ഭയം കൊണ്ട് വിദ്യാര്‍ഥികളില്‍ പലരും നിലവിളിച്ചു; എന്നാൽ ധൈര്യം വിടാതെ ഇറക്കത്തിൽ ഡ്രൈവറില്ലാതെ തനിയെ നീങ്ങിയ സ്കൂൾ ബസ് ബ്രേക്ക് ചവിട്ടി നിർത്തി പത്തു വയസ്സുകാരൻ

ഡ്രൈവറില്ലാതെ ബസ് യാത്രക്കാരെയും കൊണ്ട് നീങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും? നിശ്ചയമായും യാത്രക്കാരെല്ലാം പതറിപോകും. എന്നാല്‍ ഇത്തരത്തില്‍ ഡ്രൈവറില്ലാതെ സ്‌കൂള്‍ ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി വന്‍ അപകടമൊഴിവായിരിക്കുകയാണ്. ആരാണ് അപകടത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയത് എന്നറിയണ്ടേ…ആദിത്യന്‍ രാജേഷ് എന്ന 10 വയസ്സുകാരന്‍ ആണ് ആ മിടുക്കന്‍. വെറും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത്രയൊക്കെ ചെയ്യാന്‍ സാധിക്കുന്നത് എങ്ങനെ എന്ന് നമ്മളില്‍ പലരും ചിന്തിക്കാന്‍ ഇടയുണ്ട്.എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍ രാജേഷ്.

തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്‌. സ്‌കൂളില്‍ നിന്നും റോഡിലേക്ക് ഇറക്കമുണ്ട്. ഇവിടെ നിര്‍ത്തിയിട്ട ബസില്‍ വിദ്യാര്‍ഥികള്‍ കയറിയപ്പോഴാണ് താഴോട്ട് ബസ് പതിയെ നീങ്ങിയത്. നിറയെ വിദ്യാര്‍ഥികള്‍ ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. ഭയം കൊണ്ട് വിദ്യാര്‍ഥികളില്‍ പലരും നിലവിളിച്ചു. ഏതാനും വിദ്യാര്‍ഥികള്‍ ഇതിനിടെ ബസില്‍ നിന്ന് ചാടിയിറങ്ങി.അപകടം തിരിച്ചറിഞ്ഞ ആദിത്യന്‍ പകച്ചുനില്‍ക്കാതെ വേഗത്തില്‍ ഇടപെടുകയായിരുന്നു. വേഗം കൂടിയതോടെ ആദിത്യന്‍ ഡ്രൈവര്‍ സീറ്റിലെത്തി ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ത്തി. അങ്ങനെ അവന്‍ കൂട്ടുകാര്‍ക്കിടയിലെ ഹീറോ പരിവേഷമായിത്തീര്‍ന്നു. ഇരുപത്തഞ്ചോളം വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഇത് ശ്രദ്ധ നേടിയതോടെയാണ് ആദിത്യന്റെ രക്ഷാപ്രവർത്തനം കൂടുതൽ പേർ അറിഞ്ഞത്. ഇതോടെ ആദിത്യനെ തേടി അനവധി അഭിനന്ദപ്രവാഹമാണ് എത്തുന്നത്.ആദിത്യന്‍റെ അമ്മാവൻ ലോറി ഡ്രൈവറാണ്. ഇടക്ക് അമ്മാവനൊപ്പം ലോറിയിൽ പോവാറുള്ള ആദിത്യന് ഡ്രൈവിങ്ങിനെക്കുറിച്ച് അത്യാവശ്യം ധാരണയുള്ളതിനാലാണ് സമയോചിതമായി ഇടപെടാൻ കഴിഞ്ഞത്.ടോറസില്‍ അമ്മാവന്റെ കൂടെ യാത്ര ചെയ്തിട്ടുണ്ടെന്നും അതിനാല്‍ വണ്ടിയുടെ ആക്‌സിലറേറ്ററും ബ്രേക്കും ഏതാണെന്ന് തരിച്ചറിയാമായിരുന്നു എന്നും ആദിത്യന്‍ പറയുന്നു. ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം വാരിശ്ശേരി വീട്ടിൽ രാജേഷിന്‍റെയും മീരയുടേയും  രണ്ടാമത്തെ മകനാണ് ആദിത്യൻ.

കൊച്ചു മിടുക്കന്റൈ രക്ഷാപ്രവര്‍ത്തന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. അതോടെ കൂട്ടുകാര്‍ക്കിടയില്‍ മാത്രമല്ല, ജനങ്ങള്‍ക്കിടയിലും രക്ഷകന്റെ പരിവേഷമായി ആദിത്യന്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ആദിത്യന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കാനും ആരും മറന്നില്ല.അപകടം കണ്‍മുന്നില്‍ നടക്കുമ്പോള്‍ പകച്ച് നില്‍ക്കാതെ ധൈര്യ പൂര്‍വ്വം നേരിടുന്നവര്‍ക്ക് മുന്നില്‍ എടുത്ത് കാണിക്കാവുന്ന നല്ലൊരു ഉദാഹരണമാണ് ഈ കൊച്ചു ബാലന്‍.

x