കോച്ചിങ്ങിന് പോയിട്ടില്ല, സ്വയം ഇരുന്ന് പഠിച്ചതാണ്, ചെറുപ്പം മുതലേ പത്രവായന ഒരു ശീലമായിരുന്നു; സിവിൽ സർവ്വീസ് പരീക്ഷയിൽ ആറാം റാങ്ക് സ്വന്തമാക്കി ഗഹന നവ്യ ജയിംസ്

2022ലെ സിവിൽ സർവീസ് പരീക്ഷയിൽ മലയാളികളുടെ അഭിമാനമായി ഗഹന നവ്യ ജയിംസ്. സിവിൽ സർവ്വീസ് പരീക്ഷയിൽ ആറാം റാങ്ക് ആണ് കോട്ടയം പാല സ്വദേശിയായ ഗഹന നവ്യ ജയിംസ് സ്വന്തമാക്കിയിരിക്കുന്നത്. പാലാ പുലിയന്നൂരിലെ ചിറയ്ക്കൽ വീട്ടിൽ റിട്ട പ്രൊഫസർമാരായ ഡോ പി.കെ ജയിംസിന്റെയും ദീപ ജോർജ്ജിന്റെയും മകളാണ്.

ആദ്യ പരിശ്രമത്തിൽ പ്രിലിംസ് പോലും കടക്കാൻ കഴിയാതിരുന്ന നവ്യയ്ക്ക് രണ്ടാമത്തെ ശ്രമത്തിൽ ആറാം റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ്. ഇത്ര മികച്ച റാങ്ക് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഇത്ര വലിയ വിജയം നേടിത്തന്നതെന്നും ഗഹന പറയുന്നു.

പഠിക്കുന്ന കാലത്ത് തന്നെ സിവിൽ സർവ്വീസ് മേഖല തിരഞ്ഞെടുക്കണമെന്ന നിശ്ചയദാർഢ്യം ഗഹനയ്ക്കുണ്ടായിരുന്നു. എസ്എസ്എൽസി മുതൽ പിജി വരെയുള്ള പഠനം മികച്ച ഗ്രേഡിലും ഒന്നാം സ്ഥാനത്തോടയുമാണ് ഗഹന പൂർത്തീകരിച്ചത്. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗഹന ബിരുദം നേടിയത് ചരിത്രത്തിലായിരുന്നു. ബിഎ ഹിസ്റ്ററിയിലും പിജി പൊളിറ്റിക്കൽ സയൻസിലും ഒന്നാം റാങ്കായിരുന്നു. ജപ്പാനിലെ ഇന്ത്യൻ അംബാസിഡറായ സിബി ജോർജ്ജ്. ഗഹനയുടെ അമ്മയുടെ സഹോദരനാണ് അമ്മയുടെ സഹോദരനും ജപ്പാനിലെ ഇന്ത്യൻ അംബാസിഡറുമായ സിബി ജോർജ്ജ് ജീവിതത്തിൽ വലിയ പ്രചോദനമായിരുന്നുവെന്ന് നവ്യ പറയുന്നു.

“ചെറുപ്പം മുതലേ സിവിൽ സർവ്വീസ് മേഖലയോട് വലിയ താല്പര്യമായിരുന്നു. ഞാൻ ഫോറിൻ പോളിസി ഇന്റർ നാഷണൽ റിലേഷൻസ് നല്ല രീതിയിൽ പിന്തുടർന്നിരുന്ന ഒരാളുമായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട പി.എച്ച്.ഡിയാണ് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്”, ഗഹന പറയുന്നു.

ചെറുപ്പകാലം മുതൽ പത്രവായന ഒരു ശീലമായിരുന്നു. സ്വയം പഠിച്ചാണ് സിവിൽ സർവീസ് പരീക്ഷയെ അഭിമുഖീകരിച്ചത്. ഇന്ത്യൻ ഫോറിൽ സർവീസാണ് താത്പര്യമെന്നും ഗഹന കൂട്ടിച്ചേർത്തു. ബിരുദ പഠനം തുടരുന്ന സഹോദരൻ ഗൗരവ്‌ തന്റെ ഏറ്റവും വലിയ സപ്പോർട്ടറാണെന്നും ഗഹന കൂട്ടിച്ചേർത്തു.

Articles You May Like

x