ആദ്യമായി ചുംബിച്ചപ്പോൾ മൂത്രത്തിന്റെ ഗന്ധമായിരുന്നു അവന് ; അച്ഛനമ്മമാർ പാതി കൊന്ന ഷഫീഖിന്റെ അമ്മയായി മാറിയ ആയ

കണ്ണിനും, കാതിനും ഭീതി പരത്തുന്ന തരത്തില്‍ ചില സംഭവങ്ങള്‍ നിത്യവും നമുക്കിടയില്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ചിലതൊക്കെ കാലക്രമേണ മനുഷ്യന്‍ മറക്കുകയും, മറ്റു ചിലത് ഓര്‍മ്മകളെ കൊല്ലും വിധം മനസിലേയ്ക്ക് ഓടിയെത്താറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറയുമ്പോള്‍ … 2013 ജൂലൈ -15ന് തൊടുപുഴ അല്‍സഹര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഷെഫീക്കിന് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് പറയുന്നത്. മുഖ്യധാര മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും, മനുഷ്യത്വത്തെ പോലും ചോദ്യം ചെയ്ത ഒരു ദിനം.

കളിച്ചും, ചിരിച്ചും നടക്കേണ്ട പ്രായത്തില്‍ ഷെഫീക്കിന് നേരിടേണ്ടി വന്നത് കൊടിയ മര്‍ദ്ദനങ്ങളും, പീഡനവുമായിരുന്നു. കുഞ്ഞു ഷെഫീക്കിനോട് തന്റെ പിതാവും, രണ്ടാനമ്മയും ചെയ്ത ക്രൂര പീഡനങ്ങള്‍ ചെറുതായിരുന്നില്ല. 2015 ജൂലൈ – 15 ന് പിതാവും, രണ്ടാനമ്മയും ചേര്‍ന്ന് ഷെഫീക്കിന്റെ തലയില്‍ മാരകമായി മുറിവേല്‍പ്പിച്ചു. വേദന സഹിക്കാന്‍ കഴിയാതെ ഷെഫീക്ക് ഉച്ചത്തില്‍ നിലവിളിച്ചു. പിന്നാലെ അയല്‍വാസികള്‍ ഓടിയെത്തിയാണ് ഷെഫീക്കിനെ രക്ഷിക്കുന്നതും, ആശുപത്രിയിലെത്തിക്കുന്നതും. ക്രൂരമായി മര്‍ദ്ദനമേറ്റ ഷെഫീക്കിന്റെ ചികിത്സയും, താല്‍ക്കാലിക സംരക്ഷണവും പിന്നീട് പെരുമ്പള്ളിച്ചിറ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ഏറ്റെടുത്ത് നടത്തുകയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ഒന്നിച്ചിരിക്കുവാനും, പുത്തനുടുപ്പും, പാഠ0 പുസ്തകങ്ങളുമായി സ്‌കൂളിലേയ്ക്ക് പോകുവാനും ഷെഫീക്കിന്റെ മനസ് കൊതിക്കുകയായിരുന്നു. എന്നാല്‍ തന്റെ ആരോഗ്യ പരിമിതികളെ അതിജീവിച്ച് സ്‌കൂളില്‍ പോയി പഠിക്കുകയെന്ന സ്വപനം ഷെഫീക്കിന് അല്‍പ്പം അകലെയായിരുന്നു.

തീരാ കണ്ണീരില്‍ നിന്നും പിന്നീട് അങ്ങോട്ട് ഷെഫീക്കിന്റെ ജീവിതത്തില്‍ ഒരു പ്രത്യാശ പടരുകയായിരുന്നു. അമ്മയെന്നോ, സഹോദരിയെന്നോ ഏത് വാക്കുകളും കടമെടുത്ത് വിളിക്കാന്‍ പാകത്തിലൊരു ഒരാളെ അവന് ലഭിച്ചു. സന്തോഷങ്ങളും, സങ്കടങ്ങളും പരാതി പരിഭവങ്ങളില്ലാതെ അവര്‍ അന്യോന്യം പങ്കുവെക്കുകയിരുന്നു. ഷെഫീക്കിന് മാത്രമായി ജീവിച്ചൊരു അമ്മ. രാഗിണി എന്ന അവന്റെ അമ്മ. അമ്മേയെന്ന് അവന്‍ സ്‌നേഹത്തോടേ വിളിക്കുമ്പോള്‍ തിരിച്ച് വാവാച്ചിയെന്നാണ് രാഗിണി വിളിക്കുന്നത്. ഐസിയുവില്‍ വെച്ചാണ് ഷെഫീക്കിനെ ആദ്യമായി രാഗിണി കാണുന്നത്. തലയിലെ മുടിയെല്ലാം കളഞ്ഞ്, ദേഹം മുഴുവനും മുറിവുകളുമായി മെലിഞ് ഉണങ്ങിയ ഒരു കുട്ടി. കൈകാലുകള്‍ക്കെല്ലാം അവന് ശേഷി വളരെ കുറവായിരുന്നു. ട്യൂബുകള്‍ക്കിടയില്‍ വിറച്ചിരിക്കുന്ന ഒരു കുട്ടി. അന്ന് മുതല്‍ രാഗിണി മനസില്‍ ഉറപ്പിക്കുകയായിരുന്നു ഇത് എന്റെ കുഞ്ഞാണെന്ന്. ജീവിക്കുമോ, മരിക്കുമോ എന്നറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഷെഫീക്ക്. എങ്കിലും നിറഞ്ഞ പ്രാര്‍ത്ഥനകളോടേ രാഗിണി അവനൊരു ഉമ്മ കൊടുത്തു. മരുന്നുകള്‍ക്കും, ടെസ്റ്റുകള്‍ക്കും ഇടയില്‍ കിടന്ന് അവന് വല്ലാത്തൊരു ഗന്ധമായിരുന്നെന്നും, ശരിയ്ക്കും അതൊരു മുട്ടനാടിന്റെ മൂത്രത്തിന്റെ ഗന്ധമായിരുന്നെന്ന് രാഗിണി ഓര്‍ത്തെടുത്തു.

തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലെ ‘അമ്മ താരാട്ട്’ എന്ന് പേരിട്ടിരിക്കുന്ന മുറിയാണ് ഇന്ന് രാഗിണിയുടെയും, ഷെഫീക്കിന്റെയും ലോകം. പരിചയമില്ലാത്ത ആളുകള്‍ ആരെങ്കിലും വന്ന് ഷെഫീക്കിന്റെ ആയയാണോ ഇതെന്ന് ആരെങ്കിലും അബദ്ധത്തില്‍ ചോദിച്ചാല്‍ അല്‍പ്പം ദേഷ്യ ഭാവത്തില്‍ ഷെഫീക്ക് പറയും അല്ല അമ്മയാണെന്ന്. അങ്ങനെ വിളിക്കുന്നതാണ് രാഗിണിയ്ക്കും ഇഷ്ടം. ആയ ആവുമ്പോള്‍ ഇടയ്ക്ക് വീട്ടില്‍ പോകും, താന്‍ അവനെ പിരിയുന്നില്ല, വീട്ടില്‍ പോകുന്നില്ല അപ്പോള്‍ താനാണ് അവന്റെ അമ്മയെന്ന് വലിയ അഭിമാനത്തോടെ രാഗിണിയും പറയുന്നു. ഷെഫീക്കിന് അപകടം സംഭവിച്ച് ദിവസങ്ങള്‍ പിന്നിടുകയാണ്. ഗുരുതര അവസ്ഥയിലേയ്ക്ക് അവന്‍ പോയി. മരണത്തിലേയ്ക്കാണ് അവന്റെ യാത്രയെന്ന് ഞങ്ങളെല്ലാവരും ഉറപ്പിച്ചു. എന്നാല്‍ എന്നിലൂടെ അവന്‍ ദൈവത്തിന്റെ കരങ്ങളാല്‍ രക്ഷപ്പെടുകയായിരുന്നു. താനും ഷെഫീക്കും തമ്മിലുള്ള ആത്മബന്ധം വെല്ലൂരിലെ പ്രധാന ഡോക്ടര്‍മാര്‍ക്ക് മാത്രമേ അറിയുള്ളുവെന്നും രാഗിണി പറയുന്നു.

മരണത്തിന്റെയും, ജീവിതത്തിന്റെയും ഇടയില്‍ കിടന്ന് നരകിക്കുകയായിരുന്ന ഒരു കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തിയതിന്റെ അഭിമാനം വേണ്ടുവോളം രാഗിണിയുടെ വാക്കുകകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. മതത്തിന്റെയും, ജാതിയുടേയും വേലിക്കെട്ടുകള്‍ക്കപ്പുറത്ത് മനുഷ്യത്വത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു രാഗിണി. ഷെഫീക്കിനെ തന്റെ കൈകളിലേയ്ക്ക് ഏല്‍പ്പിക്കുമ്പോള്‍ അന്ന് രാഗിണിയുടെ പ്രായം മുപ്പത്തിയഞ്ച് വയസ്.വിവാഹത്തെക്കുറിച്ച് അന്നേ തനിയ്ക്ക് സ്വപ്നനങ്ങളോ ആഗ്രഹങ്ങളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും , ഇപ്പോഴും അതിലെന്ന് രാഗിണി പറയുന്നു. തങ്ങള്‍ക്കിടയില്‍ മറ്റൊരാള്‍ ഇനി വന്നാല്‍ പോലും അത് വാവച്ചിയ്ക്ക് ( ഷെഫീക്കിന് ) കൂടുതല്‍ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളു. തങ്ങള്‍ക്കിടയില്‍ മറ്റൊരാളും വേണ്ട. അവന്റെ കാര്യങ്ങള്‍ എങ്കില്‍ മാത്രമേ തനിയ്ക്ക് ഭംഗിയായി നിറവേറ്റാന്‍ കഴിയുള്ളു. ഈ ജന്മം മുഴുവനും, താന്‍ അവന്റെ അമ്മയും, അവന്‍ എന്റെ മകനുമാണ് അങ്ങനെ ജീവിക്കുവാനാണ് തനിയ്ക്ക് ഇഷ്ടമെന്ന് രാഗിണി പറയുമ്പോള്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസവും, സ്‌നേഹവും ആ വാക്കുകളില്‍ പ്രകടമായിരുന്നു.

x