ഭാര്യയേയും മക്കളേയും കെട്ടിപ്പിടിച്ച് ശുചിമുറിയില്‍ ഫൈസല്‍; കഞ്ഞിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ട് നടുങ്ങി നാട്ടുകാര്‍

നാലംഗ കുടുംബത്തിന്റെ കൂട്ടക്കൊലയില്‍ നിന്നും മുക്തരായിട്ടില്ല ഇടുക്കി ചീനിക്കുഴിയിലുള്ളവര്‍. തന്റെ സ്വന്തം മകനേയും മകന്റെ ഭാര്യയേയും ഇവരുടെ രണ്ട് മക്കളേയുമാണ് ഹമീദ് എന്ന 79കാരന്‍ ചുട്ടുകൊന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്‌ന എന്നിവര്‍ രക്ഷപ്പെടാന്‍ കഴിയാതെ ശനിയാഴ്ച പുലര്‍ച്ചെ വെന്തുമരിക്കുകയായിരുന്നു.ഹമീദിനെ തെളിവെടുപ്പിന് സംഭവസ്ഥലത്തെത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോക്ഷാകുലരായി. ‘അവനെ ആദ്യം അടിച്ച് കൊല്ലണം…അവനെ വിടരുത്’ എന്ന് പറഞ്ഞ് നാട്ടുകാര്‍ ഇയാള്‍ക്ക് ചുറ്റും തടിച്ചുകൂടി.

ഹമീദിന്റെ പേരിലുള്ള 72 സെന്റ് സ്ഥലത്തിന്റെ കുറച്ച് ഭാഗം ഇയാള്‍ മകന്‍ ഫൈസലിന് എഴുതിക്കൊടുത്തിരുന്നു. എന്നാല്‍ സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും തന്നെ നോക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഹമീദ് പൊലീസിനോട് പറഞ്ഞിരുന്നു. തറവാട് വീടും അതിനോട് ചേര്‍ന്നപറമ്പും മുഹമ്മദ് ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ നോക്കിക്കൊള്ളാം എന്നും പറമ്പിലെ ആദായം എടുക്കാം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ മുഹമ്മദ് ഫൈസല്‍ വാക്ക് പാലിക്കാത്തത് തന്നെ ചൊടിപ്പിച്ചെന്നും ഹമീദ് പറഞ്ഞു.

നേരത്തെത്തന്നെ കൃത്യമായ പ്ലാനിങുകള്‍ പ്രതി നടത്തിയിരുന്നു. ഇതിനായി പെട്രോള്‍ സംഭരിച്ചു വെയ്ക്കുകയും ആരെങ്കിലും എത്തി തീ അണയ്ക്കാതിരിക്കാനായി വാട്ടര്‍ ടാങ്കിലെ മുഴുവന് വെള്ളവും ഒഴുക്കി കളയുകയും ചെയ്തിരുന്നു. വെള്ളമടിക്കുന്നതിനുള്ള മോട്ടോറിന്റെ കണക്ഷനും വിച്ഛേദിച്ചു. അടുത്ത വീടുകളിലെ ടാങ്കിലെ വെള്ളവും തുറന്നു വിട്ടിരുന്നു. രാത്രി ഒരുമണി വരെ എല്ലാവരും ഉറങ്ങാനായി കാത്തിരുന്ന ഹമീദ് എല്ലാ വാതിലുകളും പുറത്ത് നിന്നും പൂട്ടിയിരുന്നു. കിടക്കയ്ക്കും മറ്റും തീപിടിച്ചതോടെയാണ് ഫൈസലും കുടുംബവും എഴുന്നേറ്റത്. വാതില്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികളിലൊരാള്‍ അയല്‍വാസിയായ രാഹുലിനെ വിളിച്ച് രക്ഷിക്കണമെന്നപേക്ഷിച്ചു.

 

എന്നാല്‍ രാഹുല്‍ എത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു. പുറത്ത് നിന്ന് കുപ്പിയില്‍ പെട്രോള്‍ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുന്നുണ്ടായിരുന്നു. വാതില്‍ തകര്‍ത്താണ് രാഹുല്‍ അകത്ത് കയറിയത്. ആ സമയം ഫൈസലും കുടുംബവും രക്ഷ തേടി ശുചിമുറിയില്‍ കയറിയിരുന്നു. രാഹുല്‍ എത്തിയിട്ടും അവര്‍ പേടിച്ച് പുറത്തേക്ക് വന്നിരുന്നില്ല. ആ കുടുംബം ആ ശുചിമുറിക്കുള്ളില്‍ തന്നെ കത്തിയമര്‍ന്നു. തീ ഒരു വിധം അണച്ച് ശുചിമുറിയില്‍ കയറിയ നാട്ടുകാര്‍ കണ്ടത് മക്കളേയും ഭാര്യയേയും കെട്ടിപ്പിടിച്ച് കിടക്കുന്ന ഫൈസലിനെയാണ്. ഏവരുടേയും കണ്ണ് നനയിക്കുന്ന ദയനീയ കാഴ്ച. കണ്ട് നിന്നവര്‍ പൊട്ടിക്കരഞ്ഞു. ഒരിക്കലും മനസ്സില്‍ നിന്നും പോകാത്ത തരത്തിലുള്ള നീറുന്ന കാഴ്ച.കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍.മകേകളമായി ഹമീദ് കുറച്ച് നാളായി വഴക്കിലായിരുന്നെങ്കിലും ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

x