വൻ വ്യവസായി, ഇരുവശത്തും അതീവ സുന്ദരി നായികമാർ, ആഡംബരകാർ, ഭീമൻ ബുള്ളറ്റ്റാലി, പുതുമുഖ നായകന് കൊച്ചിയിൽ ഗംഭീര വരവേൽപ്പ്

തമിഴ്നാടിനെ ലോകത്തിന് മുൻപിൽ തന്നെ അടയാളപ്പെടുത്തുമ്പോൾ എന്നും തലയെടുപ്പോട് കൂടെ നിൽക്കുന്ന ഒന്നാണ് ‘ശരവണ സ്റ്റോഴ്സ്’. വർഷങ്ങളുടെ പാരമ്പര്യമുള്ള വ്യാപാരകുടുംബം എന്ന് വേണം വിശേഷിപ്പിക്കുവാൻ. സെൽവരത്നം,‌ യോഗരത്നം, രാജരത്നം എന്നീ സഹോദരൻമാർ ചേർന്ന് ആഹോരാത്ര പ്രയത്‌നത്താൽ കച്ചവടം വളർത്തി. 1970 – സെപ്റ്റംബർ നാലിന് ‘ടി നഗർ രംഗനാഥൻ’ തെരുവിൽ ‘ഷൺമുഖാ സ്റ്റോഴ്സ്’ എന്ന പേരിൽ ചെറിയൊരു പാത്രക്കടയിലൂടെയായിരുന്നു ഇന്ത്യ ഒന്നാകെ ശ്രദ്ധിക്കപ്പെട്ട ശരവണ സ്റ്റോഴ്‌സിൻ്റെ തുടക്കം. നിരവധി ബിസ്‌നസ് സംരഭങ്ങൾ തുടങ്ങിയപ്പോൾ ഇനി എന്ത് ? എന്ന ചോദ്യത്തിന് മുൻപിൽ 1973 – ൽ ‘ശരവണ സ്റ്റോഴ്സ്’ എന്ന പേരിൽ വസ്ത്രശാലയും ആരംഭിച്ചു.

പിന്നീട് അങ്ങോട്ട് കണ്ണ് അടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു ശരവണസ്റ്റോഴ്സ് – ൻ്റെ വളർച്ചയുടെ നാളുകൾ. സെൽവരത്നത്തിൻ്റെ മകനാണ് ‘ശരവണൻ അരുൾ’. കച്ചവട സ്ഥാപനങ്ങളുടെ വിഭജനം കഴിഞ്ഞപ്പോൾ‌ ചെന്നൈയിലെ പ്രധാന സ്റ്റോറുകളുടെയെല്ലാം ഉടമ ശരവണനായി മാറി. സൂപ്പർ ശരവണ, ദ് ലെജൻഡ് ശരവണ സ്റ്റോറുകളിലൂടെ വൈകാതെ തന്നെ സ്വയം ഒരു ബ്രാൻഡായി മാറുകയായിരുന്നു. തൻ്റെ കച്ചവടസ്ഥാപനത്തിൻ്റെ മുഖവും പരസ്യങ്ങളുടെ മുഖവുമായി അയാൾ അതിവേഗം മാറുകയായിരുന്നു. ബിസ്‌നസ് സാമ്രാജ്യങ്ങളുടെ തലപ്പത്ത് മാത്രമല്ല, ഇന്ന് കോടികൾ വാരിയെറിഞ്ഞ് സിനിമയിലും ഒരു കൈ നോക്കുവാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം.

അൻപത്തിരണ്ടുകാരനായ പുതുമുഖ നായകന് കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തിൽ ഒരുക്കിയ ഗംഭീര വരവേൽപ്പിൻ്റെ വാർത്തകളാണ് പുറത്തു വരുന്നത്. ഇരുവശത്തും സൂപ്പർ നായികമാരോടൊപ്പം പൂമാലയും, ബൊക്കെയും പിടിച്ചുകൊണ്ട് ആഡംബരക്കാറിന് മുന്നിൽ അകമ്പടിയായി ബുള്ളറ്റിൽ ലെജൻഡ് സിനിമയുടെ പോസ്റ്റർ പ്രകടമാക്കുന്ന വെള്ള ടീഷർട്ട് ധരിച്ച യുവാക്കളും അണിനിരന്നുകൊണ്ടാണ് ബിസ്നസ് രംഗത്ത് തമിഴ്നാട്ടിൽ വിജയക്കൊടി പാറിക്കുന്ന, കോടികൾ സമ്പാദ്യമുള്ള ശരവണ സ്റ്റോഴ്സി ൻ്റെ അമരക്കാരനായ ‘ശരവണൻ അരുൾ’ എന്ന ലെജൻഡ് ശരവണന് അവിസ്‌മരണീയ വരവേൽപ്പ് നൽകിയത്.

‘ലെജൻഡ്’ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ‘ശരവണൻ അരുൾ’ കൊച്ചിയിൽ എത്തിയത്. നടി ലക്ഷ്മി റായ് അടക്കമുള്ളവർ താരത്തിനൊപ്പമുണ്ടായിരുന്നു. അമ്പത്തിരണ്ടുകാരനായ ശരവണൻ്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘ദ് ലെജൻഡ്’. വലിയ പ്രതീക്ഷയോടെ ഏവരും ഉറ്റു നോക്കുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിൽ നായികമാരായി എത്തുന്നത് നടിയും മോഡലുമായ 2015 – ൽ മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധി കൂടിയായിരുന്ന ‘ഉർവശി റൗട്ടേല’ – യും മോഡൽ ‘ഗീതിക തിവാരി’യുമാണ്. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘സുമനാണ്’. ലെജൻഡ് ശരവണനൊപ്പം മുഖ്യകഥാപാത്രങ്ങളായി പ്രഭു, യോഗി ബാബു, തമ്പി രാമയ്യ, വിജയകുമാർ, നാസർ, മയിൽസാമി, കോവൈ സരള, മൻസൂർ അലിഖാൻ എന്നിവരുമുണ്ട്. മലയാളത്തിൽ നിന്ന് ‘ഹരീഷ് പേരടി’യും ചിത്രത്തിൽ പ്രധാന റോളിലെത്തുന്നു. വിടപറഞ്ഞ നടൻ ‘വിവേക്’ അവസാനമായി അഭിനയിച്ച ചിത്രമാണ് ‘ദ് ലെജൻഡ്’ എന്നൊരു പ്രത്യേകത കൂടെയുണ്ട്.

x