.  രണ്ട് ആൺകുട്ടികൾക്കാണ് ലളിത ജന്മം നൽകിയത്. ജനിച്ചപ്പോൾ ഒരാൾക്ക് അൽപ്പം തൂക്കക്കുറവ് ഉണ്ടന്നത് ഒഴിച്ചാൽ പൂർണ ആരോഗ്യവാന്മാരായ രണ്ട് കുഞ്ഞുങ്ങൾ.

ഏറെ നാളത്തെ തങ്ങളുടെ വേദന ഒരു പുഞ്ചിരിയോടെ മക്കളെ നോക്കി ചിരിച്ചപ്പോൾ ലളിതയിൽ നിന്നും, മണിയിൽ അകലെയായി.  ഗർഭസമയത്ത് തങ്ങൾക്ക് വേണ്ട എല്ലാ പിന്തുണയും, സ്നേഹവും നൽകി കൂടെ നിന്ന ആശുപത്രിയിലെ മുഴുവൻ ആളുകളെയും സ്നേഹത്തോടെ ലളിതയും, മണിയും ഓർക്കുന്നു. നാണമില്ലേ വയസാം കാലത്ത് കുഞ്ഞുങ്ങൾക്ക് വേണ്ടി ശ്രമിക്കാൻ, എന്തിനാ വേണ്ടത്തെ പണിയ്ക്ക് പോകുന്നേ ? ഓ കുട്ടികളൊന്നും ഇനി ഉണ്ടാവാൻ പോകുന്നില്ല എന്ന് തുടങ്ങി പരിഹാസവും, കുത്തുവാക്കുകളും മാത്രം പറഞ്ഞ മറ്റൊരു വിഭാഗത്തിന് മുൻപിൽ അഭിമാനത്തോടെ ജീവിക്കുകയാണ് മണി ലളിത ദമ്പതികൾ.

മക്കൾക്ക് രണ്ട് പേർക്കും രണ്ടരവയസായി ഇപ്പോൾ. അവരുടെ കളിയും, ചിരിയും, കൊഞ്ചലും, കരച്ചിലുമായി ആ കുഞ്ഞു വീട് ശരിയ്ക്കും ഒരു സ്വർഗമാണിപ്പോൾ. അൻപത്തി ഒൻപതാം വയസിൽ ഉള്ളിൽ തോന്നിയ ആഗ്രഹം അറുപതാം വയസിൽ മാതൃത്വത്തിൻ്റെ മുലപ്പാൽ ചുരത്താനുള്ള ഭാഗ്യമായി  ലളിതയ്‌ക്ക് ഈശ്വരൻ നൽകിയ അനുഗ്രഹമാണെന്ന് വിശ്വസിക്കുകയാണ് ആ അമ്മ. ജീവിതത്തിൽ ഇനി തങ്ങൾക്കുള്ള ഏറ്റവും വലിയ ആഗ്രഹം മക്കൾക്ക് രണ്ട് പേർക്കും മെച്ചപ്പെട്ട വിദ്യാഭ്യസം നൽകി ഒരാളെ കലക്ടറും, ഒരാളെ അച്ഛനെ പോലെ ഓട്ടോ ഡ്രൈവർ ആക്കുകയെന്നതാണെന്നും ഇരുവരും പറയുന്നു.

x