മണിപ്പൂരിൽ അപമാനിപ്പിക്കപ്പെട്ട സ്ത്രീകളുടെ കൂട്ടത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയും

മണിപ്പൂരിൽ മൂന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ക്രൂരപീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അടിക്കടി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും തമ്മിൽ തമ്മിലുള്ള പഴിചാരലുകളും വാക് പോരുകളും ബാക്കിയാകുമ്പോൾ സംഭവം നടന്നിട്ട് ഒരു മാസം പിന്നിടുന്നു എന്ന കാര്യം വളരെയധികം വേദനയോടെ മാത്രമേ ഓർക്കുവാൻ സാധിക്കുകയുള്ളൂ. സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണനയും അവരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യവും നൽകുന്ന നാടാണ് ഇന്ത്യ എന്ന് പറയുമ്പോൾ പോലും ഇവിടെ ആരും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് ഒന്നോ രണ്ടോ ദിവസം ആഘോഷമാക്കാനുള്ള കാര്യങ്ങൾ മാത്രമായി ഇത്തരം സംഭവങ്ങൾ ചുരുങ്ങുമ്പോൾ ഇതിന് പിന്നിലെ പല സംഭവങ്ങളും ആളുകളുടെ മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന തരത്തിലുള്ളവയാണ്.

54, 42, 21 എന്നീ പ്രായമുള്ള 3 സ്ത്രീകളാണ് മണിപ്പൂരിൽ ക്രൂര പീഡനത്തിന് ഇരയാക്കപ്പെട്ടത്. ഇവരിൽ ഒരാളുടെ സഹോദരനെയും അച്ഛനെയും ആക്രമികൾ മർദ്ദിച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് സംരക്ഷണം തേടിയ ഇവരെ ജനക്കൂട്ടം എത്തി അവരുടെ കയ്യിൽ നിന്ന് ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്ന് അതിക്രമത്തിനിരയായവർ തന്നെ വെളിപ്പെടുത്തുന്നുണ്ട്. കുകി മേഖലയിൽ നിന്നാണ് ഇത്തരത്തിൽ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു അതിക്രൂര സംഭവം നടന്നത്.കുകി വിഭാഗക്കാരായ സ്ത്രീകളെ മെയ്‌തെയ് വിഭാഗത്തിൽപ്പെട്ട ഒരു സംഘം യുവാക്കൾ റോഡിലൂടെ നഗ്നരാക്കി നടത്തുകയും വയലിൽ എത്തിച് ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ആയിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നത്

മെയ് നാലിന് നടന്ന സംഭവത്തെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കമുള്ള വാദപ്രതിവാദങ്ങൾ നടക്കുന്നത്. ഇതിനിടയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളിൽ ഒരാൾ സൈനികന്റെ ഭാര്യയാണ് എന്നതാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യയാണ് ഇരകളിൽ ഒരാൾ. സ്വന്തം നാടിനുവേണ്ടി കുടുംബത്തെ മാറ്റി നിർത്തി രാവും പകലും ഇല്ലാതെ അതിർത്തികളിൽ സംരക്ഷണത്തിനു പോകുന്ന സൈനികന്മാർക്ക് ഇന്ത്യൻ ജനത നൽകുന്ന പ്രതിഫലം ആണോ ഇതെന്ന തരത്തിലുള്ള ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. അവർ നമുക്ക് വേണ്ടി കാവൽ നിൽക്കുമ്പോൾ നമ്മൾ അവരുടെ കുടുംബത്തിന് കാവൽ നിൽക്കുകയല്ലേ വേണ്ടത് എന്ന ചോദ്യവും വ്യാപകമായി ഉയരുന്നുണ്ട്.

x