ഞാൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്, ഞാനും തെറ്റുകാരൻ ; കിരൺ പറഞ്ഞ പാട്ട കാറിലിരുന്ന് ചങ്കുപൊട്ടി വിസ്മയയുടെ അച്ഛൻ

കാലം എത്ര മാറിയാലും ഇന്നും തുടര്‍ന്ന് പോരുന്ന ചില രീതികളും, മാറ്റം സംഭവിക്കാത്ത ചില സമ്പ്രദായങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തില്‍ പണ്ട് മുതല്‍ക്കേ നിര്‍ബന്ധപൂര്‍വം പറഞ്ഞു പഠിപ്പിച്ചവയാണ് ‘പെണ്ണായാല്‍ പൊന്നു വേണമെന്നതും,’ പെണ്‍മക്കളെ വിവാഹം കഴിപ്പിച്ച് പറഞ്ഞയക്കുമ്പോള്‍ കയറി ചെല്ലുന്ന വീട്ടില്‍ തങ്ങളുടെ മകള്‍ സുരക്ഷിതയാകണമെങ്കില്‍ കൈനിറയെ പണവും, അളന്ന് തിട്ടപ്പെടുത്തി ഭാഗിച്ചെടുത്ത വിശാല പറമ്പും,കൂട്ടത്തില്‍ മകള്‍ക്കും, മരുമകനും സഞ്ചരിക്കാന്‍ പത്രാസുള്ളൊരു വാഹനവും. ഇവയെല്ലാം പറഞ്ഞുറപ്പിച്ചതിന് ശേഷം മാത്രം തങ്ങളുടെ പെണ്‍മക്കളെ വില്‍പ്പന ചരക്കാക്കി വിവാഹം കഴിപ്പിച്ച് പറഞ്ഞയക്കുന്ന പതിവ് കാഴ്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങള്‍ക്ക് മുന്‍പേ അത് അങ്ങനെ തുടര്‍ന്ന് പോരുന്നു.

‘സ്ത്രീ തന്നെ ധനമെന്ന്’ ആയിരം ആവൃത്തി പറഞ്ഞു പഠിച്ചാലും, ‘സ്ത്രീധനം’ എത്ര കിട്ടുമെന്ന മാറ്റം തൊട്ടുതീണ്ടാത്ത ചോദ്യത്തിന് മുന്‍പില്‍ എത്രോ പെണ്‍കുട്ടികള്‍ വലിയ ചോദ്യചിഹനമായി ആവേശഷി ക്കുന്നു. ഇത്തരത്തില്‍ താലിമാലയ്ക്ക് ഭര്‍ത്താവ് വിലയിട്ടപ്പോള്‍ സ്വന്തം ജീവിതം കൊണ്ട് നിസഹായാവസ്ഥയില്‍ പ്രതികാരം ചെയ്യേണ്ടി വന്ന പെണ്‍മക്കള്‍ നമ്മുക്ക് ചുറ്റും നിരവധിയുണ്ട്. ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്ന നിലവിളികളാല്‍ കേരള മനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച കേസായിരുന്നു സ്ത്രീപീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസ്. വിസ്മയ മരണപ്പെട്ട് ഒരു വര്‍ഷം കഴിയുന്നതിന് മുന്‍പേ തന്നെ നിര്‍ണായക കേസില്‍ വിധിയും, പ്രതിയ്ക്ക് ശിക്ഷയും വിധിക്കുകയായിരുന്നു. എന്താണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് ശിക്ഷ ലഭിക്കുന്നതെന്ന് അറിയാന്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാകും മുന്‍പേ തന്നെ കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയുടെ പരിസര പ്രദേശങ്ങളില്‍ മുന്‍പൊരിക്കലും ഇല്ലാത്ത വിധം വലിയൊരു ആള്‍കൂട്ടം പ്രകടമായിരുന്നു. എന്താവും ശിക്ഷ ? കഠിന തടവ് ആവും, അങ്ങനെയെങ്കില്‍ എത്ര വര്‍ഷം ? തിങ്ങിക്കൂടിയ ആളുകളില്‍ പലരും പിറുപിറുക്കുന്നുണ്ടായിരുന്നു.

ലഭിക്കാന്‍ പോകുന്ന ശിക്ഷ എന്താകുമെന്ന ഭാവത്തില്‍ അലസനായി, കണ്ണുകള്‍ രണ്ടും താഴയേക്ക് താഴ്ത്തി വെള്ള ഷര്‍ട്ട് ധരിച്ച് തന്റെ അഭിഭാഷകാനൊപ്പം കിരണും കോടതി മുറിയിലുണ്ടായിരുന്നു. ഇടയ്ക്ക് വിടുന്ന നെടുവീര്‍പ്പിന് കുറ്റബോധത്തിന്റെ ചെറിയൊരു അംശം അയാളിലുണ്ടെന്ന് കാഴ്ചക്കാരില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാകാം. നാല് കേസുകളില്‍ ജാമ്യം അനുവദിച്ചതിന് ശേഷമായിരുന്നു വിസ്മയ കേസിലെ നടപടി ക്രമങ്ങളിലേയ്ക്ക് കോടതി കടന്നത്. വിധി കേള്‍ക്കാന്‍ വന്നവര്‍ക്കിടയില്‍ ഏറ്റവും അസ്വസ്ഥമായ മുഖം വിസ്മയുടെ പിതാവിന്റേതായിരുന്നു. ജീവനോളം താന്‍ സ്‌നേഹിച്ച മകള്‍ക്ക് വേണ്ടി ഇത്രയെങ്കിലും തനിയ്ക്ക് ചെയ്യാന്‍ കഴിഞ്ഞെല്ലോയെന്ന ആശ്വാസമായിരുന്നു ആ മുഖത്ത്. ഉള്ളുപൊട്ടി കരയുമ്പോഴും, പുറമേ അത് കാണിക്കാതെ ആ പിതാവ് പിടിച്ച് നിന്നു.

മകള്‍ മരണപ്പെട്ട അന്ന് മുതല്‍ അച്ഛന്‍ കെ. ത്രിവിക്രമന്‍ തന്റെ മുടിയും, താടിയും വെട്ടി ഒതുക്കിയിരുന്നില്ല. കുറ്റബോധവും, സങ്കടവും ചേര്‍ന്ന് അയാള്‍ മറ്റൊരാളായി മാറുകയായിരുന്നു. സംസാരിക്കുവാന്‍ പോലും മറ്റുള്ളവരോട് മടി കാണിക്കുന്ന തരത്തില്‍ പ്രിയപ്പെട്ട മകളുടെ മരണം അയാളെ വല്ലാതെ മാറ്റിയിരുന്നു. മകളുടെ മരണത്തിന് കാരണക്കാരനായവന് ശിക്ഷ ലഭിച്ചെങ്കിലും, ഒരു പ്രതിഷേധമെന്നോ, കുറ്റബോധമെന്ന നിലയ്ക്കോ തന്റെ താടിയും, മുടിയും എടുക്കാന്‍ ആ പിതാവിന് ഇപ്പോഴും മനസ് വന്നിട്ടില്ല. വന്നിരിക്കുന്ന വിധിയില്‍ സന്തോഷമുണ്ടെന്നും, ലഭിക്കാവുന്നതില്‍ വെച്ച് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി വിസ്മയുടെ അച്ഛന്‍ മാധ്യങ്ങളോട് പ്രതികരിച്ചു.

മകളുടെ മരണത്തിന് താനും കാരണക്കാരണക്കാരനാണെന്നും, എന്ത് കൊടുക്കുമെന്ന് അവര്‍ ചോദിച്ചപ്പോള്‍ അത് കൊടുക്കാന്‍ താന്‍ തയ്യാറായതാണ് ഇതിനൊക്കെ കാരണമായതെന്നും വേദനയോടെ പിതാവ് പറയുന്നു. സ്ത്രീധനത്തോടുള്ള മോഹമാണ് തന്റെ മകളുടെ ജീവനെടുത്തതെന്നും, ഈ സമ്പ്രദായം തന്നെ നിര്‍ത്തണമെന്നും, തനിയ്ക്ക് എന്ത് ശിക്ഷ കോടതി തന്ന് കഴിഞ്ഞാലും താനത് സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഇടറിയ സ്വരത്തില്‍ ആ പിതാവ് പറയുമ്പോള്‍ ഒരു അച്ഛന്റെ നിസഹായതയും, മകളോടുള്ള സ്‌നേഹവും, കുറ്റബോധം കൊണ്ടുള്ള കുമ്പസാരവുമായിരുന്നു ആ കണ്ണുകളില്‍ പ്രകടമായതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് ഉള്‍പ്പടെ പറഞ്ഞത്.

x