വെറുമൊരു ആത്മഹത്യയായി ഒതുങ്ങേണ്ട കേസിൽ കിരണിനെ കുടുക്കിയത് സ്വന്തം അച്ഛൻ ; നഷ്ടമായത് കഷ്ടപ്പെട്ട് നേടിയ ജോലിയും ജീവിതവും

വിസ്മയ കേസിൽ കിരൺകുമാറിനെ വിനയായത് സ്വന്തം അച്ഛന്റെ മൊഴി. വെറുമൊരു ആത്മഹത്യ എന്ന പേരിൽ എഴുതിത്തള്ളിയ യുവതിയുടെ മരണത്തിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാണ് എന്ന് ഡിജിറ്റൽ തെളിവുകളും ശരി വെച്ചതോടെ കിരൺ കുമാർ എന്ന അത്യാർത്തിക്കാരന് തടവറയിലേക്ക് ഉള്ള വഴിയൊരുക്കുകയായിരുന്നു. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പത്തുവർഷം തടവും 12.55 ലക്ഷം കോടതി വിധി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയാണ് കിരൺ കുമാർ. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി ഇന്നലെ പറഞ്ഞത്.

ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും കിരൺ വിസ്മയയെ ശാരീരികമായും മാനസികമായും പീഡിപിച്ചു. 2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്. സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺ കുമാർ ചെയ്തെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഇത് ശരിയാണെന്ന് കോടതി കണ്ടെത്തി.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകൾ തെളിവിൽ അക്കമിടുകയും 12 തൊണ്ടിമുതലുകൾ നൽകുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻ പിള്ള, സഹോദരപുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ എന്നീ അഞ്ച് സാക്ഷികൾ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. കിരൺകുമാറിന്റെ ഫോൺ സൈബർ പരിശോധനയ്ക്കയച്ചതിൽ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങൾ കണ്ടെത്തിയിരുന്നു.

സ്ത്രീധനം സംബന്ധമായി നടത്തിയതുൾപ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങൾ കോടതിയിൽ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്കുവേണ്ടി പ്രതാപചന്ദ്രൻ പിള്ളയും കോടതിയിൽ ഹാജരായി. എന്നാൽ പരിഷ്കൃത സമൂഹത്തിൽ ലോകത്തെവിടെയും ആത്മഹത്യാ പ്രേരണയിൽ ജീവപര്യന്തം നൽകിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള വാദിച്ചു. കിരണിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും മറ്റ് കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇതൊരു വ്യക്തിക്കെതിരായ കേസല്ലെന്നും സാമൂഹിക വിപത്തിനെതിരായ കേസാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

x