”നിക്കെ സിന്ധുട്ടിയേ നോമ്പ് തൊറന്നിട്ട് പോവാ”;പങ്കുവെയ്ക്കലിന്റെ പഴയ നോമ്പ്കാല ഓര്‍മ്മകളുമായി ഒരു കുറിപ്പ്‌

കേരളത്തില്‍ റമദാന്‍ വ്രതാരംഭം ഞായറാഴ്ച ആരംഭിച്ചിരിക്കുകയാണ്. ഇസ്ലാമ മത വിശ്വാസികള്‍ വളരെ പവിത്രമായി പരിഗണിക്കുന്ന മാസമാണ് റമദാന്‍. ഒരു മാസം നീണ്ട് നില്‍ക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്ന് മാസത്തേക്കുള്ള ധാര്‍മ്മിക- ആത്മീയ ഊര്‍ജ്ജം കൈവരിക്കുന്നതായിരിക്കണം.ഇപ്പോള്‍ പഴയ നോമ്പ്കാല ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ടുള്ള സിന്ധു സൂരജിന്റെ കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.പങ്കുവെയ്ക്കലിന്റെ ആ നല്ല നോമ്പ് ഓര്‍മ്മകളാണ് കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം;ചൂടു പത്തിരിയും പെരുംജീരകം മണക്കുന്ന കോഴി ച്ചാറും. ആട്ടിൻ പാൽ ചായയും … പിന്നെ തരികഞ്ഞിയും . ആണ് എൻ്റെ നോമ്പിൻ്റെ ഓർമ്മകൾ … എൻ്റെ വീട്ടിൽ എന്നും ആടുകൾ ഉണ്ട് ,ഇപ്പോഴും ഉണ്ട് ,നോമ്പുകാലത്ത് ആട്ടിൻ പാലിന് നല്ല ഡിമാൻ്റ് ആണ് … നോമ്പുതുറക്കാൻ അര മണിക്കൂർ ഒക്കെ ബാക്കിയുള്ളപ്പോൾ ആണ് ഞാൻ പല വീടുകളുടേയും വടക്കിണി പുറത്ത് പാൽ പാത്രവും കൊണ്ടെത്തുക …

നിക്കെ സിന്ധുട്ടിയേ നോമ്പ് തൊറന്നിട്ട് പോവാ …. എന്ന് ഒരു സ്നേഹക്ഷണം നടത്തും വിശപ്പിൻ്റെ കൊടുമ്പിരിയിൽ നിക്കുന്ന നമ്മുടെ താത്ത കുട്ടികൾ … അടുക്കളയിൽ. നിന്ന് പുറത്തേക്ക് പറക്കുന്ന മണങ്ങളിൽ ഒന്നു മനസ്സു ചാഞ്ചാടും ,സ്കൂൾ വിട്ടു വന്നപ്പോൾ കഴിച്ച ബാലവാടി ഉപ്പ് മാവും കട്ടച്ചായയും ഒന്നു മുഖം വീർപ്പിക്കും ,നേരം വൈകിയാൽ അമ്മേടെ കൈ പുല്ലാനി പൊന്തയിൽ കനം കുറഞ്ഞ ചുള്ളൽ തിരയുമല്ലോ എന്നൊരു മിന്നലോർമ്മയിൽ ” വാണ്ട താത്താ നേരം വൈക്യാ അമ്മ തല്ലും ” എന്ന് ഞാൻ തല കുലുക്കി പറയും …. ന്നാ അവടെ നിക്കെ വലാലെ ..’ ഇത് കൊണ്ടെയ്ക്കോ … മറ്റോക്കും കൊടുക്കട്ടോ….. എന്നൊരു പദേശത്തോടെ ധൃതിയിൽ ഒരു കടലാസ് ചീന്തിൽ പൊതിഞ്ഞ രണ്ടോ മൂന്നോ പത്തിരി കയ്യിൽ തരും .. കൈ ചുട്ടുപൊള്ളും പക്ഷെ … മനസ്സിൽ തണുത്ത മഴ പെയ്യും … പാലാക്കി കൊണ്ടുപോയ പാത്രത്തിൽ ഇത്തിരി ചാറും കൂടി തരും ചിലപ്പോ ….. “പൊട്ടനു നെധി കിട്ട്യേ പോലെ ” കൊണ്ടു മണ്ടും …. അവൾടെ അടുത്തെത്തീട്ടേ ഓട്ടം നിർത്തു കിട്ടിയത് ഒന്നായാലും ഒരു പൊട്ടായാലും അത് ഒപ്പോപ്പം ….! അമ്മ പഠിപ്പിച്ച പഠിപ്പാണ്

എൻ്റെയും … അവൾടേയും വിശപ്പിൻ്റേയും കൊതിയുടേയും ആഴങ്ങൾ നിറഞ്ഞിരുന്നത് … ഇത്തരം സ്നേഹദാനങ്ങൾ കിട്ടുമ്പോഴായിരുന്നു. … ഇന്നും തീരാത്ത ഒരു കണ്ണീർ പത്തിരിയുണ്ട് അത് എൻ്റെ മുത്തുമോളുടെ ഉമ്മാൻ്റെ കൈ കൊണ്ട് കിട്ടിയിരുന്നതാണ്. ….ആടിനെ ആട്ടി കൊഴങ്ങി കേറി വരും ബാങ്ക് വിളിക്കാൻ മിനുട്ടുകളേ ബാക്കിയുണ്ടാവൂ. …. അതിനു നിക്കാൻ നേരം ഉണ്ടാവില്ല .. അപ്പോഴേക്കും ആടുകൾ ഓടി ആരാൻ്റെ പറമ്പിലെത്തും …. ചങ്കൊണങ്ങി നിക്കണ നേരത്തും …. പോണ പോക്കിലെന്നെ വിളിക്കും …. ന്നാ കുരിപ്പേ ഇത് തിന്നുപോയ്ക്കോ എന്ന് ചുരുട്ടിയ ചൂടുള്ള സ്നേഹപത്തിരി …… കൈയിൽ പിടിപ്പിക്കും …. ഇന്നോർക്കുമ്പോ കണ്ണീരുപ്പു ചേരുന്നുണ്ട് …… അല്ലേലും ഒരുപാടു സ്നേഹവും നൻമ്മയും ഉള്ളവരോട് സ്വർഗത്തിലുള്ളോർക്ക് പെരുത്ത് കിർ വയാണ് ……വേഗം കൊണ്ടു പോവും …… ഉമ്മാൻ്റെ പ്രിയപ്പെട്ട മുത്തു മോള് സന്തോഷത്തോടെ പുതുമാരൻ്റെ ചാരെ ഇരിക്കുന്നത് അവിടരുന്നു കാണുന്നുണ്ടാവും മൂപ്പത്തി ….സ്വർഗത്തിൽ ഒരു പൂങ്കാവനം ഉണ്ടെങ്കിൽ അതിൻ്റെ നടുക്കാവും ൻ്റെ മുത്തു മോളുടെ ഉമ്മ …….നോമ്പും ….പെരുന്നാളും …. ഓണവും ക്രിസ്തുമസും വിഷുവും …. ഈസ്റ്ററും ഒക്കെ …. നമുക്ക് പങ്കുവക്കാൻ മാത്രമുള്ളതാണ് …. സ്നേഹവും ….. സന്തോഷവും ഹൃദയങ്ങളിൽ ഹൃദയങ്ങളിലേക്ക് പങ്കുവെക്കാൻ വേണ്ടി മാത്രമുള്ളത് !

x