ആണും, പെണ്ണും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്‌നം ? ഇരിപ്പിടം വെട്ടിപൊളിച്ചവർക്കെതിരെ മടിയലിരുന്ന് വേറിട്ട പ്രതിഷേധവുമായി തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആൺകുട്ടികളും, പെൺകുട്ടികളും ഒരുമിച്ച് ഇരിക്കരുതെന്ന് ചൂണ്ടി കാണിച്ച് കഴിഞ്ഞ ദിവസം ചിലർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം വെട്ടിപ്പൊളിച്ച നടപടിയ്‌ക്കെതിരെ വേറിട്ട പ്രതിഷേധം നടത്തി വിദ്യാർത്ഥികൾ. ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ഇരിപ്പിടത്തിൽ രണ്ട്, മൂന്ന് പേർ ഒരുമിച്ചിരുന്നുകൊണ്ടാണ് സദാചാര ഗുണ്ടകളോടായി തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് (സിഇടി) സമീപമായിരുന്നു സംഭവം നടന്നത്.

ഇത്തരമൊരു വേറിട്ട പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നിലെ അനുഭവം വിദ്യാർത്ഥികൾ തന്നെ പങ്കുവെച്ചു. കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോൾ ഇരിപ്പിടങ്ങളെല്ലാം വെട്ടിപൊളിച്ച് കൊണ്ട് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന തരത്തിലാക്കി ചില ആളുകൾ മാറ്റി. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ആദ്യം വിദ്യാർത്ഥികൾക്ക് മനസിലായില്ലെങ്കിലും പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും പരസ്പരം അടുത്തിരിക്കുന്നത് തടയാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്ന് ബോധ്യപ്പെട്ടതോട് കൂടെ വലിയ രീതിയിൽ പ്രതിഷേധമുയരുകയായിരുന്നു.

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാര്‍ഥികളാണ് ഇതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത്. കഷ്ടിച്ച് ഒരാളിന് മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം നടത്തിയത്. തങ്ങളുടെ പ്രതിഷേധത്തിൻ്റെ ചിത്രങ്ങൾ ഇതിൻ്റെ ചിത്രങ്ങളും വിദ്യാര്‍ഥികള്‍ തങ്ങളുടെ സമൂഹമാധ്യമ അകൗണ്ടുകളിൽ പങ്കുവെച്ചു. അതിന് പിന്നാലെയാണ് നിരവധി ആളുകൾ സംഭവത്തെക്കുറിച്ച് അറിയുന്നതും വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയത്.

‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോലേ’ എന്ന അടിക്കുറിപ്പോടെയാണ് പ്രതിഷേധത്തിൻ്റെ ചിത്രങ്ങൾ വിദ്യാർത്ഥികളെല്ലാം പങ്കുവെച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. നിരവധി ആളുകൾ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. ഇതോടെ കോളേജിലെ മറ്റു വിദ്യാർഥികളും ഐക്യദാർഢ്യംപ്രകടിപ്പിച്ച് രംഗത്തെത്തി. സംഭവം വൈറലാകുമെന്നും ഇത്രയേറേ പിന്തുണയും, ശ്രദ്ധയും ലഭിക്കുമെണ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതിഷേധത്തിൻ്റെ ഭാഗമായ വിദ്യാർഥികളിൽ ഒരാളായ ആര്യ പറയുന്നു.

പൊതുസമൂഹം കാര്യങ്ങൾ മനസിലാക്കുന്നതായും ഇങ്ങനെയുള്ള വിഷയങ്ങളിൽ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും പ്രതിഷേധം സംഘടിപ്പിച്ച വിദ്യാർത്ഥികൾ പറഞ്ഞു. ഇത്തരത്തിലുള്ള വിവേചന ങ്ങൾക്കും, വേരിതിരികൾക്കും എതിരെ മുൻപും കോളേജിൽ പ്രതിഷേധ പരിപാടികളും, സമരവും സംഘടിപ്പിച്ചിരുന്നു. വൈകീട്ട് 6 .30 – ന് മുൻപായി പെൺകുട്ടികൾ ഹോസ്റ്റലിൽ പ്രവേശിക്കണമെന്ന നിർദേശത്തിനെതിരെയായിരുന്നു ഒരിക്കൽ സമരം. ഒരു പറ്റം വിദ്യാർത്ഥികൾ മൂന്ന് മാസം പിന്മാറാൻ തയ്യാറാവാതെ നടത്തിയ സമരത്തെത്തുടർന്ന് പ്രവേശനസമയം രാത്രി 9.30 വരെ നീട്ടി നൽകുകയായിരുന്നു.
വേറിട്ട പ്രതിഷേധങ്ങളിലൂടെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഇവർക്ക് മറ്റ് വിദ്യാർത്ഥികളുടെ പൂർണ പിന്തുണ ലഭിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിമിഷ നേരത്തിനുള്ളിൽ തന്നെ പ്രതിഷേധ വീഡിയോയും, ചിത്രങ്ങളും വൈറലായി കഴിഞ്ഞു.

x