അറംപറ്റിയ പോലെ ആ വാക്കുകള്‍ ;മിസ് കേരള ആന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമിൽ അവസാനമായി പങ്ക് വെച്ച പോസ്റ്റ് താരത്തിന്റെ ജീവിതത്തിലും സംഭവിച്ചു

മിസ് കേരള 2019 ആന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വലിയ ഞെട്ടലാണ് ആരാധകരില്‍ ഉണ്ടാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍പെടുകയായിരുന്നു. കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മരിച്ചു.

ആന്‍സി കബീറും അഞ്ജന ഷാജനും വാഹനാപകടത്തില്‍ പെട്ടത് ഫോര്‍ട്ട് കൊച്ചിയിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയെന്നാണ് പൊലീസിനു ലഭിച്ച വിവരം. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്. തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്.

2019-ലെ മിസ് കേരളയായിരുന്ന ആന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. ഗൃഹലക്ഷ്മി ഫേയ്സ് ഓഫ് കേരള-2018 ഫൈനലിസ്റ്റും ആയിരുന്നു. 21 പേരെ പിന്തള്ളിയാണ് കേരളത്തിന്റെ സൗന്ദര്യറാണിയായി ആന്‍സി അന്ന് കിരീടം ചൂടിയത്. ഇന്‍ഫോസിസില്‍ സിസ്റ്റം എന്‍ജിനീയറായിരിക്കെയാണ് 23കാരിയായ ആന്‍സി കബീര്‍ അന്ന് മത്സരത്തില്‍ പങ്കെടുത്തത്. ആന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. റാംപിലെ പരിചയമാണ് ഇരുവരെയും വലിയ സൗഹൃദത്തിലേക്ക് നയിച്ചത്.

ഇപ്പോഴിതാ, ആന്‍സിയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് പ്രിയപ്പെട്ടവരുടെ ചങ്ക് തകര്‍ക്കുന്നത്. ‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് ആന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. ഈ പോസ്റ്റ് അറം പറ്റിയതു പോലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആന്‍സി വിടപറയുന്നു.

 

View this post on Instagram

 

A post shared by Ansi Kabeer (@ansi_kabeer)

തന്റെ ജീവിതത്തിലെ ഒരോ സന്തോഷങ്ങളും ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി ആന്‍സിയും അഞ്ജനയും പങ്കുവെക്കുമായിരുന്നു. ഇറ്റസ് ആ കമ്മല്‍ സ്റ്റോറി എന്ന ഹ്രസ്വചിത്രത്തില്‍ വേഷം ലഭിച്ചതിന്റെ സന്തോഷം അഞ്ജനയും പങ്കുവെച്ചിരുന്നു. ‘നല്ല അവസരമുണ്ടായാല്‍ സിനിമയില്‍ ഒരു കൈ നോക്കാന്‍ മോഹിച്ചു. സിനിമയില്‍ തന്നെ ജീവിതം വേണമെന്നില്ല. ചെറിയ വേഷമായാലും നല്ല വേഷമാണെങ്കില്‍ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന്’ ഒരിക്കല്‍ ആന്‍സി തുറന്നു പറഞ്ഞിരുന്നു. ജോലിയും ഫാഷന്‍ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ച ആന്‍സി ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് ജീവിതത്തില്‍ നിന്നും മടങ്ങുന്നത്.

x