തീകൊളുത്തി മരിച്ച രാജനെയും ഭാര്യയെയും മറന്നോ ? അച്ഛനെയും അമ്മയെയും അടക്കാൻ കരഞ്ഞുകൊണ്ട് കുഴിവെട്ടിയ മക്കളുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ഭൂമി തർക്കത്തെ സംബന്ധിച്ച് കുടിയൊഴിപ്പിക്കാനെത്തിയ പോലീസുകാർക്ക് മുൻപിൽ തീകൊളുത്തി മരണമടഞ്ഞ രാജൻ , അമ്പിളി ദമ്പതികളെ നമ്മളിൽ പലരും ഇപ്പോഴും മറന്നു കാണില്ല. ഇരുവരുടേതും ദാരുണാന്ത്യമായിരുന്നു എന്ന് മാത്രമല്ല, കേരള മനസാക്ഷിയെ ഒന്നാകെ അത്രമേൽ ഭീതിപ്പെടുത്തുകയും, സങ്കടപ്പെടുത്തുകയും ചെയ്ത സംഭവങ്ങളിൽ ഒന്നു കൂടെയായിരുന്നു. ഇരുവരും മരണപ്പെട്ടതിൻ്റെ കനൽ ഉള്ളിൽ നിന്നും കെടുന്നതിന് മുൻപേ മാതാപിതാക്കളുടെ മൃതദേഹം അടക്കം ചെയ്യാൻ സ്വന്തം മകൻ കുഴിയെടുക്കേണ്ടി വരുന്ന ഉള്ളു നീറുന്ന കാഴ്ചയും ഏറെ നൊമ്പരപ്പെടുത്തുന്നവയായിരുന്നു.

‘നിങ്ങൾ കാരണമാണ് എൻ്റെ അച്ഛൻ മരിച്ചത്, ഇനി അടക്കം ചെയ്യാനും കഴിയില്ലെന്നോ’ …?  അച്ഛനെ അടക്കം ചെയ്യാൻ കുഴിവെട്ടുന്ന നിസഹായനായ ആ ബാലൻ്റെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം പതറി പോവുകയായിരുന്നു അവിടെ കൂടി നിന്ന ആ ആൾക്കൂട്ടം അത്രയും.  2020 ഡിസംബര്‍ – 22 ന് നെയ്യാറ്റിന്‍കരയില്‍ ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് കുടിയൊഴുപ്പിക്കാനെത്തിയ പൊലീസുകാര്‍ക്ക് മുന്നില്‍ രാജന്‍, അമ്പിളി ദമ്പതികൾ തീ കൊളുത്തി അതി ദാരുണമായി മരണപ്പെടുകയായിരുന്നു. മരണം തടയാൻ പോലീസ് ശ്രമിച്ചെങ്കിലും, ശ്രമം  ഫലം കണ്ടില്ലെന്നു മാത്രമല്ല അമ്പിളിയ്ക്കും, രാജനും ഗുരുതരമായി പൊള്ളലേൽക്കുകയിരുന്നു.

അച്ഛനും, അമ്മയും സങ്കടങ്ങൾ മാത്രം ബാക്കിയാക്കി തർക്കങ്ങളൊന്നുമില്ലാത്ത ലോകത്തേയ്ക്ക് എന്നേയ്‌ക്കുമായി പോയപ്പോൾ എങ്ങനെ ജീവിക്കണമെന്നറിയാതെ വിധിയെ പഴി ചാരുകയിരുന്നു രാഹുലും, രഞ്ജിത്തും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാനം ഇരുവർക്കും അച്ഛനും, അമ്മയും ബലിയാടാകേണ്ടി വന്ന അതെ മണ്ണിൽ തന്നെ ഒരു വീടെന്ന സ്വപനം യാതാർഥ്യമായിരിക്കുകയാണ്.

അടച്ചുറപ്പുള്ള നല്ലൊരു വീട് രാജൻ്റെയും, അമ്പളിയുടെയും വലിയ സ്വപ്നമായിരുന്നു. എന്നാൽ സ്വപ്നം യാഥാർഥ്യമാകുന്നതിന് മുൻപേ ഇരുവരും മടങ്ങി. വീട് നിർമിക്കുന്നതിനായി തുക അനുവദിച്ചെങ്കിലും ഉടമസ്ഥാവാകാശം സംബന്ധിച്ച തര്‍ക്കം മൂലം വീട് നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ കാര്യം ശ്രദ്ധയിൽപ്പെട്ട ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടന ഇവര്‍ക്കായി പുതിയ വീട് നിര്‍മിച്ച്‌ നൽകുകയായിരുന്നു. ഏറെ നാളത്തെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ രാഹുലും, രഞ്ജിത്തും മുത്തശ്ശി തുളസിയും ചേര്‍ന്ന് പുതിയ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങ് നടത്തി.

ഫിലോകാലിയ ട്രസ്റ്റ് ചെയര്‍മാന്‍ മാരിയോ ജോസഫ്, ട്രസ്റ്റ് ഫൗണ്ടര്‍ ജിജി മാരിയോ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. അനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ വീടിൻ്റെ ചടങ്ങ്. രാഹുലിന് സഹകരണ സംഘത്തില്‍ കണ്‍സ്യൂമര്‍ സ്റ്റോറില്‍ സര്‍ക്കാര്‍ ജോലി നൽകിയിരുന്നു.   മുത്തശ്ശി തുളസിയോടൊപ്പമാണ് രാഹുലും, രഞ്ജിത്തും ഫിലോകാലിയ ട്രസ്റ്റ് നിർമ്മിച്ച് നൽകിയ പുതിയ വീട്ടില്‍ താമസിക്കുന്നത്. അവകാശ തര്‍ക്കം നിലനിൽക്കുന്ന ഭൂമി ആയതിനാൽ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ഇരുവർക്കും ഇതുവരെ ലഭിച്ചിട്ടില്ല. ഭൂമിയുടെ അവകാശ തര്‍ക്കം നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സുരക്ഷിതമായ വീടെന്ന സ്വപനം ഇരുവർക്കും ലഭിച്ചപ്പോൾ തീരാ നഷ്‌ടമായ അച്ഛനും അമ്മയും കൂടെയുണ്ടെന്ന വിശ്വാസത്താലും, കരുത്താലും ഫിലോകാലിയ ട്രസ്റ്റിനും, ഭാരവാഹികൾക്കും നന്ദി പറഞ്ഞുകൊണ്ട് പുതിയയൊരു ജീവിതത്തിന് തുടക്കം കുറിക്കുകയാണ് ഉള്ളു നീറുന്ന ഓർമകളാൽ രാഹുലും രഞ്ജിത്തും.

x