ആരുടെയും കൈയടി ലഭിക്കാന്‍ വേണ്ടി ചെയ്തതല്ല; അമ്പത്തിയാറാം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് അയച്ച മകൾ അറിയണം ഈ അമ്മയെയും മകളെയും

വ്യക്തി ജീവിതത്തിലെ പല സന്തോഷങ്ങളും മക്കള്‍ക്ക് വേണ്ടി മാത്രമാണ് മാതാപിതാക്കള്‍ മാറ്റിവെക്കാറുള്ളത്. ജീവിതത്തില്‍ ഇക്കാലമത്രയും പട പൊരുതി ബിസിനസ് രംഗത്തും വീട്ടിലും തന്റേതായ ഇടം സൃഷ്ടിച്ച ജാജി എന്ന ഒരു അമ്മ. ഈ അമ്മയ്ക്ക് പകരം നല്‍കാന്‍ മറ്റെന്ത് കൊടുത്താലും പകരം ആവില്ല. എന്നാല്‍ മക്കളായ കീര്‍ത്തി പ്രകാശും അനുജന്‍ കാര്‍ത്തിക്കും അമ്മയ്ക്ക് നല്‍കിയ സമ്മാനം കണ്ട് അമ്മ വരെ ഞെട്ടിയിരിക്കുകയാണ്. കാരണവരുടെ സ്ഥാനത്ത് നിന്ന് മക്കള്‍ അമ്മയെ വിവാഹം കഴിപ്പിച്ചിരിക്കുന്നു. സ്ത്രീ വിധവയായല്‍ സമൂഹത്തില്‍ അവരനുഭവിക്കുന്ന ഒറ്റപ്പെടലും വേദനകളും എന്താണെന്ന് ആരും തന്നെ ആഴത്തില്‍ ചിന്തിക്കാറില്ല. എന്നാലിവിടെ മക്കള്‍ അതെല്ലാം മനസിലാക്കി നല്ലൊരു ജീവിതമാണ് അവരുടെ അമ്മയ്ക്ക് നല്‍കിയിരിക്കുന്നത്.

‘ആരുടെയും കൈയടിക്ക് വേണ്ടിയല്ല, അമ്മയ്ക്ക് ഒരു നല്ല കൂട്ടുകാരന്‍, അത്രയുമേ ഉദ്ദേശിച്ചുള്ളൂ’വെന്നാണ് അമ്പത്തിയാറാം വയസ്സില്‍ അമ്മയെ വിവാഹം കഴിപ്പിച്ചതിനെക്കുറിച്ച് മകള്‍ കീര്‍ത്തി പ്രകാശ് പറയുന്നത്. കീര്‍ത്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സേഷ്യല്‍ മീഡിയകളില്‍ ഏറെ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. വസന്തങ്ങള്‍ പണ്ടേ നഷ്ടപ്പെട്ട അമ്മയ്ക്ക് കൂട്ടൊരുക്കുമ്പോള്‍ കളിയാക്കുന്നവരെയും കുറ്റപ്പെടുത്തുന്നവരെയുമൊന്നും ഇവര്‍ വകവെക്കുന്നില്ല. അമ്മയുടെ വിവാഹത്തെക്കുറിച്ചും സമൂഹത്തെ ഭയക്കാതെ, തനിച്ചാകുന്ന മാതാപിതാക്കള്‍ക്ക് നല്‍കേണ്ട കരുതലിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കീര്‍ത്തി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

”അമ്മയ്ക്കും റെജി അങ്കിളിനും ആശംസകള്‍ നേര്‍ന്ന് ഒരു പോസ്റ്റ് പങ്കുവെച്ചപ്പോള്‍ ഇത്രയും പേരിലേക്ക് അത് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നേയില്ല. പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്. ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. പലരുടെയും അച്ഛനോ അമ്മയോ ഇത്തരത്തില്‍ വീടുകളില്‍ ഒറ്റയ്ക്കാണ്. എന്റെ പോസ്റ്റ് അവര്‍ക്കൊരു പ്രചോദനമായി അവര്‍ക്കൊരു കൂട്ടു തേടാന്‍ താല്‍പര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ആരുടെയും കൈയടി ലഭിക്കാന്‍ വേണ്ടി ചെയ്തതല്ല. അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയുമൊക്കെ സെറ്റില്‍ഡാക്കിയത് അമ്മയാണ്. ഇപ്പോള്‍ രണ്ടു മാസമായതേയുള്ളു അമ്മ തനിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. ആ രണ്ടു മാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതു പോലെ ഞങ്ങള്‍ക്ക് തോന്നിയിരുന്നു. അച്ഛന്‍ മരിച്ചിട്ട് എട്ടു വര്‍ഷമായി. ആ സമയത്തൊക്കെ അമ്മയെ കല്ല്യാണം കഴിപ്പിക്കാന്‍ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങിയെടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.

റെജി അങ്കിളിനോട് സംസാരിച്ചപ്പോൾ അമ്മയ്ക്കും താൽപര്യം തോന്നി. എന്റെ സഹോദരനും അവന്റെ ഭാര്യയും എന്റെ ഭർത്താവുമൊക്കെ ധൈര്യമായി വിവാഹ ആലോചനയുമായി മുന്നോട്ടു പോവാൻ പറഞ്ഞു. സമൂഹത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അമ്മയുടെ സന്തോഷം മാത്രമേ നോക്കേണ്ടതുള്ളൂ എന്നും അവർ പറഞ്ഞപ്പോൾ പിന്നീടൊന്നും നോക്കിയില്ല. അങ്ങനെയാണ് ഇരുവീട്ടുകാരും സംസാരിച്ച് വിവാഹത്തിലെത്തിയത്. അമ്മയും റെജി അങ്കിളും സന്തോഷത്തോടെ ജീവിച്ചാൽ മതിയെന്നേ മനസ്സിലുള്ളു.”

അമ്മയുടെ ആദ്യ വിവാഹം ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു. അച്ഛന് രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും എല്ലാം താല്‍പര്യമുള്ളതായിരുന്നു. അമ്മക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അച്ഛന്‍ നല്‍കിയിരുന്നു. എനിക്ക് മൂന്നര വയസ്സും അനുജന് ആറു മാസവും ഉള്ളപ്പോഴാണ് അമ്മ ജോലിയ്ക്ക് കയറുന്നത്. ഒരുപാട് ബിസിനസ്സുകള്‍ തുടങ്ങുകയും അതെല്ലാം പരാജയപ്പെടുകയും ചെയ്തിരുന്നു. മുപ്പത്തിയഞ്ചാമത്തെ വയസ്സില്‍ അമ്മ സ്‌കിന്‍ ആന്‍ഡ് കോസ്‌മെറ്റിക് ടെക്‌നോളജിയില്‍ റിസര്‍ച്ച് ചെയ്ത് ഡോക്ടറേറ്റ് എടുത്തു. പിന്നീട് സലൂണ്‍ മേഖലയിലേക്ക് തിരിഞ്ഞു. ഇന്ന് ഏഴോളം സ്ഥാപനങ്ങളുണ്ട്. ഒരുപാട് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുകയും റാങ്ക് നേടുകയും ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് സജീവ പിന്തുണയായി അനുജനും കൂടെയുണ്ട്. അച്ഛന്‍ മരിച്ചപ്പോഴേക്കുമൊക്കെ അമ്മ സ്വന്തംകാലില്‍ നില്‍ക്കാനുള്ള നിലയില്‍ എത്തിയിരുന്നു. സ്വപ്നങ്ങള്‍ ഏറെയുള്ള ആളാണ് അമ്മ. ആ സ്വപ്നങ്ങള്‍ക്ക് താങ്ങായി കൂടെനില്‍ക്കുന്ന കൂട്ടുകാരനാണ് റെജി അങ്കിള്‍.

അമ്മ ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഞാനും അനുജനും വേറെ വീടുകളിലാണ്. ഒരു ദിവസം അമ്മയെ വിളിച്ചപ്പോള്‍ കിട്ടുന്നുണ്ടായില്ല. അന്ന് അവിടെ പോയിനോക്കിയപ്പോള്‍ പനി പിടിച്ചു കിടക്കുകയായിരുന്നു. ഇനി അമ്മയെ ഇങ്ങനെ തനിച്ചാക്കിക്കൂടാ, അമ്മയ്‌ക്കൊരു കൂട്ടു വേണം എന്ന് അന്നുതന്നെ സഹോദരന്റെ ഭാര്യയോടു പറഞ്ഞു. അങ്ങനെ എല്ലാവരും കൂടി അേന്വഷിക്കാന്‍ തുടങ്ങുകയും റെജി അങ്കിളില്‍ ചെന്നെത്തുകയും ചെയ്തു. വിവാഹ ആലോചനയുമായി അനുജനെ സമീപിച്ചപ്പോള്‍ അവനും സന്തോഷമായി. റെജി അങ്കിള്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പാര്‍ട്ടിപരമായി അദ്ദേഹത്തിന് ഞങ്ങളുടെ അച്ഛനെയും കുടുംബത്തെയുമൊക്കെ അറിയുകയും ചെയ്യുമായിരുന്നു.

അങ്കിളിനെ ഞങ്ങളുടെ അമ്മയെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു അമ്മ സമ്മതിക്കുമോ എന്ന്. അമ്മയെ ഞങ്ങള്‍ സമ്മതിപ്പിച്ചപ്പോളാം അങ്കിള്‍ ഓക്കേ ആണോ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം പറഞ്ഞു. പിന്നെ അമ്മയോട് അദ്ദേഹത്തോട് സംസാരിക്കാന്‍ പറയുകയും ഇരുവരും ഫോണില്‍ സംസാരിച്ച് പരസ്പരം മനസ്സിലാക്കുകയും അമ്മ സമ്മതിക്കുകയുമായിരുന്നു. ഞങ്ങള്‍ക്ക് പല ദിവസവും അമ്മയെ കാണാന്‍ പോകാന്‍ പറ്റിയെന്ന് വരാറില്ല. അമ്മ കഴിച്ചോ, ഉറങ്ങിയോ എന്ന ആശങ്കകളായിരുന്നു എപ്പോളും ഞങ്ങള്‍ക്ക് ഉണ്ടാവാറുള്ളത്. പ്രത്യേകിച്ച്, ഫോണ്‍ എപ്പോഴും ഉപയോഗിക്കാത്ത ആളാണ് അമ്മ. പലപ്പോഴും വിളിച്ചാല്‍ കിട്ടാറില്ല, അപ്പോഴൊക്കെ അമ്മ തിരിച്ചുവിളിക്കും വരെ ആധിയാണ്. തനിച്ചു ജീവിക്കുന്ന ഒരാള്‍ക്ക് ഒരുകൂട്ടു കൊടുക്കുന്നതില്‍ ഒരു സമൂഹത്തെയം ഭയക്കേണ്ടതില്ല. രണ്ടാം വിവാഹമെന്നോ, ഭര്‍ത്താവെന്നോ ഒന്നും ഞങ്ങള്‍ ചിന്തിച്ചിട്ടില്ലെന്നും പറയുന്നു.

 

 

 

 

 

 

x