നീ വേദന അറിയാതെ അല്ലേ പ്രസവിച്ചത്? വയറ് കീറിമുറിച്ച പെണ്ണിനോട് മേലാൽ ആ ചോദ്യം ചോദിക്കരുത്

നോർമൽ ഡെലിവറി ആയാലും സിസേറിയൻ ആയാലും പ്രസവം എന്നത് എന്നും വേദന നിറഞ്ഞതാണ്. എന്നാൽ സമൂഹമാണ് നോർമൽ ഡെലിവറി മഹത്തരമാണെന്നും സിസേറിയൻ നിസ്സാരമാണെന്നും വിധിയെഴുതുന്നത്. അത്തരം ചിന്തക്കാർക്കെതിരെ തന്റെ അനുഭവക്കുറിപ്പിലൂടെ പ്രതികരിക്കുകയാണ് ആവണി ജയപ്രകാശ്. ആഴത്തിലൊന്നു കൈമുറിഞ്ഞാൽ എന്തായിരിക്കും നമ്മുടെ അവസ്ഥഎന്ന് ഊഹിക്കാവുന്നതേയുള്ളു. വേദന മാറാൻ തന്നെ കുറച്ച് ദിവസമെടുക്കും. അപ്പോൾ വയർ ഓരോ ലെയറായി കീറിമുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുമ്പോഴുള്ള അമ്മമാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആവണി ചോദിക്കുന്നു. ഇത്തരത്തിൽ സിസ്സേറിയൻ ചെയ്ത തന്റെ അനുഭവകുറിപ്പ് പങ്കുവെക്കുകയാണ് ആവണി. സമൂഹ മാധ്യമകൂട്ടായ്മയായ ജിഎൻപിസിയിലാണ് കുറിപ്പ് പങ്കുവെച്ചത്.

പലർക്കും സിസ്സേറിയൻകാരെ ഒരു പുച്ഛമാണ്. വേദന അറിയാതെ പ്രസവിച്ചവർ എന്നാണ് പൊതുവെയുള്ള കാഴ്ചപ്പാട്. എന്നാൽ ആ കീറിമുറിക്കലിന് ശേഷം അവർ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്. ഒരു സിസ്സേറിയൻ കഴിഞ്ഞവരുടെ അവസ്ഥ മറ്റൊരു സിസ്സേറിയൻ കഴിഞ്ഞവർക്ക് മാത്രമേ മനസിലാകൂ എന്നും ആവണി പറയുന്നു. ചെറുതായൊന്നു ആഴത്തിൽ കൈ മുറിഞ്ഞാൽ എന്താകും അവസ്ഥ എന്ന് ചിന്തിക്കാവുന്നതേയുള്ളു. വേദന മാറാനും മുറിവ് ഉണങ്ങാനും ആഴ്ചകൾ സമയമെടുക്കും. ആ സ്ഥാനത്തു വയർ ഓരോ ലയറും മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തു സ്റ്റിച് ചെയ്യുന്ന അമ്മമാരുടെ അവസ്ഥ എന്തായിരിക്കും. ചുമ്മാ യുട്യൂബിൽ സിസ്സേറിയൻ എന്നൊന്ന് സേർച്ച്‌ ചെയ്തു നോക്ക് കണ്ടു നിൽക്കാൻ പോലും കഴിയില്ല എന്നും ആവണി പറയുന്നു.


ഓപ്പറേഷന് മുന്നേ നട്ടെല്ലിൽ അനസ്തേഷ്യ നൽകുന്ന ഒരു പണിയുണ്ട്. ഒരു ഒന്നൊന്നര വേദനയാണ് അത്. ആ അനസ്തേഷ്യയുടെ വേദന മാറാൻ ദിവസങ്ങൾ എടുക്കും. ചിലർക്ക് അത് കാലാകാലങ്ങളായി നടുവേദനയായി നിലനിൽക്കും. സുഖ പ്രസവത്തിനായാലും സിസ്സേറിയനായാലും അതിന്റെതായ വേദനകൾ ഉണ്ട്. നോർമൽ ഡെലിവറിയുടെ വേദനയിൽ നിന്നും പെട്ടെന്ന് റിക്കവർ ആകാം എന്നാൽ സിസേറിയൻകാർക്ക് ആ വേദന മാറാൻ സ്റ്റിച്ചിനുള്ളിലെ കുത്തിപറിക്കൽ മാറാൻ ആഴ്ചകൾ എടുക്കും. അത് ഇൻഫെക്ഷൻ ആയാൽ മാസങ്ങളും. ഒന്ന് തിരിയാനോ മറിയാനോ എഴുന്നേക്കാനോ പോലും കഴിയാത്ത നിസ്സഹായവസ്ഥയിലായിപ്പോകും ദിവസങ്ങളോളം. അതിന്റെ ഇടയിൽ കുഞ്ഞിനെ ഒന്ന് ലാളിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. സുഖപ്രസവത്തിന്റെ വേദന അറിഞ്ഞാൽ മാത്രമേ കുട്ടികളോട് സ്‌നേഹമുണ്ടാകു എന്ന് ചിന്തിക്കുന്ന ചില മനുഷ്യർ ഇന്നും നമുക്കിടയിലുണ്ട്.


എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലൂടെ താൻ കടന്നു പോയെന്നും വേദന കൊണ്ട് തന്റെ കുഞ്ഞിനെ ഒന്ന് ലാളിക്കാൻ പോലും കഴിയുന്നില്ലെന്നും ഇന്നേക്ക് എട്ട് ദിവസമായിട്ടും വേദനയിൽ കാര്യമായ മാറ്റമൊന്നുമില്ലെന്നും ആവണി തന്റെ കുറിപ്പിൽ പറയുന്നു. ദയവു ചെയ്ത് ആരും ആരെയും ഡിപ്രഷൻ സ്റ്റേജിലേക്ക് കടത്തിവിടാൻ കാരണക്കാരാവാതിരിക്കുക എന്നും ആവണി പറയുന്നു. നമുക്കിടയിലുള്ളവരുടെ പഴഞ്ചൻ ചിന്തകളാണ് സുഖപ്രസവത്തെയും സിസ്സേറിയനെയും തമ്മിൽ വേദനയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത്. ഏത് രീതിയിൽ ആയാലും പ്രസവം എന്നത് വേദനാജനകമാണ്. കുഞ്ഞിന് ജന്മം നൽകുന്ന എല്ലാ അമ്മമാരും പല രീതിയിൽ വേദന അനുഭവിക്കുന്നുണ്ട്.


നിരവധി വേദനകൾ സഹിച്ചാണ് ഓരോ അമ്മാരും കുഞ്ഞിന് ജന്മം നല്കുന്നത്. കുഞ്ഞിന് ജന്മം നൽകാൻ തയ്യാറെടുക്കുമ്പോൾ മുതൽ ശാരീരികമായ അസ്വസ്ഥതകൾ തുടങ്ങുന്നു. പിന്നീട് ഒൻപത് മാസവും നിരവധി അസ്വസ്ഥതകൾ. തലകറക്കം, നടുവേദന, ഛർദി, കാലു വേദന, കാലുകളിൽ നീര് തുടങ്ങി അങ്ങനെ നിരവധി വേദനകൾ.. ഇന്ന് പ്രസവത്തിലൂടെ മരണപ്പെടുന്നവരുടെയും എണ്ണം ഒട്ടും കുറവല്ല. മരണത്തിനും ജീവിതത്തിനുമിടയിലൂടെയാണ് ഒരമ്മ കുഞ്ഞിന് ജന്മം നൽകുന്നത്. അതിന്റെ വേദന സമൂഹത്തിന്റെ അളവുകോൽ കൊണ്ട് അളക്കുവാൻ സാധിക്കുന്നതല്ല.

x