ഓണ്‍ലൈന്‍ റമ്മി കളിയില്‍ നഷ്ടമായത് വന്‍ തുക, വിവാഹത്തിനായി കരുതിയ സ്വര്‍ണം പണയംവെച്ചും കളി, നടത്തിയത് കോടികളുടെ ബാങ്ക് ഇടപാടുകള്‍; ഒടുവില്‍ ആത്മഹത്യയില്‍ അഭയം കണ്ടെത്തി യുവതി

ണ്‍ലൈന്‍ റമ്മി കളിയുടെ ഇരയായ യുവതി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ ജീവനൊടുക്കിയ വാര്‍ത്ത നാം കേട്ടതാണ്. വിവാഹത്തിനായി കരുതി വെച്ചിരുന്ന പണം വരെ ഓണ്‍ലൈന്‍ റമ്മി കളിയ്ക്കായി വിനിയോഗിച്ച 31കാരിയായ ബിജിഷ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ബാക്കിപത്രമാണ്. ഡിസംബര്‍ 12ന് ആണ് കൊയിലാണ്ടിയിലെ മലയില്‍ ബിജിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണം നടന്നപ്പോൾ ബന്ധുക്കൾക്കും നാട്ടുകാർക്കും ബിജിഷ ആത്മഹത്യ ചെയ്യാനുള്ള കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആത്മഹത്യ ചെയ്യാന്‍ മാത്രം പ്രശ്‌നങ്ങളില്ലാതിരുന്നിട്ടും ബിജിഷ ജീവനൊടുക്കിയത് എല്ലാവരെയും നടുക്കിയിരുന്നു. ബിജിഷയുടെ മരണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി ഒരു കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. യുപിഐ വഴിയാണ് പണമിടപാടുകളെല്ലാം നടത്തിയത്.

ഓണ്‍ലൈന്‍ റമ്മി കളി കാരണം ഇവര്‍ക്ക് നഷ്ടമായത് 20 ലക്ഷത്തോളം രൂപയാണ്. കോവിഡ് കാലത്തെ നേരമ്പോക്കില്‍ നിന്നാണ് ആ കുരുക്കിലേക്ക് ബിജിഷയും എത്തുന്നത്. ഒ സമയത്താണ് ഓണ്‍ലൈന്‍ ഗെയിമുകളില്‍ യുവതി സജീവമായത് എന്നും യുവതി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടു എന്നും പൊലീസ് കണ്ടെത്തി. കൊവിഡ് കാലത്ത് ആദ്യം ചെറിയ രീതിയിലുള്ള ഗെയിമുകളാണ് ബിജിഷ കളിച്ചിരുന്നത്. ആദ്യ ഘട്ടത്തില്‍ ഗെയിം ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിം കളിക്കാനായി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.

എന്നാല്‍ പിന്നീട് ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇതോടെ, വിവാഹത്തിനായി വീട്ടുകാര്‍ വാങ്ങി വെച്ച സ്വര്‍ണം പണയെവെച്ച് കളിക്കാന്‍ തുടങ്ങി.ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് ആരുമറിയാതെ വായ്പയും വാങ്ങിയിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി.വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ യുവതിയെ മോശമായി ചിത്രീകരിച്ച് ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശമയയ്ക്കാന്‍ തുടങ്ങി. ഇവയെല്ലാമാണ് ഈ ആത്മഹത്യയ്ക്ക് കാരണമായത് എന്നാണ് കണ്ടെത്തല്‍.

ബിജിഷയുടെ ഒരു സുഹത്തും ഓണ്‍ലൈന്‍ റമ്മി കളിയില്‍ സജീവമായിരുന്നു. ഈ സുഹൃത്തില്‍ നിന്നും അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവതി ആത്മഹത്യ ചെയ്ത ശേഷം പണം ചോദിച്ച് ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബിജിഷയുടെ വീട്ടുകാര്‍ പറയുന്നു.ആത്മഹത്യയ്ക്ക് ശേഷം കുറച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ബിജിഷയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയത്. 13ലക്ഷം രൂപയാണ് ഒരാള്‍ക്ക് കൈമാറിയത്. മറ്റൊരാള്‍ക്ക് 8 ലക്ഷവും കൈമാറിയിരുന്നു. ബാക്കി ഇടപാടുകളെല്ലാം ചെറിയ തുകകളാണ്. ഇവ ആര്‍ക്കാണെന്നോ എന്തിനെന്നോ വ്യക്തത ഇല്ലായിരുന്നു. ബിജിഷ ആത്മഹത്യ ചെയ്യുന്നത് കുറച്ച് ആഴ്ച്ചകള്‍ക്ക് മുമ്പ് യുവതിയ്ക്ക് നിരന്തരം ഫോണ്‍വിളികള്‍ വന്നിരുന്നു. ഇതില്‍ പലരോടും സംസാരിക്കാന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു. മരണം നടന്ന അന്നും ഫോണ്‍വിളികള്‍ വന്നിരുന്നു. സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലായിരുന്നു ബിജിഷ ജോലി ചെയ്തിരുന്നത്. ബി എഡ് ബിരുദധാരിയാണ്.

x