പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടി ജയിച്ച വിദ്യാർത്ഥിയുടെ ആത്മഹത്യ; പെൺകുട്ടിയെ യുവാവ് ശല്യം ചെയ്തിരുന്നതായും ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി അച്ഛൻ രംഗത്ത്. രാഖിശ്രീയുടെ മരണം യുവാവിൻ്റെ ശല്യം സഹിക്ക വയ്യാതെയെന്ന് അച്ഛൻ പറഞ്ഞു. ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അച്ഛൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകി. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാൻ നമ്പറുകളും നൽകി. തന്നോടൊപ്പം വന്നില്ലിങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നതും അടക്കമുള്ള ഭീഷണിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16-ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ രാജീവൻ പറഞ്ഞു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് രാഖിശ്രീയെ വീട്ടിലെ ശുചി മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു രാഖിശ്രീ ആർ.എസ് (ദേവു-15). കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് – ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖി ശ്രീ. കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ് വിജയം നേടി‌യ വിദ്യാർഥിനിയാണ് രാഖിശ്രീ. അന്ന് സ്കൂളിൽ വിദ്യാർഥികൾ ഒത്തുകൂടുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

x