എന്റെയും മക്കളുടേയും മരണത്തിന് ഉത്തരവാദി ഭാര്യയും കാമുകന്മാരും ; അച്ഛനും മകനും അപകടത്തില്‍ മരിച്ചതില്‍ വഴിത്തിരിവായി ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം – പേരൂർക്കട സ്വദേശി കഴിഞ്ഞ ദിവസം മകനൊപ്പം അർധ രാത്രിയിൽ ടാങ്കർ ലോറിയിലേയ്ക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയ സംഭവം ഏറെ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. തൻ്റെ മരണത്തിന് കാരണക്കാരായവർ എന്ന അടികുറിപ്പോടെ ചില വ്യക്തികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷമായിരുന്നു ഇത്തരത്തിലൊരു ആത്മഹത്യ. ഇന്ധന ടാങ്കറിൻ്റെ നിയന്ത്രണം നഷ്ടപ്പെടാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി കിട്ടിയതിൻ്റെ ആശ്വാസത്തിലാണ്‌ പരിസരവാസികൾ.

പേരൂർക്കട മണികണ്‌ഠേശ്വരം സ്വദേശി പ്രകാശ് ( 48) മകൻ ശിവദേവ് (11) എന്നിവരാണ് മരണപ്പെട്ടത്. പ്രകാശിനും, ഭാര്യ ശശികലയ്‌ക്കും ഒരു മകൾ കൂടെയുണ്ട്. മാമം പാലത്തിന് സമീപമായി ഇന്നലെ രാത്രി 12 മണിയ്ക്കാണ് അപകടം സംഭവിക്കുന്നത്. തിരുവനന്ത പുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്നു പ്രകാശനും, മകനും. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേയ്ക്ക് ഡീസലുമായി പ്രവേശിച്ച ടാങ്കർ ലോറിയാണ് കാറുമായി കൂട്ടിയിടിക്കുന്നത്.

പ്രകാശൻ്റെ ഭാര്യ ശശികല കഴിഞ്ഞ ഒൻപത് മാസമായി വിദേശത്താണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളെ സംബന്ധിച്ച് ഇരുവർക്കുമിടയിൽ തർക്കം നില നിന്നിരുന്നതായും, ശശികലയോട് അവിടെ നിന്നും മടങ്ങി വരാൻ പ്രകാശൻ ആവശ്യപ്പെട്ടിരുന്നതായും, എന്നാൽ ശശികല ഇതിന് വിസമതിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് മരിക്കാൻ തീരുമാനമെടുത്ത പ്രകാശൻ ആത്മഹത്യകുറിപ്പ് മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്നു. പരാതി നൽകി പ്രശ്നങ്ങൾ അവസാനിപ്പിക്കുവാൻ അറിയാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്യാൻ തയ്യാറാകുന്നതെന്നും, ജനങ്ങൾ എല്ലാവരും കാര്യങ്ങൾ അറിയണമെന്നുള്ളത് കൊണ്ടാണെന്നും കുറിപ്പിൽ പ്രകാശൻ സൂചിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

ഭാര്യയുടെ പ്രവൃത്തികളാണ് തന്നെ മരണത്തിലേയ്ക്ക് നയിച്ചതെന്നും, മോൾ അച്ഛനോട് ക്ഷമിക്കണമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ഇന്നലെ രാത്രി 10.59 – നാണ് ‘തൻ്റെയും, മകൻ്റെയും മരണത്തിന് കാരണക്കാർ ഇവർ’ എന്ന പോസ്റ്റ് പ്രകാശ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. അഞ്ചു പേരുടെ ചിത്രങ്ങടങ്ങിയ പോസ്റ്റാണ് പങ്കുവെച്ചത്. ഇതിന് ശേഷമാണ്‌ കാറിൽ ആറ്റിങ്ങൾ ഭാഗത്തേയ്ക്ക് പോയ ഇവർ വാഹനം ടാങ്കർ ലോറിയിലേയ്ക്ക് ഇടിച്ചു കയറ്റി സ്വയം മരിക്കുന്നത്. സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്നും, മരണംആതമഹത്യയാണെന്നും പോലീസ് പറയുന്നു.

അതെ സമയം മരിക്കാനുണ്ടായ സാഹചര്യവും, ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങളും സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്തുവാനും, അതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുവാനും, പറയാൻ സാധിക്കുകയുള്ളു എന്നാണ് പോലീസ് പറയുന്നത്.പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും, തിരുവനന്തപുരം ആശുപത്രിയിലേയ്ക്ക് മാറ്റി.

x