പുറത്തിറങ്ങും മുന്നേ ഡോക്ടർ പറഞ്ഞു “ഉടനെ മാമ്മോഗ്രാം ചെയ്യണം , പിന്നെ കുഞ്ഞിന് ഇനി പാലൂട്ടണ്ട കേട്ടോ” അവിടെ മാത്രം ഞാൻ തകർന്നു..തളർന്നു..

ഒക്ടോബർ 1 മുതൽ 31 വരെ ബ്രെസ്റ് കാൻസർ ആവേർനെസ്സ് മന്ത്. ഏറ്റവുമധികം അമ്മമാരെ മനസികമായും തളർത്താറുള്ള വില്ലൻ. തങ്ങളുടെ കുഞ്ഞു മക്കൾക്ക്‌ ഏറ്റവുമധികം സ്നേഹം ചുരത്തി ജീവനും ജീവിതവും ഊറ്റിക്കൊടുക്കുന്നത് മുലപ്പാലിലൂടെയാണ്. അതിനു കഴിയാതെ വരുന്ന അവസ്ഥ അമ്മമാർക്ക് നരക തുല്യമാണ്. തന്റെ ജീവിതത്തിൽ ഉണ്ടായ അത്തരമൊരു അവസ്ഥയെക്കുറിച്ച് നമ്മോടു പങ്കു വച്ചിരിക്കുകയാണ് ഒരു സുഹൃത്ത് ഫേസ്ബുക്കിലൂടെ.


തന്റെ കുഞ്ഞു മകന് ഒൻപതാം മാസം. മാതൃത്വത്തിന്റെ സകല സന്തോഷവും ആവോളം ആസ്വദിക്കുന്ന സമയം. കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ അമ്മമാരുടെ കരുതലും സ്നേഹവും നിറഞ്ഞൊഴുകുന്ന സമയം. നെഞ്ചോടു ചേർന്ന് ചിണുങ്ങി കരയുന്ന കുഞ്ഞിനെ അശ്വസിപ്പിക്കുമ്പോൾ അമ്മയുടെ ഹൃദയമിടിപ്പ് കുഞ്ഞിന്റെ തൊട്ടരുകിലാണ്. ആ മിടിപ്പ് അവൻ തന്നെയാണ്. നെഞ്ചിൽ ഒരു പാലാഴിയേന്തി തന്റെ ഉണ്ണിക്കിടാവിനെ മാറോടു ചേർക്കുമ്പോൾ ഓരോ അമ്മയുടെയും ജീവിതം സഭലമാകുന്നു. അത്തരമൊരു മുഹൂർത്തതിലാണ് തിരിച്ചറിയുന്നത് തന്റെ കുഞ്ഞു ചാഞ്ഞുറങ്ങുന്ന നെഞ്ചിൽ ഒരു ചെറിയ തടിപ്പ്.

ഒരു ഗുളിക വലിപ്പത്തിൽ ഉള്ള തടിപ്പ്. സംശയങ്ങൾക്കും ഊഹങ്ങൾക്കും കാത്തു നിൽക്കാതെ കയ്യോടെ തന്നെ ഡോക്ടറെ കാണിച്ചു. സാധാരണ പാലൂട്ടുന്ന അമ്മമാർക്ക് ഇങ്ങനെയൊക്കെ വരാറുണ്ട്. അത് അത്ര കാര്യമാക്കാൻ ഒന്നുമില്ല. ഡോക്ടറുടെ വാക്കുകളിൽ ആശ്വാസം കണ്ടെത്തി തിരികെ പോരാൻ ഒരുങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു എന്തായാലും കുട്ടി സംശയം പറഞ്ഞതല്ലേ നമുക്കൊന്ന് സ്കാൻ ചെയ്തേക്കാം. എത്ര നിസ്സാരമായിരുന്നു ആ വാക്കുകൾ. വച്ചു താമസിപ്പിക്കാതെ പിറ്റേന്ന് രാവിലെ തന്നെ സ്കാനിങ് നടത്തി. ഡോക്ടറുടെ ചോദ്യങ്ങളിൽ എന്തൊക്കെയോ സംശയങ്ങൾ മണക്കുന്നു.

രോഗം തിരിച്ചറിയുന്ന അവസ്ഥയിൽ സാധാരണ ഡോക്ടർമാർ പറയുന്ന പോലെ അവ്യക്തമായ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ചോദ്യങ്ങൾ. എന്നാൽ അപ്പോൾ അതൊന്നും ആ അമ്മയെ ആശങ്കപ്പെടുത്തിയില്ല. തന്റെ പൊന്നോമന തന്റെ പ്രാണന്റെ തുടിപ്പ് പുറത്തു കാത്തിരിക്കുന്നുണ്ട് മാറോടണയാൻ നെഞ്ചിലെ പാലാഴി കവരാൻ. അതായിരുന്നു മനസ്സിലെ ചിന്ത അത്രയും. അവൻ വിശന്നു കരഞ്ഞാലോ. കുപ്പിപ്പാലൊന്നും കരുതിയിട്ടുമില്ല. എത്രയും വേഗം അവന്റെ അടുത്തെത്തണം. ചിന്തകൾ പലവഴികൾ താണ്ടി മുന്നോട്ടു പോയി. എല്ലാം എത്തിച്ചേരുന്നത് തന്റെ കുഞ്ഞിലേക്കും.

സ്കാനിങ് കഴിഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു ഉടനെ മാമോഗ്രാം ചെയ്യണമെന്ന്. ഒപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തു ഇനി കുഞ്ഞിന് പാല് കൊടുക്കണ്ട.
അവിടെ മാത്രം ആ അമ്മ തളർന്നു പോയി. കുഞ്ഞിൽ തനിക്കു മാത്രമുള്ള ആ അവകാശം തന്റെ മാതൃത്വത്തിന്റെ ഒന്നാം പടി അത് നിഷേധിക്കപ്പെട്ടിരിക്കുന്നു. ജീവൻ ഉരുകി തീരുന്നതു പോലെ. മൂത്ത മകന് 2 വയസ്സുവരെ പാലൂട്ടി. എന്നാൽ ഇത് സ്നേഹമാകുന്ന മുലപ്പാൽ പകർന്നു കൊതിതീരും മുൻപേ വിധി വന്നിരിക്കുന്നു. ആദ്യമൊക്കെയും അവൻ കുപ്പി പാൽ വലിച്ചെറിഞ്ഞു. ചുറ്റും അമ്മയ്ക്കായ് നോക്കി കരഞ്ഞു. ശരീരമാകെ ചോട്ടി.

അമ്മ ഇനി തനിക്കു ആ അമൃത് നൽകില്ലെന്നു അറിഞ്ഞിട്ടാവണം പാൽക്കുപ്പിയോട് അവൻ പൊരുത്തപ്പെട്ടു. പിന്നീട് ബയോപ്‌സിയിൽ നിന്നും സർജറി വരെ. കണ്ടെത്തുമ്പോഴേക്കും മൂന്നാം സ്റ്റേജ് പിന്നിട്ടിരുന്നു. അന്ന് ആ തടിപ്പ് തള്ളിക്കളഞ്ഞിരുന്നുവെങ്കിൽ ഇത്തരമൊരു വിവരണം സാധ്യമാകില്ലായിരുന്നു. നിസ്സാര ചികിത്സക്കൊണ്ട് മാറ്റിയെടുക്കാവുന്ന രോഗത്തെ നമ്മുടെ അശ്രദ്ധയോ അനാസ്ഥയോ കൊണ്ട് മാരക രോഗമായി മാറ്റാറ്റാതിരിക്കുക. ഏറ്റവും വലിയ രോഗവസ്ഥയിലേക്ക് എത്തിക്കാതിരിക്കുക. നെഞ്ചിലുണ്ടാകുന്ന ഇത്തരം തടിപ്പുകൾ എല്ലാം കാൻസർ അല്ല. എങ്കിലും എന്തെങ്കിലും സംശയം തോന്നിയാൽ അതിനെ തൃണവൽക്കരിക്കാതെ അപ്പോൾ തന്നെ ചികിത്സ തേടുക. രോഗമില്ലെന്നു ഓരോരുത്തരും ഉറപ്പിക്കുക.

x