ഇവിടെ നിര്‍ത്തിയാല്‍ എന്നെയിനി കാണില്ല, പേടിയാണ് അച്ഛാ’ -വിസ്മയയുടെ അവസാന ഫോൺ സംഭാഷണം പുറത്ത്

കേരള മനസാക്ഷിയെ ഒന്നാകെ കണ്ണീരിലാഴ്ത്തുകയും, ഏറെ കോളിളക്കം സൃഷ്ഠിക്കുകയും ചെയ്‌ത കേസുകളിലൊന്നായിരുന്നു വിസ്മയ കേസ്. സ്ത്രീധന പീഡന പരാതിയെത്തുടർന്ന് കൊല്ലം സ്വദേശിനിയും, ആയുര്‍വേദ ബിരുദ വിദ്യാര്‍ത്ഥിനിയുമായ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് കേസിൽ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തു. വിസ്മയയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകൾ കിരൺകുമാറിന് നേരേ ചുമത്തിയിയിരുന്നു.

കഴിഞ്ഞ വർഷം ജൂൺ – 21 നാണ് വിസ്‌മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. പല തരത്തിലുള്ള ദുരൂഹതകളും വിസമയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം ആരോപിച്ചിരുന്നെങ്കിലും ആത്മഹത്യയാണെന്ന് തെളിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും, വാട്സാപ്പ് സന്ദേശങ്ങളും പ്രധാന രേഖകളാക്കിയിട്ടാണ് കുറ്റപത്രത്തിൽ സമർപ്പിച്ചിരിക്കുന്നത്. ജനുവരി പത്തിനായിരുന്നു കേസിന്‍റെ വിചാരണ ആരംഭിച്ചത്. കിരണും, വീട്ടുകാരും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിയ്ക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിക്കുകയും ചെയ്‌തു.

വിസ്മയ കേസിൽ നാളെ വിധി പറയാനിരിക്കുന്ന സാഹചര്യത്തിലാണ് നിർണായക തെളിവുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കേസിനെ സംബന്ധിച്ച് നിർണായക വിധി വരാനിരിക്കുന്ന സാഹചര്യത്തിലാണ് വിസ്‌മയുടെ ഭർത്താവ് കിരൺ കുമാറിൽ നിന്നും തനിയ്ക്ക് നേരിട്ട് അനുഭവിക്കേണ്ടി വന്ന ക്രൂര മർദ്ദനങ്ങളെക്കുറിച്ച് വിസ്‌മയ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരിക്കുന്നത്. വിസമയ തൻറെ അച്ഛനോട് അവസാനമായി പറയുന്ന കാര്യങ്ങളാണ് വീഡിയോ സന്ദേശത്തിലുള്ളത്. ”എനിയ്ക്ക് കഴിയില്ല അച്ഛാ, ഇവിടെ നിർത്തിയിട്ട് പോയാൽ ഇനി എന്നെ കാണില്ല, എനിയ്ക്ക് അങ്ങോട്ട് വരണം, കിരൺ എന്നെ ഉപദ്രവിക്കുന്നു, പേടിയാകുന്നു’ ഞാൻ എന്തെങ്കിലും ചെയ്യും” എന്ന് വിസ്മയ കരഞ്ഞു പറയുന്ന കാര്യമാണ് ശബ്ദ രേഖയിലുള്ളത്.

അതേസമയം വിസ്മയ അനുഭവിച്ച പീഡനത്തെക്കുറിച്ച് അറിയാൻ തങ്ങൾ വൈകി പോയെന്നും, മകളോട് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടിരുന്നതായും ,വിസ്‌മയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞതിന് ശേഷം കിരണിൻ്റെ വീട് കാണാന്‍ പോയ അന്ന് തന്നെ അവര്‍ സ്ത്രീധനം ചോദിച്ചിരുന്നതായും, മകൾക്ക് നൂറു പവന്‍ കൊടുത്തെന്നും നിങ്ങളുടെ മകള്‍ക്ക് എത്ര കൊടുക്കുമെന്നുമായിരുന്നു കിരണിൻ്റെ വീട്ടുകാരുടെ ചോദ്യമെന്നും, തങ്ങൾ നൂറ് പവനും ഒന്നേകാല്‍ ഏക്കര്‍ സ്ഥലവും പത്ത് ലക്ഷം രൂപയുടെ കാറും നല്‍കുമെന്നായിരുന്നു പറഞ്ഞത്. പക്ഷേ ഇത്രയെല്ലാം നൽകിയിട്ടും ഇതിനേക്കാൾ കൂടുതൽ ലഭിക്കണമെന്ന് കിരൺ പ്രതീക്ഷിച്ചിരിക്കണമെന്നും, മകളെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കാനുള്ള കാരണം ഇതാകുമെന്നും വിസ്മയുടെ അച്ഛൻ കൂട്ടിച്ചേർത്തു.  മകളുടെ മരണത്തിന് കാരണക്കാരനായ കിരണിന് തക്കതായ ശിക്ഷ ലഭിക്കണമെന്നും, ഇത്തരത്തിൽ സ്ത്രീധനത്തിൻ്റെ പേരിൽ തങ്ങളുടെ മകൾക്ക് സംഭവിച്ചതു പോലെ മറ്റൊരാൾക്കും സംഭവിക്കരുതെന്നും വിസ്‍മയുടെ അച്ഛൻ വ്യക്തമാക്കി. വിസ്മയ കേസിൽ നാളെ വിധി വരുന്നതോടു കേരളത്തിലെ സ്ത്രീ പീഡന കേസിലെ ഏറ്റവും പ്രധാനപ്പെട്ടതും, നിർണായകവുമായ വിധിയാവും ഇത്.

 

x