വേദനയായി രഞ്ജിത്ത്; തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം, കണ്ണുകൾ ദാനം ചെയ്യും

തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 1.30-ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം.

തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത് ആണ് മരിച്ചത്. ഇയാൾ അഗ്നിശമന സേനയുടെ ചാക്ക യൂണിറ്റിലെ അംഗമാണ്. തീയണയ്ക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളിൽനിന്ന് പുറത്തെത്തിച്ചത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും 3.50-ഓടെ മരിക്കുകയായിരുന്നു.

അദ്ദേഹത്തിൻ്റെ കണ്ണുകൾ ദാനം ചെയ്യും. നടപടികൾക്കായി തിരുവനന്തപുരം കണ്ണാശുപത്രിയിൽ നിന്നുള്ള സംഘം കിംസിൽ എത്തി. രഞ്ജിത് നേരത്തെ ട്രൈനിംഗ് സമയത്ത് തന്നെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകിയിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മരണപ്പെട്ടതുകൊണ്ട് മറ്റ് അവയവങ്ങളൊന്നും ദാനം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ഇതേത്തുടർന്നാണ് ഇപ്പോൾ രഞ്ജിത്തിന്റെ കണ്ണ് ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചത്.

തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. . കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്. തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.

 

x