എനിക്ക് പ്രായം 80 കഴിഞ്ഞു , ഭാര്യ മരിച്ചു പോയി ; മകൻ ജോലിക്ക് പോയില്ലെങ്കിൽ എന്റെ മരുന്നും ഭക്ഷണവും മുടങ്ങും

അച്ഛനെ അനാഥ മന്ദിരത്തിലാക്കി തലതാഴ്ത്തി മടങ്ങുന്ന മകൻ. മകൻ പോകുന്നത് വിഷമത്തോടെ നോക്കി നിൽക്കുന്ന അച്ഛൻ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ ഒരു ചിത്രം ആയിരുന്നു അത്. വളരെ വലിയ പ്രതിഷേധമാണ് ആ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലെങ്ങും അലയടിച്ചത്. അച്ഛനെ അനാഥമന്ദിരത്തിലാക്കിയ മകനെതിരെ സോഷ്യൽ ലോകത്തു രോഷം അണപൊട്ടി. എന്നാൽ പിന്നേയും കുറേ നേരം കഴിഞ്ഞാണ് ആ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നത്. അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.

പത്തനംതിട്ടയിലെ ബത് സേഥാ ഹോമിന്റെ ഡിറക്റ്റർ ഫാദർ സന്തോഷ് ജോർജ്‌ ആണ് മകന്റെയും അച്ഛന്റെയും വൈകാരികമായ ഈ വിടപറയൽ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിസ്സഹായരായ ജീവിതാവസ്ഥയിലെ രണ്ട് മനുഷ്യരുടെ ചിത്രം സമൂഹത്തിന് ഏറെ ചിന്തിക്കാൻ ഉണ്ടെന്ന തോന്നലിലാണ് അദ്ദേഹം അത് ഫേസ്ബുക്കിൽ പങ്കുവെച്ചത്. സദുദ്ദേശത്തോടെ പങ്കുവെച്ച ആ ചിത്രം പക്ഷേ മറ്റാരോ വളച്ചൊടിച്ചു പ്രചരിപ്പിക്കുകയായിരുന്നു. ആരോ ഏതോ പ്രൊഫൈലിൽ നിന്നും കുറിച്ച കുത്തുവാക്കുകൾ കഥയറിയാതെ പലരും പങ്കുവച്ചപ്പോൾ നിസ്സഹായരായ ഈ അച്ഛനും മകനും ഇരട്ടി വേദനയായി.

പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണിന് അടുത്തുള്ള പുന്നകുന്നിലാണ് ബത് സേഥാ പ്രവർത്തിക്കുന്നത്. ഒരുപാട് പാവപ്പെട്ട വൃദ്ധരുടെ അഭയ കേന്ദ്രം കൂടിയാണ് ഇവിടം. അച്ഛനെയും കൊണ്ട് മകൻ വന്നപ്പോഴേ ഫാദർ സന്തോഷ് ജോർജ് കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴാണ് തൃശ്ശൂർ ജില്ലയിലെ ഒരു ഉൾപ്രദേശത്ത് താൻ ടാപ്പിംഗ് ജോലിക്കായി പോകുമ്പോൾ അച്ഛൻ വീട്ടിൽ തനിച്ചാകും എന്നും അച്ഛന്റെ ഈ അവസ്ഥ കണ്ടിട്ട് നാട്ടുകാരും പോലീസുമാണ് അനാഥ മന്ദിരത്തിൽ ആക്കാൻ ഉപദേശിച്ചതെന്നും മകൻ പറഞ്ഞു.

തനിക്ക് പ്രായം എൺപത് കഴിഞ്ഞെന്നും, മകൻ ജോലിക്ക് പോയാൽ ഭാര്യ മരിച്ചുപ്പോയ തന്നെ നോക്കാൻ വീട്ടിൽ വേറെ ആരും ഇല്ലെന്നും ആ അച്ഛൻ പറയുന്നു. മകൻ ജോലിക്ക് പോയില്ലെങ്കിൽ തന്റെ മരുന്നും ആഹാരവും മുടങ്ങുമെന്നും തന്റെ പൂർണ്ണ സമ്മതത്തോടെയാണ് തന്നെ മകൻ ഇവിടെ കൊണ്ടാക്കിയതെന്നും അച്ഛൻ പറഞ്ഞു. ആ അച്ഛൻ ഇപ്പോൾ ഇവിടെ സുരക്ഷിതനാണ് , അച്ഛന്റെ സുരക്ഷിതത്വം ഉറപ്പാക്കിയ സമാധാനത്തിലാണ് ആ മകനും.

 

x