സുരേഷ്‌ഗോപിയുടെ പേര് പറഞ്ഞ് പരിചയപ്പെട്ടു, ഒടുവിൽ ലക്ഷങ്ങൾ പറ്റിച്ചു; സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കെതിരെ വഞ്ചാനാക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി പ്രതിയായ വഞ്ചനാക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. സുനില്‍ ഗോപി, സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് പരിചയപ്പെട്ടതെന്നും തട്ടിപ്പ് ബോധ്യമായതോടെ പൊലീസില്‍ പരാതി നല്‍കിയെന്നും എസ് രാജന്‍ പറഞ്ഞു. പരാതിക്കാരനായ ഗിരിധറിന്റെ ബിസിനസ്സ് പാര്‍ട്ണര്‍ ആണ് എസ് രാജന്‍. 72 ലക്ഷം രൂപ ആയിരുന്നു സുനില്‍ ഗോപിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിരുന്നത്. സുനില്‍ ഗോപിയുടെ സുഹൃത്തുക്കളായ റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയും അയച്ചിരുന്നു. എന്നാല്‍ സ്ഥലം വില്‍പ്പനയില്‍ കബളിപ്പിച്ചതായി കണ്ടെത്തിയതോടെ കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്തതെന്നും എസ് രാജന്‍ പറഞ്ഞു.

ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂര്‍ ജി എന്‍ മില്‍ റോഡിലെ ഗിരിധരന്റെ പരാതിയിലായിരുന്നു അറസ്റ്റ്. കൂടാതെ, റീന, ശിവദാസ് എന്നിവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. കോടതി രജിസ്‌ട്രേഷന്‍ അസാധുവാക്കിയ സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.കോയമ്പത്തൂർ നവക്കര മാവുത്തംപതി വില്ലേജിലെ മയിൽ സ്വാമിയുടെ 4.52 ഏക്കർ ഭൂമി സുനിൽ ഗോപി വാങ്ങിയിരുന്നു. എന്നാൽ സ്ഥല വിൽപ്പനയുമായി ബന്ധപ്പെട്ട് സിവിൽ കേസ് ഉണ്ടായതോടെ കോടതി സ്ഥലവിൽപന അസാധുവാക്കി. ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധരന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുൻകൂർ പണം കൈപ്പറ്റുകയും 2021 നവംബർ 24 ന് രജിസ്ട്രേഷൻ നടത്തി കൊടുക്കുകയും ചെയ്തിരുന്നു.

പണം മറ്റ് രണ്ട് പ്രതികളും ചേര്‍ന്നായിരുന്നു വാങ്ങിയത്. തുടര്‍ന്ന് ഗിരിധരന്റെ വിശദമായ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതായും സ്ഥലം മറ്റൊരാളിന്റെ പേരില്‍ ആണന്നും കണ്ടെത്തിയത്. പിന്നീട്, അദ്ദേഹം സുനില്‍ ഗോപിയോട് പണം തിരികെ ചോദിക്കുകയും വഞ്ചിച്ചതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. പക്ഷേ, സുനില്‍ ഗോപി വ്യക്തമായ മറുപടി ഒന്നും പറഞ്ഞില്ല. അതോടെയാണ്, കോയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അതിനിടെ, സുനില്‍ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതോടെ പൊലീസ് കോഴിക്കോട് നിന്ന് ഇദ്ദേഹത്തെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുക.ും ചെയ്യുകയായിരുന്നു.

അതോടൊപ്പം തന്നെ ഉപയോഗിക്കാന്‍ നല്‍കിയ കാര്‍ വ്യാജ രേഖ നല്‍കി സ്വന്തം പേരിലാക്കി എന്ന പരാതിയും സുനില്‍ ഗോപിയ്‌ക്കെതിരെ ഉയരുന്നുണ്ട്.അസാധുവായ ഭൂമി വില്‍പ്പന നടത്തിയ കേസിലെ ഗിരിധര്‍ തന്നെയാണ് സുനില്‍ ഗോപിക്കെതിരെ ഈ ആരോപണവും ഉന്നയിച്ചിരിക്കുന്നത്. ഉപയോഗിക്കാന്‍ നല്‍കിയ കാര്‍ വ്യാജ രേഖ കെട്ടിച്ചമച്ചമച്ച് സ്വന്തം പേരിലാക്കി എന്ന് ഗിരിധര്‍ പരാതിയില്‍ പറയുന്നു.

x