സര്‍ക്കാര്‍ കളിയാക്കി, പോരാട്ടം എല്ലാവര്‍ക്കും വേണ്ടി, തനിക്ക് മാത്രം പെന്‍ഷന്‍ കിട്ടിയാല്‍ വേണ്ട: മറിയക്കുട്ടി

തൊടുപുഴ: പെന്‍ഷന്‍ കുടിശ്ശിക കിട്ടാനുള്ള തന്റെ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയാണെന്ന് വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ ഭിക്ഷ തെണ്ടല്‍ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടിയില്‍ പ്രതികരിക്കുകയായിരുന്നു അവര്‍. സര്‍ക്കാര്‍ തന്നെ കളിയാക്കി. അത് ഇന്നും ഇന്നലയും തുടങ്ങിയതല്ലല്ലോയെന്നും, ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന സര്‍ക്കാര്‍ വാദത്തോട് പ്രതികരിക്കവെ അവര്‍ ചോദിച്ചു.

പെന്‍ഷന്‍ എല്ലാവര്‍ക്കും കിട്ടാത്തതുകൊണ്ടാണ് പ്രശ്‌നമുണ്ടായത്. കോടതി ഇടപെട്ട് തനിക്ക് മാത്രം പെന്‍ഷന്‍ കിട്ടേണ്ട. തനിക്കുമാത്രം കിട്ടിയിട്ട് ജീവിക്കണം എന്ന ആഗ്രഹക്കാരിയല്ല. എല്ലാവര്‍ക്കും കിട്ടുന്നതാണ് സന്തോഷം. ഇതുവരെ അങ്ങനെ തന്നെയാണ് പറഞ്ഞതെന്നും ഇനി മുന്നോട്ടും അങ്ങനെയാണെന്നും അവര്‍ വ്യക്തമാക്കി.

അഞ്ചുമാസത്തെ വിധവാ പെന്‍ഷന്‍ ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മറിയക്കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്. ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

x