ഹൗസ് ഡ്രൈവറായി ഒരു അറബി വീട്ടിൽ 40 വർഷം ; ആ കുടുംബം അബ്ദുൽ റഹ്മാന് നൽകിയ യാത്രയയപ്പ് ആഘോഷം ആരുടേയും മനസ്സുനിറക്കും

ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നാലും അവിടെ നിങ്ങൾക്ക് ഒരു മലയാളിയെ കാണാനാകും എന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്. അത് ഒരു സത്യവുമാണ്. ജനസംഖ്യയുടെ നല്ലൊരു ശതമാനം പ്രവാസികളാണ് നമ്മുടെയീ കൊച്ചു കേരളത്തിൽ. തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കുടുംബത്തിന് വേണ്ടി അന്യ നാട്ടിൽ ചിലവഴിക്കേണ്ടി വരുന്നവരാണ് നല്ലൊരു ശതമാനം പ്രവാസികളും. അങ്ങനെ ഒരു പ്രവാസിയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. 40 വർഷം തങ്ങളുടെ വീട്ടിൽ ജോലി ചെയ്ത മലയാളിയായ പ്രവാസിക്ക് അറബി കുടുംബം നൽകിയ യാത്രയയപ്പ് ആണ് വൈറലായി മാറുന്നത്.

ഒരു അറബി വീട്ടിൽ ഹൗസ് ഡ്രൈവറായി 40 വർഷം കഴിച്ചുകൂട്ടിയ കാസർകോടുകാരൻ അന്ത്രു എന്ന അബ്ദുൽ റഹ്മാൻ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു താരമാകുന്നത്. വെറുമൊരു ഹൗസ് ഡ്രൈവറായല്ല, തങ്ങളുടെ കുടുംബത്തിലെ ഒരംഗമായിക്കരുതിയ പ്രിയപ്പെട്ട അബ്ദുൽ റഹ്മാന്റെ യാത്രയയപ്പ് കണ്ണീര്‍ പുരണ്ട സന്തോഷത്തോടെയാണ് ആ നല്ലവരായ വീട്ടുടമയും കുടുംബവും ആഘോഷിച്ചത്‌. ആ അറബി കുടുംബത്തിലെ എല്ലാവരും ചേർന്നു കേക്ക് മുറിച്ചു സമ്മാനങ്ങൾ നൽകിയുമാണ് അബ്ദുൽ റഹ്മാന് അവർ യാത്രയയപ്പ് നൽകിയത്.

ഇന്നലെ ജോലിയിൽ പ്രവേശിച്ച പ്രതീതിയാണ് തനിക്കെന്നും സ്വന്തം കുടുംബത്തിൽ നിന്നു വിട്ടുപോകുമ്പോഴുള്ള ഒരു ഹൃദയപിടച്ചിലാണ് തനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും അബ്ദുൽ റഹ്മാന് പറയുന്നു. കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിയായ അബ്ദുൽ റഹ്മാൻ യുഎഇ രൂപീകൃതമായി അധികം വൈകാതെയാണ് അവിടേക്ക് ചേക്കേറുന്നത് . 1978ൽ യുഎഇലേക്ക് വിമാനം കയറുമ്പോൾ അബ്ദുൾ റഹ്മാന് പ്രായം വെറും 17 വയസ്സായിരുന്നു. കാര്യമായ വിദ്യാഭ്യാസം ഒന്നുമില്ലാതിരുന്ന അബ്ദുൽ റഹ്മാൻ ദുബായിലെ ഒരു സ്വദേശി വീട്ടിലായിരുന്നു ആദ്യമായി ജോലിക്ക് കയറിയത്.

പിന്നീട് അവിടുന്ന് ‍ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കിയ അദ്ദേഹം 1982 ലാണ് തലസ്ഥാന നഗരിയായ അബുദാബിയിലേക്ക് പോകുന്നത്. അവിടെ സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവറായി ഉപജീവനമാരംഭിച്ചു. കുട്ടികളെ സ്‌കൂളിൽ കൊണ്ടാക്കുക തിരികെ കൊണ്ട് വരിക , കുടുംബാംഗങ്ങളെ ദുബായിലേയ്ക്കും മറ്റും കൊണ്ടു പോവുക എന്നിങ്ങനെ ആയിരുന്നു പ്രധാന ജോലി. വളരെ പെട്ടെന്ന് തന്നെ വീട്ടിലെ എല്ലാവരുമായി അടുത്ത അബ്ദുൽ റഹ്മാൻ ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയി മാറാൻ അധികം നാൾ എടുത്തില്ല.

ഒരു കുടുംബാംഗത്തെ പോലെ മാത്രമേ അവിടെ ഉള്ള എല്ലാരും തന്നോട് പേരുമാറിയിട്ടുള്ളൂ എന്നും തനിക്ക് പ്രായത്തിന്റേതായ ബഹുമാനം എല്ലാവരിൽ നിന്നും ലഭിച്ചിരുന്നതായും അദ്ദേഹം പറയുന്നു. അന്ന് താൻ സ്‌കൂളിൽ കൊണ്ട് വിട്ട കുട്ടികളൊക്കെ ഇപ്പോൾ വലിയ ഉദ്യോഗസ്ഥർ ആയെങ്കിലും ഇപ്പോളും പഴയ ആ സ്നേഹവും ആദരവും തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 വർഷങ്ങൾക്കിപ്പുറം ജോലി മതിയാക്കി നാട്ടിലേക്കു പോകുമ്പോൾ , പോകരുതേ എന്ന് കുട്ടികളടക്കം ജോലി ചെയ്യുന്ന സ്വദേശി വീട്ടിലെ എല്ലാവരും അഭ്യർഥിച്ചു. എന്നാൽ 64 വയസായ തനിക്ക് ഇനിയുള്ള കുറച്ചു കാലമെങ്കിലും കുടുംബത്തോടൊപ്പം പിറന്ന നാട്ടിൽ ജീവിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടെന്നു അബ്ദുൽ റഹ്മാൻ പറയുന്നു.

x